‘മൂത്രമൊഴിക്കാൻ പോലും അനുവാദം വാങ്ങണമെന്ന നിർദ്ദേശമുണ്ടായിട്ടുണ്ട് ‘ ; യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ ക്കെതിരെ പെൺകുട്ടി രംഗത്ത്

തിരുവനന്തപുരം : യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐയുടെ ഏകാധിപത്യ ജനാധിപത്യ വിരുദ്ധ പ്രവർത്തനങ്ങൾ വീണ്ടും ചർച്ചയാവുകയാണ്. കോളേജിൽ നിലനിൽക്കുന്ന ഫാസിസ്റ്റ് സമീപനങ്ങൾക്കെതിരെ ഒട്ടേറെ പേരാണ് പ്രതികരണങ്ങളുമായി മുന്നോട്ട് വന്നിട്ടുള്ളത്. കെഎസ്‌യു ഉൾപ്പെടെയുള്ള ഇതര വിദ്യാർത്ഥി സംഘടനകളുടെ പ്രവർത്തന സ്വാതന്ത്ര്യം നിഷേധിച്ചുകൊണ്ടാണ് നിധി കാക്കുന്ന ഭൂതം അതേപോലെ എസ്എഫ്ഐ അവിടെ പ്രവർത്തിക്കുന്നത്. യൂണിവേഴ്സിറ്റി കോളേജിൽ വിദ്യാർത്ഥി കൂടിയായ പെൺകുട്ടിയുടെ ഫേസ്ബുക്ക് കുറിപ്പ്‌ അവിടുത്തെ എസ്എഫ്ഐയുടെ ജനാധിപത്യ വിരുദ്ധ സമീപനങ്ങൾ തുറന്നുകാട്ടുന്നതാണ്.

ഫേസ്ബുക്ക് കുറിപ്പ് വായിക്കാം

മാസങ്ങൾക്ക് മുമ്പ് പോസ്റ്റ് ചെയ്ത ഈ എഴുത്ത് പലരുടേയും ആവശ്യപ്രകാരം മറച്ചുവച്ചതാണ്. എന്നാൽ എൻ്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ഞാനിത് പോസ്റ്റ് ചെയ്തിരുന്നു. ഇന്ന് പരീക്ഷകഴിഞ്ഞിറങ്ങവെ എൻ്റെ പോസ്റ്റിൽ കമൻ്റ് ചെയ്തതിൻ്റെ പേരിൽ സഹപാഠികളെ ഭീഷണിപ്പെടുത്തുകയുണ്ടായി.
എല്ലാവിധ അപകടസാധ്യതകളും നിലനിൽക്കെ തന്നെ കൂടുതൽ പേരുടെ അറിവിലേക്കായി ഞാൻ എഴുത്ത് വീണ്ടും പോസ്റ്റ് ചെയ്യുകയാണ് ,

ഞാൻ പഠിക്കുന്ന കോളേജിലെ സവിശേഷമായ ചില വിശേഷങ്ങൾ വർണിക്കാതെ എനിക്ക് ഇരിക്കപ്പൊറുതി കിട്ടണില്ല.
“ഇത് എസുഹൃത്തുക്കളേൻ്റെ സംഘടനയല്ല, എൻ്റെ ഇങ്ങനല്ല ” എന്ന പതിവ് ശ്രുതിപാടൽ അവസാനിപ്പിക്കുകയാണ്.
ക്യാമ്പസിനുള്ളിലെ രണ്ട് വർഷത്തെ പഠനകാലം മാനസികപിരിമുറുക്കങ്ങൾ മാത്രമേ സമ്മാനിച്ചിട്ടുള്ളൂ, ഈ ക്യാമ്പസ് തിരഞ്ഞെടുത്തതിന് എത്രയോ തവണ സ്വയം ചോദ്യംചെയ്തിരിക്കുന്നു.
ഇനിയും പറയാതെ വയ്യ:

