മുംബൈ: മഹാരാഷ്ട്രയിൽ കുതിരക്കച്ചവടത്തിന്റെ വിഹിതം വീതിച്ചു നൽകാൻ തുടങ്ങി. ആദ്യപടിയായി മന്ത്രി സഭ ഉടൻ വികസിപ്പിക്കും. ഉദ്ധവ് താക്കറെ മന്ത്രി സഭയിൽ നിന്നും വിമത പക്ഷത്തെത്തിയ മുഴുവൻ പേർക്കും മന്ത്രി സ്ഥാനങ്ങൾ നൽകും. കൂടാതെ ഏക്നാഥ് ഷിൻഡെക്ക് ഒപ്പം നിന്ന 11സ്വതന്ത്ര എംഎൽഎ മാരിൽ നാല് പേർക്കും മന്ത്രിസ്ഥാനം ലഭിച്ചേക്കും. അവശേഷിക്കുന്നവർക്ക് മന്ത്രിമാരുടെ ആനുകൂല്യങ്ങളെല്ലാമുള്ള ഇഉതര പദവികളും വാഗ്ദാനം ചെയ്തിട്ടുണ്ട്.
106 എംഎൽഎമാരുള്ള ബിജെപി മന്ത്രിമാരുടെ എണ്ണം കുറയും. എന്നാൽ ഉപമുഖ്യമന്ത്രിക്കു പുറമേ, ആഭ്യന്തരം ഉൾപ്പെടെ പ്രധാന വകുപ്പുകൾ ആവശ്യപ്പെട്ടിട്ടുണ്ട്. മന്ത്രിസഭ സംബന്ധിച്ച് അന്തിമ ചർച്ചകൾക്കായി ബിജെപി കോർ കമ്മറ്റി യോഗം ചേർന്നു. കേന്ദ്രമന്ത്രി പീയുഷ് ഗോയൽ, സി ടി രവി എന്നിവർ യോഗത്തിൽ പങ്കെടുത്തു.
മന്ത്രിമാരുടെ എണ്ണം 43 വരെ ആകുമെന്നാണ് സൂചന. എന്നാൽ, നാല്പതിലധികം എംഎൽഎ മാർ ഷിൻഡേയ്ക്കൊപ്പം വിമത പക്ഷത്തുണ്ട്. ഇവരെയെല്ലാം എങ്ങനെ മന്ത്രിമാരാക്കുമെന്ന് അറിയില്ല. മിക്കവരും വകുപ്പില്ലാ മന്ത്രിമാരാകും. കൂറുമാറ്റത്തിനും പുതിയ മന്ത്രിസഭ ഉണ്ടാക്കുന്നതിനുമായി കോടികളാണ് ചെലവിടുന്നത്. ബിജെപി ദേശീയ നേതൃത്വം ഇതുവരെ 200 കോടി രൂപ ചെലവാക്കിയെന്നാണ് മാധ്യമ റിപ്പോർട്ടുകൾ.