‘ ക്വിറ്റ് ഇന്ത്യ ; സമരാവർത്തനങ്ങൾ അനിവാര്യമാണ് ‘ ; ഷാഫി പറമ്പിൽ എം എൽ എയുടെ ലേഖനം വായിക്കാം

രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനും സാംസ്കാരിക മൂല്യങ്ങൾക്കും ജീവിതം ത്യജിക്കുകയും പോരാട്ടം നടത്തുകയും ചെയ്തവരെ ഫലകങ്ങളിൽ നിന്നും അടയാളങ്ങളിൽ നിന്നും അടർത്തിമാറ്റാനും വിസ്മരിക്കാനും ശ്രമിക്കുന്ന ഭരണകൂടം ഇന്ത്യ ഭരിക്കുമ്പോൾ ക്വിറ്റ് ഇന്ത്യാ ദിനത്തിന്റെ സ്മരണ പോലും ഒരു രാഷ്ട്രീയ പോരാട്ടത്തിന്റെ ഭാഗമാണെന്ന് നിസംശയം പറയാവുന്നതാണ്.

ക്രിപ്സ്‌ ദൗത്യത്തിന്റെ പരാജയത്തിനു ശേഷം ബ്രിട്ടീഷ്‌ ഭരണത്തിനെതിരെയുള്ള തന്റെ മൂന്നാമത്തെ സമരം ആരംഭിക്കാന്‍ ഗാന്ധിജി തീരുമാനിച്ചു. ഈ സമരമാണ് “ക്വിറ്റ്‌ ഇന്ത്യാ പ്രസ്ഥാനം എന്ന പേരില്‍ അറിയപ്പെട്ടത്. 1942ൽ നിന്നും 2021 ലേക്കുള്ള വഴി ദൂരത്തിൽ തിരുത്തപ്പെട്ടതും വിസ്മരിക്കപ്പെട്ടതുമായ ചരിത്രത്തെ പുനർവായിക്കുമ്പോൾ അതിശയയോക്തിയോടെ മാത്രമോ ഒരു ഇന്ത്യൻ പൗരന് കാണുവാനാകൂ.

1942 ൽ ഒറ്റുകാരായിരുന്നവർ അധികാരത്തിന്റെ ദണ്ഡുപയോഗിച്ച് അന്ന് രക്തം ചിന്തിയവരെ ഇന്ന് രാജ്യ ദ്രോഹികളായി മുദ്ര കുത്തുന്ന കാഴ്ചകളാണ് നാം കാണുന്നത്.

ഞങ്ങളുടെ വിളകൾക്ക് വില ലഭിക്കുന്നില്ല എന്ന് പറയുന്ന കർഷകനെ, ഇന്ധന വില താങ്ങാനാവുന്നില്ല എന്ന് പറയുന്ന തൊഴിലാളിയെ രാജ്യ ദ്രോഹിയെന്ന് വിളിച്ചാക്ഷേപിക്കുമ്പോൾ കോളോണിയൽ ഇന്ത്യയിൽ ബ്രിട്ടീഷുകാര്‍ വിളിച്ച അതേ വാക്യവും അതേ നിയമവുമാണ് ഇന്ത്യൻ ഭരണകൂടം നടപ്പാക്കുന്നത്. ബ്രിട്ടീഷുകാർ ക്രമപ്രകാരവും, സമയോചിതവുമായി ഇന്ത്യ വിടണമെന്ന്‌ ഗാന്ധിജി ആവശ്യപ്പെട്ടു, ഈ ആശയം കോണ്‍ഗ്രസ്സ്‌ അംഗീകരിച്ചു. 1942 ആഗസ്റ്റ്‌ 8 ന്‌ ബോബെയില്‍ ചേര്‍ന്ന കോണ്‍ഗ്രസ്സ്‌ സമ്മേളനത്തിലാണ് ബ്രിട്ടീഷുകാരോട്‌ ഉടനെ ഇന്ത്യ വിട്ടുപോകാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള ഒരു പ്രമേയം പാസ്സാക്കുന്നത്. ഇന്ത്യാക്കാര്‍ക്ക്‌ അധികാരം കൈമാറി ഇന്ത്യ വിട്ടുപോകാന്‍ ബ്രിട്ടിഷുകാരെ പ്രേരിപ്പിക്കുന്നതിനായി ഗാന്ധിജിയുടെ നേതൃത്വത്തില്‍ ഒരു ജനകീയ സമരം ആരംഭിക്കുമെന്ന്‌ പ്രമേയം വ്യക്തമാക്കി. ഈ പ്രമേയം “ക്വിറ്റ്‌ ഇന്ത്യ പ്രമേയം’ എന്ന പേരില്‍ അറിയപ്പെട്ടു. “പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക” എന്ന മന്ത്രവുമായി എല്ലാവരും സമരരംഗത്തിറങ്ങാന്‍ ഗാന്ധിജി ആഹ്വാനം ചെയ്തു.