തിരുവനന്തപുരം പോലെ ഇത്രയേറെ ചരിത്രവും, കലാ-സാംസ്കാരിക-രാഷ്ട്രീയ ഇടങ്ങളും, സാധ്യതകളുമുള്ളൊരു നഗരമധ്യത്തിൽ ഒരു കോളേജ്.സിനിമ,സാഹിത്യം,സംഗീതം,രാഷ്ട്രീയം,ശാസ്ത്രം തുടങ്ങി സർവ്വമേഖലകളിലേയും പ്രമുഖർ പഠിച്ച – പഠിപ്പിച്ച കോളേജ്. പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾക്ക് സാധ്യതകളേറെയാണവിടെ.
NIRF പട്ടികയിൽ കേരളത്തിൽ ഒന്നാമതാണവിടം.
വർഷാവർഷം ഒരുപാട് കഴിവുകളും, അതിലേറെ സ്വപ്നങ്ങളുമായി അവിടേക്കെത്തുന്ന നൂറുകണക്കിന് വിദ്യാർത്ഥികൾ.
പക്ഷെ, ഈ ക്യാമ്പസിനെ പൂർണമായും ഭരിക്കുന്നത് ഒരു പ്രത്യേക വിദ്യാർത്ഥിസംഘടനയുടെ ഭാഗമായ ഒരു കൂട്ടമാണ്.
ആ വിദ്യാർത്ഥിസംഘടനയുടെ ഭാഗമാവാതെ,അവരുടെ നിയന്ത്രണങ്ങൾക്ക് കീഴ്പ്പെടാതെ, പ്രതികരിക്കാനും ചോദ്യംചെയ്യാനും ശേഷിയുള്ള ഒരാൾക്കും ആ ക്യാമ്പസിൽ സാധാരണമായ നിലനിൽപ്പ് സാധ്യമല്ല.
ക്യാമ്പസിൽ ഒരേയൊരു വിദ്യാർത്ഥി സംഘടനക്കാണ് പ്രവർത്തനസ്വാതന്ത്ര്യമുള്ളത്.
ഓരോ ഡിപ്പാർട്ട്മെൻ്റിലേയും കമ്മറ്റികൾ പ്രസ്തുത സംഘടനയുടെ പേരിൽ അറിയപ്പെടുന്നു. എല്ലാ ഡിപ്പാർട്ട്മെൻ്റ് കമ്മറ്റികളിൽ നിന്നും വിദ്യാർത്ഥികളെ മെരട്ടാനും നിയന്ത്രിക്കാനും പാകത്തിനുള്ളോരെ തിരഞ്ഞെടുത്ത് യൂണിറ്റ് കമ്മിറ്റി രൂപീകരിക്കുന്നു. പിന്നെ കാലാകാലങ്ങളായി പഠനം പൂർത്തിയാക്കാതെയും,
പൂർത്തിയാക്കിയാലും മടങ്ങിപ്പോകാതെയും കയ്യാളായി തുടരുന്നോരും.
.
ക്ലാസ്സ്മുറി മുതൽ കോളേജിന് പുറത്തെ ജ്യൂസ് പാർലർ വരെ
24 x7 അവരുടെ കണ്ണുകൾ നിങ്ങളെ പിന്തുടരും. നിങ്ങൾ എത്ര മണിക്ക് കോളേജിലേക്ക് വരുന്നു, പോകുന്നു എന്നതിൻ്റെ കൃത്യമായ കണക്കെടുപ്പുകൾ നടക്കും. പ്രണയിച്ച് പഠനത്തിൽ ഉഴപ്പാതിരിക്കാൻ വീട്ടുകാരെക്കാൾ ശ്രദ്ധ ചെലുത്തും.നേരമിരുട്ടിയിട്ടും കൂടണയാത്ത പെൺകുട്ട്യോളെയും ,കൂടെയിരിക്കുന്ന ചെറുപ്പക്കാരെയും കണ്ണുരുട്ടി ഓടിക്കാൻ നോക്കും.കാര്യമറിയിക്കാതെ ആട്ടിൻപറ്റം കണക്കെ സമരങ്ങൾക്ക് നയിക്കും. ഓണവും ,ക്രിസ്മസും,ഫ്രഷേഴ്സും,
സെൻ്റോഫുമെല്ലാം ആ പ്രത്യേക സംഘടനയുടെ പേരിൽ നടത്തപ്പെടും (സംഘടനയിൽ ഉൾപ്പെടാത്ത, പ്രതികരണ സ്വഭാവമുള്ളോർക്ക് ഓണം വന്നാലും, ഉണ്ണി പിറന്നാലും… അത്രതന്നെ).
പിന്നെ ഇടയ്ക്കിടെ അനുസരണക്കേടുള്ളോരെ തനിയെ വിളിച്ചോണ്ടു പോയി അങ്ങ് ശെരിയാക്കും.
തല്ലും ചവിട്ടും കൊണ്ടും, കുത്തേറ്റും അങ്ങനെ നന്നായിപ്പോയോർ ഒരുപാടുണ്ടെന്നറിയാലോ !
കോളേജിൽ ചേർന്ന സമയത്ത് മൂത്രമൊഴിക്കാൻ പോകുമ്പോൾ പോലും ഡിപ്പാർട്ട്മെൻ്റ് കമ്മറ്റിയിൽ അറിയിക്കാൻ നിർദേശിക്കപ്പെട്ടിട്ടുണ്ട് .
എന്തായാലും കാലാകാലങ്ങളായി ക്യാമ്പസിൽ കുറേ പേർ ജീവഭയം കൊണ്ട് ശ്വാസംമുട്ടിയും, മറ്റു ചിലർ അധികാരം പ്രയോഗിച്ചും കഴിഞ്ഞുപോരുകയാണ്.
ഇതിനിടയിൽ ഒരു ക്യാമ്പസിൽ നടക്കേണ്ട സർഗാത്മക പ്രവർത്തനങ്ങളത്രയും സംഘടനാഭാരവാഹികൾക്കും, അനുസരണയുള്ള അനുയായികൾക്കുമിടയിൽ ചുരുങ്ങിപ്പോകുന്നു.
സംഘടനയിലില്ലെന്ന പേരിൽ പത്മരാജൻ്റെ ആദ്യ കഥ ( ലോല) കീറിച്ചുകളഞ്ഞ മാഗസിൻ എഡിറ്ററിൽ നിന്നും തെല്ലുപോലും പരിണമിച്ചിട്ടില്ല അവിടമിപ്പോഴും.

