വിദ്യാഭ്യാസ യോ​ഗ്യതയിൽ പിഴവ് പറ്റിയെന്ന് തുറന്ന് സമ്മതിച്ച് ഷാഹിദാ കമാൽ

തിരുവനന്തപുരം : തൻറെ വിദ്യാഭ്യാസ യോഗ്യതയിൽ തെറ്റുണ്ടെന്ന് സമ്മതിച്ച് ഷാഹിദാ കമാൽ. ബിരുദം നേടിയത് കേരള സർവകലാശാലയിൽ നിന്നല്ലെന്നും അണ്ണാമലൈയിൽ നിന്നാണെന്നും തിരുത്തി. തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിലും പിഴവ് പറ്റിയെന്ന് ഷാഹിദ കമാൽ ലോകായുക്തയ്ക്ക് നൽകിയ മറുപടിയിൽ പറയുന്നു. കസാഖിസ്ഥാൻ സർവകലാശാലയിൽ നിന്നാണ് ഡോക്ടറേറ്റ് നേടിയതെന്നാണ് ഷാഹിദ കമാൽ ഇപ്പോൾ പറയുന്നത്. വിയറ്റ്നാം സർവകലാശാലയിൽനിന്ന് ഡോക്ടറേറ്റ് എന്നായിരുന്നു മുൻനിലപാട്.
‘സാമൂഹിക പ്രതിബദ്ധതയും സ്ത്രീശാക്തീകരണവും’ എന്ന വിഷയത്തിൽ പിഎച്ച്ഡി കിട്ടിയെന്ന് അവകാശപ്പെട്ട് 2018 ജൂലൈ 30ന് ഷാഹിദ ഫെയ്സ്ബു‍ക് പോസ്റ്റിട്ടിരുന്നു. വിദ്യാഭ്യാസ യോഗ്യതയുടെ പേരിൽ വിവാദമുയർന്നപ്പോൾ, ‍ഫെ‍യ്സ്ബുക്കിലൂടെ വിശദീകരണവുമായി എത്തിയ ഷാഹിദ, തനിക്ക് ഇന്റർനാഷനൽ ഓ‍പ്പൺ യൂണിവേഴ്സിറ്റിയിൽനിന്നു ഡി–ലിറ്റ് ലഭിച്ചതായും വെളിപ്പെടുത്തിയിരുന്നു.
തൃക്കാക്കര സ്വദേശി എസ്.ദേവരാജന് സാമൂഹികനീതി വകുപ്പിൽനിന്ന് വിവരാവകാശ നിയമപ്രകാരം വിയറ്റ്നാം സർവകലാശാലയിൽ നിന്നു പിഎച്ച്ഡി ലഭിച്ചെന്ന വിവരം പുറത്തുവന്നതോടെ, ഷാഹിദ‍യ്ക്ക് എത്ര പിഎച്ച്ഡി ബിരുദവും എത്ര ഡി–ലിറ്റ് ബിരുദവും ലഭിച്ചിട്ടുണ്ടെന്ന ചോദ്യവും ഉയർന്നു
തിരുവനന്തപുരം വട്ടപ്പാറ സ്വദേശിനി ചാനൽ ചർച്ച‍യ്ക്കിടെയാണ് ഷാഹിദ‍യുടെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച് ആരോപണം ആദ്യം ഉന്നയിച്ചത്. ഷാഹിദ കമാൽ ബികോം വരെ മാത്രമാണു പഠിച്ചതെന്നും അവസാന വർഷ പരീക്ഷ പാ‍സായിട്ടില്ലെന്നും ഡോക്ടറേറ്റ് ഇല്ലെന്നുമാണു തിരുവനന്തപുരം വട്ടപ്പാറ സ്വദേശിനി ചാനൽ ചർച്ചയിൽ ആരോപിച്ചത്
വിദൂരവിദ്യാഭ്യാസ കോഴ്സിലൂടെ ബികോമും പിന്നീട് പബ്ലിക് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തരബിരുദവും പാ‍സായെന്നും ഇന്റർനാഷനൽ ഓ‍പ്പൺ യൂണിവേഴ്സിറ്റിയിൽനിന്നു ഡി–ലിറ്റ് ലഭിച്ചെ‍ന്നുമാണ് ആരോപണങ്ങളോട് ഷാഹിദ നേരത്തെ പ്രതികരിച്ചത്. പ്രബന്ധം സമർപ്പി‍ച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് ‘എല്ലാം അന്വേഷണ ഉദ്യോഗസ്ഥരോടു പറയാം’ എന്നായിരുന്നു നേരത്തെ നൽകിയിരുന്ന മറുപടി.

Related posts

Leave a Comment