ത്യാഗോജ്ജ്വല പോരാട്ടങ്ങളുടെ ഐതിഹാസിക സമരം അതിന്റെ ഓർമകളും പേറി എൺപതാം വർഷത്തിലേക്ക് കടക്കുകയാണ്. സ്വാതന്ത്ര്യ സമര ഓർമകളിരമ്പുന്ന ക്വിറ്റ് ഇന്ത്യ സമര ദിനമാണ് യൂത്ത് കോൺഗ്രസിന്റെ തുടക്കം.1960 ൽ തുടക്കം കുറിച്ച യൂത്ത് കോൺഗ്രസ് ആറു പതിറ്റാണ്ടിന്റെ ചെറുപ്പവുമായി ഇപ്പോഴും രാജ്യമൊട്ടുക്കും ജീവസന്ധാരണത്തിനായ് കഷ്ടപ്പെടുന്ന മനുഷ്യർക്കിടയിൽ സജീവതയോടെ നിലനിൽക്കുന്നു.

നാരായൺ ദത്ത് തിവാരി 1969-ൽ ഉയർത്തിയ കൊടി ഇന്ന് രാജ്യത്തുയർത്തിപ്പിടിക്കുന്നത് ഇന്ന് ബി വി ശ്രീനിവാസാണ്. ജീവവായു ലഭിക്കാതെ നിലവിളിച്ച മനുഷ്യർ ആദ്യമോർത്തതും വിളിച്ചതും ബി.വി ശ്രീനിവാസിനെയായിരുന്നുവെന്നത് യാദൃശ്ചികതയല്ല. 1942ൽ സ്വാതന്ത്ര്യത്തിന്റെ വായുവിനും ആകാശത്തിനുമായ് ആഗ്രഹിച്ചവരും അന്ന് തേടിയ പ്രസ്ഥാനത്തിന്റെ പിന്തുടർച്ച ബി വി ശ്രീനിവാസിലും യൂത്ത് കോൺഗ്രസിലും കെടാതെ കത്തുന്നുവെന്നതാണ് അതിന്റെ പ്രത്യേകത.

മതേതര-ജനാധിപത്യ കാഴ്ചപ്പാടുകളിൽ ഊന്നിയ രാഷ്ട്രീയവീക്ഷണം ഇന്ത്യയുടെ ആത്മാവിനോട് യൂത്ത്കോൺഗ്രസ് പ്രസ്ഥാനത്തെ ചേർത്തു നിർത്തുന്നു.

ബ്രിട്ടീഷുകാര്‍ ഇന്ത്യവിടുക എന്ന മുദ്രാവാക്യം ഇന്ന് ഫാഷിസ്റ്റുകളെ അധികാരത്തിൽ നിന്നകറ്റുക എന്ന പ്രത്യയ ശാസ്ത്ര വിചാരത്തിലേക്ക് ഇന്ത്യൻ ജനങ്ങളെത്തി നിൽക്കുമ്പോഴാണ് യൂത്ത് കോൺഗ്രസടക്കമുള്ള മതേതര ജനാധിപത്യ ചേരിയുടെ പ്രസക്തി വിളിച്ചോതുന്നത്.

