അശ്ലീലത്തെ ആശ്ലേഷിച്ച് എസ്എഫ്‌ഐ ; ജില്ലാ നേതൃത്വം ഇടപെട്ട് ബോര്‍ഡ് എടുത്തുമാറ്റി

തൃശൂര്‍: നവോത്ഥാനം നടപ്പിലാക്കാനുള്ള വ്യഗ്രതയില്‍ മുദ്രാവാക്യത്തിന്റെ ശൈലി മാറ്റി എസ്.എഫ്.ഐ. ഡിഗ്രി ആദ്യവര്‍ഷ വിദ്യാര്‍ത്ഥികളെ സ്വാഗതം ചെയ്യാന്‍ ഒരിക്കല്‍ കലാലയങ്ങളില്‍ എസ്.എഫ്.ഐ സ്ഥാപിച്ചിരുന്നത് പഠിക്കുക പോരാടുക എന്ന മുദ്രവാക്യത്തോടെയുള്ള പ്രചരണ ബോര്‍ഡ് ആയിരുന്നുവെങ്കില്‍ ഇക്കുറി തൃശൂര്‍ ശ്രീ കേരളവര്‍മ്മ കോളേജില്‍ അവര്‍ സ്ഥാപിച്ചത് ആഗോള ലൈംഗിക വിമോചനത്തിന് ആഹ്വാനം ചെയ്യുന്ന ബോര്‍ഡുകളായിരുന്നു.
തിങ്കളാഴ്ച്ച കോളേജില്‍ സ്ഥാപിച്ച ബോര്‍ഡുകളുടെ ചിത്രങ്ങള്‍ വ്യാഴാഴ്ച്ച മുതല്‍ നവമാധ്യമങ്ങളില്‍ വിമര്‍ശിക്കപ്പെട്ടതോടെ എസ്.എഫ്.ഐ ജില്ലാ നേതൃത്വം ഇടപെട്ട് ബോര്‍ഡ് എടുത്തുമാറ്റാന്‍ നിര്‍ദ്ദേശം നല്‍കി. ലൈംഗിക വിമോചനത്തിനുള്ള ആഹ്വാനമാണ് ബോര്‍ഡുകള്‍ നിറയെ. സ്ത്രീയും പുരുഷനും ഇണചേരുന്ന നഗ്നത പ്രദര്‍ശിപ്പിക്കുന്ന ചിത്രം ലൈംഗിക വിമോചനം വേണമെന്നാണ് പറയുന്നത്.പുരോഗമനവാദത്തിന്റെ പ്രയോക്താക്കളായി വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കുകയെന്ന തന്ത്രമായിരുന്നു എസ്.എഫ്.ഐ പയറ്റാന്‍ ശ്രമിച്ചത്.
എന്നാല്‍ സമൂഹത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും കോളേജില്‍ നവാഗതരെ സ്വാഗതം ചെയ്ത് വെയ്‌ക്കേണ്ട ബോര്‍ഡുകള്‍ ഇതല്ല എന്ന വിമര്‍ശനം ഉയര്‍ന്നതോടെ ബോര്‍ഡ് എടുത്തുമാറ്റാന്‍ അവര്‍ നിര്‍ബന്ധിതരാവുകയായിരുന്നു. കോട്ടയത്ത് എ.ഐ.എസ്.എഫ് വനിതാ നേതാവിനോട് അച്ഛനാരെന്നറിയാത്ത കൊച്ചിനെ ഉണ്ടാക്കിത്തരുമെന്ന് എസ്.എഫ്.ഐ നേതാവ് ഭീഷണി മുഴക്കിയതിന്റെ ചൂടാറും മുന്‍പേയാണ് അശ്ലീലത കലര്‍ന്ന ചിത്രങ്ങള്‍ എസ്.എഫ്.ഐ കേരളവര്‍മ്മ കോളേജില്‍ സ്ഥാപിക്കുന്നത്.
ലൈംഗിക വിമോചനത്തിന് ആഹ്വാനം ചെയ്യുന്ന എസ്.എഫ്.ഐ തങ്ങളുടെ മുന്‍ നേതാവ് അനുപമയുടെ കുഞ്ഞിന്റെ കാര്യത്തില്‍ പുലര്‍ത്തുന്ന ഇരട്ടത്താപ്പും സമൂഹമാധ്യമങ്ങളില്‍ ചോദ്യം ചെയ്യപ്പെട്ടു. പതിറ്റാണ്ടുകളായി എസ്.എഫ്.ഐ ആധിപത്യം തുടരുന്ന കേരളവര്‍മ്മകോളേജില്‍ മറ്റ് വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ക്ക്പ്രവര്‍ത്തന സ്വാതന്ത്ര്യം അനുവദിക്കാത്തതും നേരത്തെ വിമര്‍ശിക്കപ്പെട്ടിരുന്നു. 2017ല്‍ നവാഗതരെ സ്വാഗതം ചെയ്യാന്‍ എസ്.എഫ്.ഐ സ്ഥാപിച്ച ബോര്‍ഡ് ഹിന്ദുദൈവങ്ങളെ അധിക്ഷേപിക്കുന്നതാണെന്ന് ആരോപണമുയര്‍ന്നിരുന്നു.

Related posts

Leave a Comment