ആരോഗ്യകരമായ രാഷ്ട്രീയപ്രവർത്തനം നടക്കാതെ , വ്യത്യസ്ത വിദ്യാർത്ഥിപ്രസ്ഥാനങ്ങൾ തമ്മിൽ സംവാദത്തിനിടമില്ലാതെ,
സ്വതന്ത്ര്യമായ ചിന്തയും കലയും വർത്തമാനങ്ങളുമില്ലാതെ,
സദാചാരചങ്ങലകളില്ലാത്ത സൗഹൃദങ്ങളില്ലാതെ ഒരിടം എങ്ങനെയാണ് ക്യാമ്പസാവുക ?!

വിദ്യാർത്ഥി രാഷ്ട്രീയമെന്നപേരിൽ വിദ്യാർത്ഥികളുടെ സ്വാതന്ത്ര്യത്തിലേക്കും സ്വകാര്യതയിലേക്കും വരെ കടന്നുകയറാമെന്ന നിങ്ങളുടെ ധാരണക്കുമുന്നിൽ തലകുനിച്ചും കണ്ണടച്ചും നിൽക്കുന്നോരുണ്ടല്ലോ, ആ കൂട്ടത്തിൽ ഞാനില്ല,അത്ര തന്നെ.

“വിദ്യാർത്ഥി സംഘടനങ്ങൾ രാഷ്ട്രീയപാർട്ടികളുടെ ചട്ടുകങ്ങളാവരുതെന്നും, അവയ്ക്ക് സ്വന്തമായ ഭരണഘടനയും പരിപാടിയുമുണ്ടാവണ”മെന്നും ഇ എം എസ് പറഞ്ഞതറിയുമോ ?
അത്രയില്ലെങ്കിലും പിടിക്കുന്ന കൊടിയെങ്കിലും സമയം കിട്ടുമ്പോൾ വായിച്ചുനോക്കണം.

അധികം വൈകാതെ ഞാനും ,ഈ എഴുത്ത് പങ്കുവയ്ക്കുന്നവരും ഒറ്റുകാരും, ക്യാമ്പസ് ദ്രോഹികളുമായി ശിക്ഷിക്കപ്പെടാനുള്ള എല്ലാ സാധ്യതകളും നിലനിൽക്കയാൽ ഈ നിമിഷം ഞാൻ എനിക്കും കൂട്ടർക്കും ഒരു കടലാസ്മാല അണിയിച്ചുകൊള്ളട്ടെ

Related posts

Leave a Comment