1942 ജൂലൈ ആറു മുതല്‍ 14 വരെ വാര്‍ധയില്‍ നടന്ന ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തക സമിതി ഇതു സംബന്ധിച്ച് ഒരു പ്രമേയം പാസാക്കിയത് ,വൈദേശിക ആധിപത്യം അവസാനിപ്പിക്കണം. ഇതിനു വേണ്ടി മാത്രമല്ല ഇന്ത്യയുടെ രക്ഷയ്ക്കും ലോക നന്മയ്ക്കും വേണ്ടി ബ്രിട്ടീഷുകാര്‍ ഇന്ത്യ വിടണം. ഇന്ത്യയ്ക്കു സ്വാതന്ത്ര്യം നല്‍കാമെന്ന് ബ്രിട്ടന്‍ പ്രഖ്യാപിക്കണം. ഇല്ലെങ്കില്‍ അക്രമ രഹിത ബഹുജനസമരം ആരംഭിക്കുമെന്ന് ഈ പ്രമേയത്തിലൂടെ മുന്നറിയിപ്പു നല്‍കി. ഈ പ്രമേയത്തിന് ശേഷം ഒട്ടേറെ സ്വാതന്ത്ര്യസമരസേനാനികൾ വധിക്കപ്പെടുകയും തടവറയിലാകുകയും ചെയ്തു.നിരവധി രക്തസാക്ഷികള്‍ സ്വജീവന്‍ ദാനം ചെയ്ത് നേടിതന്ന സ്വാതന്ത്ര്യമാണ് നമ്മള്‍ ഇപ്പോള്‍ അനുഭവിക്കുന്നത്. ക്വിറ്റ് ഇന്ത്യാ സമരത്തിലൂടെ കൈവന്ന സമരജ്വാല പിന്നീട് ഇന്ത്യയുടെ സ്വാതന്ത്ര്യത്തിലേക്ക് വഴി വെയ്ക്കുകയായിരുന്നു.

ഒരുകാലത്ത് ഇന്ത്യൻ ജനതയെ സ്വാതന്ത്രവും ആത്മാഭിമാനവും നിഷേധിച്ച് സ്വേഛാധിപത്യം നടത്തിയ ബ്രട്ടീഷുകാരെ കെട്ടുകെട്ടിക്കാനാണ് ക്വിറ്റ് ഇന്ത്യ വിളിച്ചതെങ്കിൽ ഇന്ന് ഇന്ത്യയുടെ ഹൃദയം തന്നെ കാർന്നു തിന്നുകൊണ്ടിരിക്കുന്ന വർഗീയതക്കും വർഗീയ ശക്തികൾക്കുമെതിരെയാണ് ക്വിറ്റ് ഇന്ത്യ മുഴക്കേണ്ടതെന്ന ഉത്തമബോധ്യം യൂത്ത് കോൺഗ്രസിനുണ്ട്. രാജ്യത്തിന്റെ പാരമ്പര്യത്തിനും ഐക്യത്തിനും അഖണ്ഡതയ്ക്കും വിരുദ്ധമായി മുന്നോട്ടുപോകുന്ന സംഘപരിവാർ ഭരണകൂടത്തിനെതിരെ രാജ്യത്തിന്റെ തെരുവീഥികളിൽ കോൺഗ്രസ് സന്ധിയില്ലാത്ത സമര പോരാട്ടങ്ങൾക്ക് നേതൃത്വം നൽകുകയാണ്. കോർപ്പറേറ്റ് ശക്തികളും പ്രമുഖ ദേശീയ മാധ്യമങ്ങളും ഭരണകൂടത്തിന്റെ താൽപര്യങ്ങൾക്ക് അനുസൃതമായി പ്രവർത്തിക്കുമ്പോൾ രാജ്യത്തിന്റെ വിവിധ കോണുകളിൽ ബുദ്ധിമുട്ടനുഭവിക്കുന്ന ജനതയെ കൈപിടിച്ച് ഉയർത്തേണ്ട ഉത്തരവാദിത്വം യൂത്ത് കോൺഗ്രസ് പ്രസ്ഥാനത്തിനുണ്ട്.

