ഷാഹിദാ കമാലിന്റെ ഡോക്ടറേറ്റ്; പരാതിയിൽ പൊലീസ് കേസെടുക്കും

തിരുവനന്തപുരം: വനിതാ കമ്മീഷനംഗം ഷാഹിദാ കമാലിന്റെ ഡോക്ടറേറ്റ് സംബന്ധിച്ചുയർന്ന പരാതിയിൽ പൊലീസ് കേസെടുക്കും. ഷാഹിദയുടെ വിദ്യാഭ്യാസ യോഗ്യതയിൽ അന്വേഷണം ആവശ്യപ്പെട്ട് ഗവർണർക്ക് പരാതി ലഭിക്കുകയും
തിരുവനന്തപുരം സ്വദേശിനി പൊലീസിൽ പരാതി നൽകുകയും ചെയ്ത പശ്ചാത്തലത്തിലാണ് കേസെടുക്കാൻ തീരുമാനം. ഇതുസംബന്ധിച്ച്  പുതിയ ഡിജിപി അനിൽകാന്ത് നിർദ്ദേശം നൽകിയതായാണ് സൂചന.
ഷാഹിദാ കമാൽ ബികോം മൂന്നാം വർഷ പരീക്ഷ പോലും പാസായിട്ടില്ലെന്നാണ് ഗവർണർക്കും പൊലീസിനും ലഭിച്ചിട്ടുള്ള പരാതിയിൽ ചൂണ്ടിക്കാണിക്കപ്പെടുന്നത്. പ്ലസ് ടു മാത്രമാണുള്ളത്. രേഖകൾ പ്രകാരം 1987-90 കാലഘട്ടത്തിലാണ് കേരള സർവ്വകലാശാലയ്ക് കീഴിലെ അഞ്ചൽ സെൻ്റ് ജോൺസ് കോളേജിൽ ഷാഹിദാ കമാൽ പഠിച്ചത്. എന്നാൽ ബികോം പൂർത്തിയാക്കിയിട്ടില്ല. എന്നാൽ തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ രേഖകൾ പ്രകാരം ഇവർ വിദ്യാഭ്യാസയോഗ്യതയായി ബികോം, പി.ജി.ഡി.സി.എ എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ബിരുദം നേടാത്ത ഒരാൾക്ക് പി.ജി പാസാവാൻ സാധിക്കില്ല.  അതിനാൽ ആ വാദവും തെറ്റാണ്. തോറ്റ ബികോം ഇവർ എന്നു പാസായി. പിന്നെ എപ്പോൾ പി.ജി.യും പി.എച്ച്.ഡിയും എടുത്തുവെന്നൊന്നും വ്യക്തവുമല്ല, എന്നാൽ, ഡോ. ഷാഹിദ കമാൽ എന്നാണ് വനിതാ കമ്മീഷൻ വെബ്സൈറ്റിൽ അംഗത്തിന്‍റെ ഫോട്ടോയ്ക്ക് താഴെ ചേര്‍ത്തിട്ടുള്ളതെന്നും പരാതിയിൽ പറയുന്നു.
അതേസമയം, വനിതാ കമ്മീഷൻ അധ്യക്ഷ ജോസഫൈന്റെ രാജിക്ക് ഇടയാക്കിയ സംഭവങ്ങൾക്ക് പിന്നാലെ
തനിക്ക് ഇൻറർനാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റിയിൽ നിന്നാണ് ഡോക്‌ടറേറ്റ് കിട്ടിയതെന്ന ഷാഹിദയുടെ വാദം പൊളിക്കുന്ന വിവരാവകാശ രേഖകൾ പുറത്തുവന്നത് സിപിഎമ്മിനും സർക്കാരിനും തലവേദനയായി. സാമൂഹ്യനീതി വകുപ്പ് വിവരാവകാശ നിയമ പ്രകാരം കൊച്ചി സ്വദേശി ദേവരാജന് നൽകിയ മറുപടിയിൽ യൂണിവേഴ്‌സിറ്റി ഓഫ് വിയറ്റ്നാം എന്ന സർവകലാശാലയിൽ നിന്നാണ് ഷാഹിദയ്ക്ക് ഡോക്‌ടറേറ്റ് കിട്ടിയിരിക്കുന്നതെന്നാണ് പറയുന്നത്.
2018 ജൂലായ് 30നുളള ഫേസ്ബുക്ക് കുറിപ്പനുസരിച്ചാണെങ്കിൽ സാമൂഹ്യ പ്രതിബന്ധതയും,സ്ത്രീ ശാക്തീകരണവും എന്ന വിഷയത്തിൽ തനിക്ക് പി എച്ച്‌ ഡി ലഭിച്ചെന്നാണ് ഷാഹിദയുടെ അവകാശവാദം. ഇവിടെയും ഏത് സർവകലാശാലയിൽ നിന്നാണ് പി എച്ച്‌ ഡിയെന്ന് പറഞ്ഞിട്ടില്ല. ഇതേ പി.എച്ച്‌.ഡിയാണ് വിവാദമുയർന്നപ്പോൾ ഡിലിറ്റാണെന്ന് ഷാഹിദ തിരുത്തി പറഞ്ഞത്. 2017ൽ വനിതാ കമ്മിഷനിൽ നൽകിയ ബയോഡേറ്റയിൽ ബികോമാണ് വിദ്യാഭ്യാസ യോഗ്യതയായി ഷാഹിദ രേഖപ്പെടുത്തിയിരിക്കുന്നത്. അഞ്ചൽ സെൻറ് ജോൺസ് കോളേജിൽ വച്ച്‌ ബിരുദം പൂർത്തിയാക്കിയില്ലെന്ന് സമ്മതിച്ചിട്ടുളള ഷാഹിദ ഈ ബികോം ഏത് സർവകലാശാലയിൽ നിന്ന് നേടിയതാണെന്നും വ്യക്തമാക്കിയിട്ടില്ല. വിവാദം ചൂടുപിടിച്ചി‌ട്ടും ഇതേക്കുറിച്ച് പ്രതികരിക്കാൻ മുഖ്യമന്ത്രിയോ സിപിഎം നേതാക്കളോ തയാറായിട്ടില്ലെന്നതാണ് ശ്രദ്ധേയം

Related posts

Leave a Comment