ബ്രഹ്മദത്തൻ നമ്പൂതിരി പോലീസ് വിരട്ടിയപ്പോൾ ഷാജി ; കവടിയാർ കൊട്ടാരത്തിലെ തങ്കവി​ഗ്രഹം, സംസ്ഥാനത്ത് വീണ്ടും പുരാവസ്തു തട്ടിപ്പ്

തൃശ്ശൂർ: തിരുവിതാംകൂർ രാജകുടുംബത്തിന്റെ നൂറ്റാണ്ടുകൾ പഴക്കമുള്ള തങ്ക വിഗ്രഹമാണെന്ന് അവകാശപ്പെട്ട് വ്യാജ തങ്കവിഗ്രഹം വിൽപ്പന നടത്താൻ ശ്രമിച്ച സംഘം പിടിയിൽ.20 കോടിക്ക് വിഗ്രഹം വിൽക്കാനുള്ള ശ്രമത്തിനിടെയാണ് ഒരു സ്തീ ഉൾപ്പടെയുള്ള എഴംഗ സംഘത്തെ തൃശ്ശൂർ സിറ്റി ഷാഡോ പൊലീസും പാവറട്ടി പൊലീസും ചേർന്ന് പിടികൂടിയത്.

പാവറട്ടി പാടൂരിലെ ആഢംബര വീട് കേന്ദ്രീകരിച്ച്‌ 20 കോടി മൂല്യമുള്ള വിഗ്രഹം വിൽപ്പനയ്കുവെച്ചിട്ടുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. പാവറട്ടി പാടൂർ സ്വദേശി അബ്ദുൾ മജീദ്, തിരുവനന്തപുരം തിരുമല സ്വദേശി ഗീതാറാണി, പത്തനംതിട്ട സ്വദേശി ഷാജി, ആലപ്പുഴ കറ്റാനം സ്വദേശി ഉണ്ണികൃഷ്ണൻ, എളവള്ളി സ്വദേശി സുജിത് രാജ് , തൃശൂർ പടിഞ്ഞാറേകോട്ട സ്വദേശി ജിജു , പുള്ള് സ്വദേശി അനിൽകുമാർ എന്നിവരാണ് പിടിയിലായത്.

പതിനഞ്ച് കോടി രൂപ വിലപറഞ്ഞ വിഗ്രഹം പത്തുകോടി രൂപയ്ക് വാങ്ങാനെന്ന വ്യാജേന ഇടനിലക്കാർ മുഖാന്തരമാണ് പ്രതികളെ പൊലീസ് സമീപിച്ചത്.. തനി തങ്കത്തിൽ തീർത്ത വിഗ്രഹം നൂറ്റാണ്ടുകൾ മുമ്ബ് കവടിയാർ കൊട്ടാരത്തിൽ നിന്നും മോഷണം പോയതാണെന്നാണ് പ്രതികൾ പറഞ്ഞിരുന്നത്. വിഗ്രഹത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച്‌ കോടതിയിൽ കേസുകൾ ഉണ്ടായിരുന്നെന്നും, രണ്ടര കോടി രൂപ കോടതിയിൽ കെട്ടിവെച്ചതിനുശേഷം വിട്ടുകിട്ടിയ വിഗ്രഹമാണെന്നുമാണ് പ്രതികൾ ഇടപാടുകാരെ വിശ്വസിപ്പിച്ചിരുന്നത്.

ഇതിനായി റീജിയണൽ ഫോറൻസിക് ലബോറട്ടറിയുടെ വ്യാജ സീൽ പതിപ്പിച്ച ഫോറൻസിക് ലാബ് റിപ്പോർട്ട്, വിഗ്രഹത്തിൻറെ പഴക്കം നിർണ്ണയിക്കുന്ന ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ റിപ്പോർട്ട്,ബാധ്യത ഒഴിവാക്കിയുള്ള കോടതി ഉത്തരവ് എന്നിങ്ങനെ നിരവധി വ്യാജ സർട്ടിഫിക്കറ്റുകളും പ്രതികളുടെ കൈവശം ഉണ്ടായിരുന്നു.

വിഗ്രഹത്തിൻറെ പ്രധാന്യം വിവരിക്കാൻ പൂജാരിയെന്ന് പേരിലാണ് സംഘം മൂന്നാംപ്രതിയായ ഷാജിയെ സംഘം ഇടപാടുകാർക്ക് മുന്നിൽ അവതരിപ്പിച്ചിരുന്നത്. ബ്രഹ്മദത്തൻ നമ്പൂതിരി എന്നാണ് ഇയാൾ സ്വയം പരിചയപ്പെടുത്തിയിരുന്നത്. പൊല‍ീസിനോടും ആദ്യം ഇതേ പേരാവർത്തിച്ച ഇയാൾ പിന്നീട് ചോദ്യം ചെയ്യലിൽ ഷാജിയെന്നാണ് യഥാർത്ഥ പേരെന്ന് സമ്മതിച്ചു. മൂന്ന് ആഡംബര കാറുകളിലായിരുന്നു സംഘത്തിൻറെ സഞ്ചാരം. ഈ വാഹനങ്ങളും പൊലീസ് പിടിച്ചെടുത്തു. ഇയാൾക്കെതിരെ തൃശ്ശൂർ ടൗൺ വെസ്റ്റ് സ്റ്റേഷനിൽ പതിനെട്ട് ലക്ഷം രൂപയും സ്വർണവും തട്ടിയെടുത്തെന്ന പരാതിയിൽ കേസുണ്ട്. മറ്റൊരു പ്രതിയായ ഗീതാറാണിയക്കെതിരെയും കേരളത്തിലെ വിവിധ സ്റ്റേഷനുകളിൽ നിരവധി തട്ടിപ്പുകേസുകൾ നിലവിലുണ്ട്.

Related posts

Leave a Comment