അധികാര വർഗ്ഗത്തിന്റെ തെറ്റായ നയങ്ങൾക്കെതിരെ സമരങ്ങൾ നയികുന്നതിനൊപ്പം ജനങ്ങൾക്കൊപ്പം ചേർന്നുകൊണ്ട് ജനോപകാരമായ പുതിയ പദ്ധതികൾ ആവിഷ്കരിക്കുന്നതിനും യൂത്ത് കോൺഗ്രസ് എപ്പോഴും ശ്രദ്ധ നൽകാറുണ്ട്.വിവിധ സംസ്ഥാനങ്ങളിൽ പ്രളയം ഉണ്ടായപ്പോഴും രാജ്യത്തൊട്ടാകെ കോവിഡ് രൂക്ഷമായ സാഹചര്യത്തിലും സന്നദ്ധ പ്രവർത്തനരംഗത്ത് യൂത്ത് കോൺഗ്രസ് സജീവമായിരുന്നു. ഏതു വിഷമ ഘട്ടത്തിലും ഏതൊരാൾക്കും വിളിപ്പുറത്ത് യൂത്ത് കോൺഗ്രസ് വോളണ്ടിയർമാർ ഉണ്ടായിരുന്നു. അഖിലേന്ത്യ കമ്മിറ്റി ഓഫീസ് മുതൽ പ്രാദേശിക കമ്മിറ്റി ഓഫീസുകൾ വരെ ദുരന്ത മുഖങ്ങളിൽ കൺട്രോൾ റൂം പോലെ പ്രവർത്തിച്ചു. രാജ്യത്തിന്റെ ഓക്സിജൻ മാൻ എന്ന് അഖിലേന്ത്യാ പ്രസിഡന്റ് ബി വി ശ്രീനിവാസിനെ മാധ്യമങ്ങൾ പോലും വിശേഷിപ്പിച്ചതും വിദേശ എംബസി പോലും സഹായമഭ്യർത്ഥിച്ചതും ഏറെ അഭിമാനം നൽകിയ സന്ദർഭങ്ങളാണ്.സംസ്ഥാനത്തും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ എണ്ണയിട്ട യന്ത്രം പോലെ യൂത്ത് കോൺഗ്രസ് സന്നദ്ധ സേവന പ്രവർത്തനരംഗത്തുണ്ട്. അതോടൊപ്പം ഈ സാഹചര്യത്തിലും ജനങ്ങളെ കൊള്ളയടിക്കുന്ന കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകൾക്കെതിരെയുള്ള സമരമുഖങ്ങളിലും ഈ നാട്ടിലെ യുവതയുടെ ശബ്ദമായി യൂത്ത് കോൺഗ്രസുണ്ട്.ക്വിറ്റിന്ത്യാ സമരം ഉൾപ്പെടെയുള്ള ഐതിഹാസിക സമരങ്ങളുടെ പ്രാധാന്യം ഈ കാലത്ത് ഏറെയാണ്. ഭരണകൂട നെറികേടുകൾക്കെതിരെ ഇനിയും അത്തരം സമരാവർത്തനങ്ങൾ അനിവാര്യമാണ്..ആ അനിവാര്യമായ പോരാട്ടങ്ങളിൽ മുന്നണി പോരാളികളായി യൂത്ത് കോൺഗ്രസ് മുന്നിലുണ്ടാകും…

Related posts

Leave a Comment