എസ്.എഫ്.ഐക്കാര്‍ വാഴ വയ്ക്കേണ്ടത് മുഖ്യമന്ത്രിയുടെ കസേരയിൽ; കെ.കെ. രമ എംഎൽഎ

തിരുവനന്തപുരം : നിയമസഭയിൽ മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് കെ.കെ രമ എംഎൽഎ. എസ്എഫ്‌‌ഐ പ്രവർത്തകർ ആദ്യം വാഴ വയ്ക്കേണ്ടത് മുഖ്യമന്ത്രി പിണറായി വിജയന്റെ കസേരയിലാണെന്ന് കെ.കെ രമ നിയമസഭയിൽ പറഞ്ഞു. എ കെ ജി സെന്‍ററിന് നേരെ ഉണ്ടായ ആക്രമണത്തിലെ പ്രതിയെ ഒരിക്കലും പിടികൂടുമെന്ന് താൻ വിശ്വസിക്കുന്നില്ല. സിപിഎം പ്രതിരോധത്തിലായ സാഹചര്യങ്ങളിലൊക്കെ ഇത്തരം ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ട്. പക്ഷേ ഒന്നിലും പ്രതികളെ പിടിക്കാനായിട്ടില്ല. കാരണം കള്ളൻ കപ്പലിൽ തന്നെയാണ്. കപ്പിത്താന്‍ ആരെന്നേ അറിയാനുള്ളൂവെന്നും കെ.കെ.രമ പറഞ്ഞു. എകെജി സെന്‍ററിന് നേരെ ആക്രമണം ഉണ്ടായി ദിവസങ്ങൾ കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാത്തത് ആഭ്യന്തര വകുപ്പിന്റെ പരാജയമാണ്. അതുകൊണ്ട് കേന്ദ്ര ഏജൻസികളെ അന്വേഷണം ഏൽപിക്കണം. ആരോപണങ്ങള്‍ക്ക് മറുപടി പറയാതെ മുഖ്യമന്ത്രി ക്ഷുഭിതനാകുന്നെന്ന് കെ.കെ.രമ ആരോപിച്ചു. 14 വർഷം ആയ കേസുകൾ വരെ ഉദാഹരണമായുണ്ടെന്നും രമ പറഞ്ഞു. എകെജി സെന്‍റർ ആക്രമണവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ ചർച്ചയിൽ സംസാരിക്കുകയായിരുന്നു കെ.കെ.രമ.

Related posts

Leave a Comment