ശബരിമല മേല്‍ശാന്തി നിയമനം; സ്റ്റേ തള്ളി ഹൈക്കോടതി

കൊച്ചി: ശബരിമല, മാളികപ്പുറം മേൽശാന്തിമാരായി നിയമിക്കുന്നതിന് മലയാള ബ്രാഹ്മണരിൽനിന്നു മാത്രം അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള തിരുവിതാംകൂർ ദേവസ്വം ബോർഡ് വിജ്ഞാപനം സ്റ്റേ ചെയ്യാൻ ഹൈക്കോടതി വിസമ്മതിച്ചു. ഇക്കാര്യത്തിൽ ദേവസ്വം ബോർഡ് അടുത്ത മാസം പന്ത്രണ്ടിന് ഉളളിൽ സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി നിർദേശിച്ചു.

ഹർജിയിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാനാവില്ലെന്ന് ജസ്റ്റിസുമാരായ സിടി രവികുമാർ, മുരളീ പുരുഷോത്തമൻ എന്നിവർ അടങ്ങിയ ബെഞ്ച് പറഞ്ഞു. വിശദമായി പരിശോധിക്കേണ്ട കാര്യമാണ്. കേസിന്റെ മെരിറ്റിലേക്കു കടന്ന് ഈ ഘട്ടത്തിൽ ഒന്നും പറയാനാവില്ല. ധൃതി പിടിച്ച്‌ തീരുമാനമെടുക്കാവുന്ന കാര്യമല്ല ഇതെന്ന് ബെഞ്ച് അഭിപ്രായപ്പെട്ടു.
തിരുവിതാംകൂർ ദേവസ്വം ബോർഡ് മറ്റ് കക്ഷികളും എതിർ സത്യവാങ്മൂലം സമർപ്പിക്കാൻ നിർദേശിച്ച കോടതി കേസ് ഓഗസ്റ്റ് 13ലേക്കു മാറ്റി. ദേവസ്വം ബോർഡ് വിജ്ഞാപനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സിവി വിഷ്ണുനാരായണൻ, ടിഎൽ സിജിത്ത് എന്നിവർ നൽകിയ ഹർജിയിലാണ് നടപടി.അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ജൂലൈ 17ന് അവസാനിച്ചതായും നടപടികൾ സ്റ്റേ ചെയ്തില്ലെങ്കിൽ ഹർജി കാലഹരണപ്പെടുമെന്നും ഹർജിക്കാരുടെ അഭിഭാഷകൻ പറഞ്ഞു. എന്നാൽ കോടതി ഇത് അനുവദിച്ചില്ല.

Related posts

Leave a Comment