മഹാരാജാസിലെ സമാധാനാന്തരീക്ഷം പുനഃസ്ഥാപിക്കാൻ എസ്എഫ്ഐ തയ്യാറാകണം: കെ.എസ്.യു

കലാലയങ്ങളിൽ സംഘടനാ സ്വാതന്ത്ര്യവും ജനാധിപത്യ ആശയങ്ങളും സംരക്ഷിക്കേണ്ടത് എല്ലാ വിദ്യാർത്ഥി സംഘടനകളുടേയും ഉത്തരവാദിത്തമാണ് എന്ന് കെഎസ് യു മഹാരാജാസ് കോളേജ് യൂണിറ്റ് ഫേസ്ബുക്കിൽ കുറിച്ചു. വിദ്യാർത്ഥികൾ നോക്കി നിൽക്കെ കഴിഞ്ഞ ദിവസം നടന്ന അക്രമ പരമ്പര സ്വസ്ഥമായി കോളേജിൽ വരാനോ പഠിക്കാനോ കഴിയാത്ത തരത്തിലുള്ള മാനസികാവസ്ഥ പല വിദ്യാർത്ഥികളിലും സഹപ്രവർത്തകരിലും സൃഷ്ടിച്ചിട്ടുണ്ട്.നാളുകളായി തുടരുന്ന ഇത്തരം പ്രവണതകൾ അവസാനിപ്പിക്കാനും കോളേജിലെ സമാധാനാന്തരീക്ഷം പുന:സ്ഥാപിക്കാനും എസ് എഫ് ഐ മഹാരാജാസ് തയ്യാറാകണം എന്നും കുറിപ്പിൽ പറയുന്നു.

കുറിപ്പിന്റെ പൂർണ രൂപം:

ഇന്നലെ വൈകുന്നേരത്തോടെയാണ് ആശുപത്രിയിൽ നിന്ന് എല്ലാവരും ഡിസ്ചാർജായി വീട്ടിലേക്ക് പോയത്.സംഘർഷത്തെ തുടർന്ന് കോളേജ് 21ാം തീയതി വരെ അടച്ചിടാൻ തീരുമാനിച്ചിരിക്കുകയാണ്.തിങ്കളാഴ്ച അഞ്ചാം സെമസ്റ്റർ പരീക്ഷയ്ക്ക് ശേഷമാണ് കോളേജിൽ SFIയുടെ നേതൃത്വത്തിൽ അക്രമ പരമ്പര അരങ്ങേറുന്നത്.ഇടുക്കി എഞ്ചിനീയറിംഗ് കോളേജിൽ ധീരജ് കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് SFI പ്രതിഷേധ പ്രകടനവുമായി കടന്നു വരവേ തന്നെ സെൻറർ സർക്കിളിൽ KSU സ്ഥാപിച്ച കൊടിമരം പിഴുതെറിഞ്ഞു. ക്യാമ്പസിൽ അങ്ങിങ്ങായി സുഹൃത്തുക്കൾക്കൊപ്പം ഇരിക്കുകയായിരുന്ന KSU പ്രവർത്തകരെ യാതൊരു പ്രകോപനവുമില്ലാതെ തിരഞ്ഞു പിടിച്ച് മർദ്ദിക്കുന്ന കാഴ്ചയാണ് പിന്നീട് ക്യാമ്പസ് കണ്ടത്.SFI മഹാരാജാസ് യൂണിറ്റ് അംഗങ്ങളും പുറത്തു നിന്നെത്തിയ പ്രവർത്തകരും ചേർന്ന് മുദ്രാവാക്യത്തിൻറെ അകമ്പടിയോടെ ഇഷ്ടികയും മരക്കഷ്ണവും കമ്പിയും ഉപയോഗിച്ച് അക്രമിക്കുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്തു.പലരുടെയും തല തന്നെ ലക്ഷ്യമാക്കി തുടരെത്തുടരെ അടിച്ചു.

KSU മഹാരാജാസ് യൂണിറ്റ് പ്രസിഡൻറ് ഹരി കൃഷ്ണൻ, യൂണിറ്റ് ജനറൽ സെക്രട്ടറി അന്ന ഷിജു, അമൽ ടോമി, നിയാസ്, ഹിരൺ, സുനിൽ, ഫയാസ്, ബേസിൽ, ജവാദ്, അംജദ്, റോബിൻസൺ എന്നിവർക്ക് മർദ്ദനമേറ്റു.ക്ലാസിൽ നിന്ന് അദ്ധ്യാപകർക്കും സഹപാഠികൾക്കും മുന്നിലിട്ട് മർദ്ദിക്കുന്ന സാഹചര്യം വരെയുണ്ടായി.തടയാൻ ശ്രമിച്ചതോ ചോദ്യം ചെയ്തതോ ആയ വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും നേരേ അതിക്രമവും അസഭ്യവർഷവും ഉണ്ടായി.

ധീരജിൻറെ കൊലപാതകത്തിൽ KSU മഹാരാജാസ് ശക്തമായി അപലപിക്കുന്നു. ഒപ്പം, ക്യാമ്പസിനുള്ളിൽ വച്ചുണ്ടായ ഈ അക്രമം തീർത്തും ദൗർഭാഗ്യകരമാണ്.വിദ്യാർത്ഥികൾ നോക്കി നിൽക്കെ നടന്ന ഈ അക്രമ പരമ്പര സ്വസ്ഥമായി കോളേജിൽ വരാനോ പഠിക്കാനോ കഴിയാത്ത തരത്തിലുള്ള മാനസികാവസ്ഥ പല വിദ്യാർത്ഥികളിലും സഹപ്രവർത്തകരിലും സൃഷ്ടിച്ചിട്ടുണ്ട്.നാളുകളായി തുടരുന്ന ഇത്തരം പ്രവണതകൾ അവസാനിപ്പിക്കാനും കോളേജിലെ സമാധാനാന്തരീക്ഷം പുനസ്ഥാപിക്കാനും SFI മഹാരാജാസ് തയ്യാറാകണം.ജനാധിപത്യവിരുദ്ധമായ ഇത്തരം ഫാസിസ്റ്റ് ശൈലികൾ മഹാരാജാസിനു ചേർന്നതല്ലെന്ന തിരിച്ചറിവുണ്ടാകണം.കലാലയങ്ങളിൽ സംഘടനാ സ്വാതന്ത്ര്യവും ജനാധിപത്യ ആശയങ്ങളും സംരക്ഷിക്കേണ്ടുന്നത് എല്ലാ വിദ്യാർത്ഥി സംഘടനകളുടേയും ഉത്തരവാദിത്തമാണ്.

അവസാനമായി, തിങ്കളാഴ്ച കോളേജിൽ ആക്രമണത്തിനിരയായതു മുതൽ ഈ സമയം വരെ ഫോൺ വിളിച്ച, മെസ്സേജ് അയച്ച, മാനസികമായി പിന്തുണച്ച, ആശുപത്രിയിൽ എത്തിയ മഹാരാജാസുകാരോടും എല്ലാവരോടും നന്ദി പറയുകയാണ്.ചേർത്തു പിടിച്ച പ്രിയപ്പെട്ട നേതാക്കളോടും നന്ദി പറയുകയാണ് – തളർന്നു പോകാതിരിക്കാനുള്ള കരുത്ത് പകർന്നത് നിങ്ങളാണ്.

പോരാട്ടം തുടരുക തന്നെ ചെയ്യും..✊🏿
KSU മഹാരാജാസ്💙

Related posts

Leave a Comment