രക്തസാക്ഷികളെ സൃഷ്ടിച്ചും ദത്തെടുത്തും പ്രതിരോധശക്തികളാണെന്നെ വാദം പരിഹാസ്യം ; എസ്എഫ്ഐ സ്വയം തിരുത്താൻ തയ്യാറല്ലെങ്കിൽ അവരെ തുരത്തുക തന്നെ വേണം ; വീക്ഷണം എഡിറ്റോറിയൽ വായിക്കാം

ലാലയങ്ങളില്‍
ബഹുസ്വരത തിരിച്ചുവരണം
പുന്നപ്രയിലെയും വയലാറിലെയും ചുവന്ന കിനാക്കള്‍ക്കായി വെടിയേറ്റ് വീണവരുടെ എഴുപത്തിയഞ്ചാം ശ്രാദ്ധമൂട്ടിന് ഇത്തവണ രുധിര നിറം പകര്‍ന്നത് എംജി സര്‍വകലാശാലയിലെ എഐഎസ്എഫ് സഖാക്കളുടെ ഇളം ചോരകൊണ്ടായിരുന്നു. ചത്തത് കീചകനെങ്കില്‍ കൊന്നത് ഭീമന്‍ തന്നെ എന്ന ചൊല്ലുപോലെ അക്രമകാരികള്‍ എസ്എഫ്‌ഐക്കാര്‍ തന്നെ. ഇത്തവണ അടികൊണ്ടവരിലും ചോരചീന്തിയവരിലും എഐഎസ്എഫിന്റെ വനിതാ സഖാക്കളും പെടും. ദത്ത് നല്‍കല്‍ സംഭവത്തില്‍പ്പെട്ടു എസ്എഫ്‌ഐയുടെ മുഖം വികൃതമായിരിക്കവെയാണ് എംജിയിലെ കൂറ്റന്‍ അടിയും കൂട്ടക്കേസും. എഐഎസ്എഫുകാര്‍ക്ക് നേരെ നടന്ന ഹീനമായ അക്രമത്തിന് നേതൃത്വം നല്‍കിയവരില്‍ സിപിഎം മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫും ഉള്‍പ്പെടുന്നു. മന്ത്രിയാപ്പീസിലെ ജീവനക്കാരനടക്കം രണ്ടു ഡസന്‍ എസ്എഫ്‌ഐക്കാരുടെ പേരില്‍ കേസെടുത്തിട്ടുണ്ടെന്നാണ് ഔദ്യോഗിക വിശദീകരണം. അക്രമം സാധാരണ രീതിയിലുള്ളതല്ലെന്നും ലൈംഗീക ചൂഷണം ലക്ഷ്യം വെച്ചുള്ളതാണെന്നുമാണ് എഐഎസ്എഫുകാരുടെ പരാതി. എഐഎസ്എഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറിയെ അപമാനിക്കുകയും ജാതിപ്പേര് വിളിച്ചു അധിക്ഷേപിക്കുകയും സ്ത്രീകളുടെ അന്തസ്സിന് ഹാനികരമായ കൈയേറ്റവുമാണ് നടന്നതെങ്കിലും സിപിഐ പക്ഷത്ത് നിന്ന് മുതിര്‍ന്ന നേതാക്കളാരും ഇടപെടാത്തത് എസ്എഫ്‌ഐക്കാരുടെ മര്‍ദ്ദനത്തേക്കാള്‍ വേദനാജനകമാണെന്നാണ് എഐഎസ്എഫുകാരുടെ പരാതി. മാത്രവുമല്ല, വാദിയെ പ്രതിയാക്കുന്ന തരത്തിലാണ് പൊലീസിന്റെ നടപടികള്‍. അടികൊണ്ട അവസ്ഥയില്‍ എഐഎസ്എഫുകാരുടെ പേരിലും കള്ളക്കേസെടുത്തിട്ടുണ്ട്.
അടിപിടിക്ക് പുറമെ പട്ടികജാതി- വര്‍ഗ സംരക്ഷണ നിയമവും കേസിലെ പ്രധാന വകുപ്പുകളാണ്. ജാമ്യം നിഷേധിക്കപ്പെടുമെന്നുള്ള ഭീതികൊണ്ടായിരിക്കാം പരാതിക്കാര്‍ ആരും തന്നെ മൊഴി നല്‍കാന്‍ പൊലീസിന്റെ മുമ്പാകെ ഹാജരാവാതെ മുങ്ങി നടക്കുകയാണ്. വ്യാഴാഴ്ച്ച നടന്ന എംജി സര്‍വകലാശാല സെനറ്റ് തെരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐക്കെതിരെ സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിച്ച എഐഎസ്എഫിന്റെ നടപടിയായിരുന്നു എസ്എഫ്‌ഐക്കാരെ പ്രകോപിപ്പിച്ചത്. മറ്റു വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് ക്യാംപസില്‍ കൊടിപൊക്കാനോ മുദ്രാവാക്യം മുഴക്കാനോ അനുവദിക്കാത്ത എസ്എഫ്‌ഐയുടെ ഫാസിസ്റ്റ് നടപടികള്‍ മിക്ക ക്യാംപസുകളിലും വ്യാപകമാണ്. ജനാധിപത്യവും സ്വാതന്ത്ര്യവും പാര്‍ട്ടി പതാകയില്‍ മാത്രം മതിയെന്നും ക്യാംപസുകളില്‍ തങ്ങളുടെ ആധിപത്യത്തിന് ഹാനികരമാകുന്ന യാതൊന്നും അനുവദിക്കില്ലെന്നുമാണ് പതിറ്റാണ്ടുകളിലായി എസ്എഫ്‌ഐയുടെ പ്രഖ്യാപിത നയം. ക്യാംപസുകള്‍ കൊലക്കളങ്ങളായി മാറാനും വിദ്യാര്‍ത്ഥി രാഷ്ട്രീയം നിരോധിച്ചുകൊണ്ടുള്ള കോടതി വിധികളുണ്ടാകാനും കാരണം എസ്എഫ്‌ഐയുടെ അക്രമരാഷ്ട്രീയം തന്നെയാണ്. പൊതുസമൂഹം പോലും കോടതികളുടെ അരാഷ്ട്രീയവാദത്തിന് അംഗീകാരം നല്‍കുന്ന അവസ്ഥ സൃഷ്ടിച്ചതും എസ്എഫ്‌ഐ തന്നെ. ജനാധിപത്യ- മതനിരപേക്ഷ വിദ്യാര്‍ത്ഥി സംഘടനകളെ ക്യാംപസുകളില്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കാതെ എസ്എഫ്‌ഐക്കാര്‍ ആട്ടിയോടിച്ചപ്പോള്‍ ആ ശൂന്യതയില്‍ കടന്നുകയറി മത-ഫാസിസ്റ്റ് വിദ്യാര്‍ത്ഥി സംഘടനകള്‍ വളര്‍ന്നു വലിയ ആപത്തുകളായി മാറിയിരിക്കുന്നു. വര്‍ഗീയ ഫാസിസ്റ്റുകളുടെ കടന്നുകയറ്റത്തിന് അവസരമൊരുക്കിയ എസ്എഫ്‌ഐ ഇന്ന് ഈ ദുഷ്ടശക്തികളില്‍ നിന്ന് തിരിച്ചടി നേരിട്ടുകൊണ്ടിരിക്കയാണ്.
വരം ലഭിച്ച നരാകാസുരനെപ്പോലെ വര്‍ഗീയ വിദ്യാര്‍ത്ഥി സംഘടനകള്‍ അഴിഞ്ഞാടുമ്പോഴും അവരുടെ കൊലക്കത്തിക്ക് ഇരയാവുന്നത് നിരപരാധികളാണ്. രക്തസാക്ഷികളെ സൃഷ്ടിച്ചും രക്തസാക്ഷികളെ ദത്തെടുത്തും പ്രതിരോധ ശക്തികളാണെന്ന എസ്എഫ്‌ഐയുടെ അവകാശവാദം പരിഹാസ്യമാണ്. സംഘടനാ പ്രവര്‍ത്തനത്തിനു പകരം സംഹാര പ്രവര്‍ത്തനം നടത്തുന്നവര്‍ ഇടതുരാഷ്ട്രീയത്തെ മാത്രമല്ല മതനിരപേക്ഷ-ജനാധിപത്യ രാഷ്ട്രീയത്തെയും തകര്‍ക്കുകയാണ്. രണ്ടു ദശകങ്ങള്‍ക്ക് മുമ്പ് പശ്ചിമബംഗാളിലെ ക്യാംപസുകളിലും ഗ്രാമങ്ങളിലും നഗരങ്ങളിലും അഴിഞ്ഞാടിയ സിപിഎം ഫാസിസം ഇന്ന് പ്രസ്ഥാനത്തിന്റെ അടിവേരും തായ്‌വേരും തകര്‍ന്ന അവസ്ഥയിലാണ്. എഐഎസ്എഫുകാരെ മര്‍ദ്ദിച്ച സംഭവത്തില്‍ എസ്എഫ്‌ഐയുടെ ദേശീയ കമ്മിറ്റി അംഗം പോലും പ്രതിയാണ്. പാര്‍ട്ടിയിലെയും വര്‍ഗ ബഹുജന സംഘടനകളുടെയും ക്രിമിനല്‍വല്‍ക്കരണം സിപിഎമ്മിനെ സ്വന്തം ശവക്കുഴി വെട്ടുന്നവരാക്കി മാറ്റിയിരിക്കുന്നു. ക്യാംപസ് രാഷ്ട്രീയത്തിന്റെ സര്‍ഗാത്മകതയും സഹോദര്യവും ബഹുസ്വരതയും തിരിച്ചുവരാന്‍ എസ്എഫ്‌ഐ ഏറ്റവും വലിയ വിഘ്‌നമാണ്. സ്വയം തിരുത്താന്‍ അവര്‍ തയ്യാറല്ലെങ്കില്‍ അവരെ തുരത്തുക തന്നെ വേണം.

Related posts

Leave a Comment