ഷാജഹാനെ കൊലപ്പെടുത്തിയത് ബ്രാഞ്ച് സെക്രട്ടറിയായതിലുള്ള അതൃപ്തിയിലെന്ന് പോലീസ്; 4 പേർ അറസ്റ്റില്‍

പാലക്കാട്: മരുതറോഡ് സിപിഎം ബ്രാഞ്ച് സെക്രട്ടറി ഷാജഹാനെ കൊലപ്പെടുത്തിയ കേസിൽ 4 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. കൊലപാതകത്തിന് കാരണം പാർട്ടിയിൽ ഷാജഹാനുണ്ടായ വളർച്ചയിലെ അതൃപ്തിയാണെന്ന് പോലീസ് വിശദീകരിക്കുന്നു. അതേസമയം സിപിഎം തിരക്കഥക്കനുസരിച്ചാണ് പോലീസ് നീങ്ങുന്നത് എന്ന ആരോപണവും ശക്തമായി.ഷാജഹാൻ സിപിഎം ബ്രാഞ്ച് സെക്രട്ടറിയായതിലുള്ള അതൃപ്തിയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പാലക്കാട് എസ്.പി ആർ വിശ്വനാഥ് പറഞ്ഞു. പ്രതികൾക്ക് ഷാജഹാനോട് വ്യക്തി വൈര്യാഗം ഉണ്ടായിരുന്നു. പ്രതികളിലൊരാളായ നവീൻ രാഖി കെട്ടിയത് ഷാജഹാൻ ചോദ്യം ചെയ്തിരുന്നു. ഷാജഹാൻ രാഖി പൊട്ടിച്ചതും വിരോധം കൂട്ടി. എന്നാൽ രാഷ്ട്രീയ കൊലപാതകമാണോയെന്ന് ഉറപ്പിക്കാൻ ഫോൺ രേഖകൾ പരിശോധിക്കണമെന്നും പോലീസ് വിശദീകരിക്കുന്നു.നിലവിൽ നാല് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. നവീൻ, അനീഷ്, ശബരീഷ്, സുജീഷ് എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഇവർ നാല് പേരും നേരിട്ട് കൊലപാതകത്തിൽ പങ്കെടുത്തവരാണ്. നവീനെ പൊള്ളാച്ചിയിൽ നിന്നാണ് പിടിച്ചത്. ബാക്കി മൂന്നുപേരെ മലമ്പുഴ കവയിൽ നിന്നും പിടികൂടി.
അതിനിടെ കൊലയ്ക്ക് ശേഷം പ്രതികൾ ചന്ദ്ര നഗറിലെ ബാറിൽ എത്തിയതിന്‍റെ സിസി ടി.വി ദൃശ്യങ്ങൾ പുറത്ത് വന്നു. ഇവിടെ നിന്ന് മദ്യപിച്ച ശേഷം ഇറങ്ങുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.

Related posts

Leave a Comment