ഗാന്ധി സ്മൃതി യാത്രക്കെതിരെ എസ്എഫ്ഐ പ്രവർത്തകരുടെ അതിക്രമം ; കബീർ മാസ്റ്റർ ഉൾപ്പെടെയുള്ളവരെ തള്ളി വീഴ്ത്തി

തിരുവനന്തപുരം : കെപിസിസി ഗാന്ധി ദർശൻ സമിതിയുടെ ഗാന്ധി സ്മൃതി യാത്രക്കെതിരെ  എസ്എഫ്ഐ പ്രവർത്തകരുടെ അതിക്രമം. തിരുവനന്തപുരത്ത് യൂണിവേഴ്സിറ്റി കോളേജിന് മുന്നിലാണ് സംഭവം. തുടർന്ന് കോളേജിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച ഗാന്ധിദർശൻ സമിതി പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. സംസ്ഥാനത്തിൻറെ മുഖ്യമന്ത്രി പോലും ആദരിക്കുന്ന കബീർ മാസ്റ്റർ ഉൾപ്പെടെയുള്ളവരെ തള്ളിവീഴ്ത്തിയ എസ്എഫ്ഐ നടപടി അപമാനകരമാണെന്ന് പ്രവർത്തകർ ചൂണ്ടിക്കാട്ടി. അതിക്രമം നടക്കുമ്പോൾ എസ്എഫ്ഐയെ തടയാൻ പൊലീസ് തയാറായില്ലെന്നും ആക്ഷേപമുണ്ട്.

ഗാന്ധി സ്മൃതി യാത്രയുടെ ഭാഗമായി ഗാന്ധിജി സന്ദർശിച്ച സ്ഥലങ്ങളിൽ എത്തുകയും സ്മരണ പുതുക്കുകയും ചെയ്തിരുന്നു. ഇതിൻറെ ഭാഗമായാണ് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ ഗാന്ധി ദർശൻ പ്രവർത്തകരെത്തിയത്. ഗാന്ധിജി നട്ടുവളർത്തിയ മരച്ചുവട്ടിൽ പുഷ്പാർച്ചന നടത്താൻ കോളേജ് അധികൃതരുടെ അനുമതി വാങ്ങിയിരുന്നു. എന്നാൽ കോളേജ് ക്യാമ്പസിനകത്തേക്ക് കടക്കാൻ അനുവദിക്കാതെ എസ്എഫ്ഐ പ്രവർത്തകർ തടയുകയായിരുന്നു. ഗാന്ധിദർശൻ പ്രവർത്തകർക്കെതിരെ ബലപ്രയോഗം നടത്തിയ എസ്എഫ്ഐക്കാർ വിസി കബീർ മാസ്റ്റർ ഉൾപ്പെടെയുള്ളവരെ തള്ളിവീഴ്ത്തുകയും ചെയ്തു. അക്രമം നടക്കുമ്പോഴെല്ലാം പൊലീസ് നോക്കുകുത്തിയായി നിൽക്കുകയായിരുന്നുവെന്ന് ഗാന്ധി ദർശൻ പ്രവർത്തകർ ആരോപിച്ചു.

അതേസമയം സമാധാനപരമായ ഒരു പ്രവൃത്തിക്ക് നേരെ ഉണ്ടായ അതിക്രമം അംഗീകരിക്കാനാവുന്നതല്ലെന്ന് ഗാന്ധിദർശൻ സമിതി സംസ്ഥാന അധ്യക്ഷൻ വിസി കബീർ മാസ്റ്റർ മാധ്യമങ്ങളോട് പറഞ്ഞു. എസ്എഫ്ഐ അതിക്രമത്തെ തടയാതെ സമാധാനപരമായി പ്രതിഷേധിച്ച തങ്ങളെ അറസ്റ്റ് ചെയ്യുകയാണ് പൊലീസ് ചെയ്തത്. ഇത് ഫാസിസ്റ്റ് നടപടിയാണെന്നും പൊലീസിനും ഭരണകൂടത്തിനുമെല്ലാം അപമാനകരമായ പ്രവൃത്തിയാണെന്നും ഗാന്ധി ദർശൻ പ്രവർത്തകർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Related posts

Leave a Comment