വനിതാ ഡോക്ടര്‍ക്ക് നേരെ ലൈംഗിക അതിക്രമം; അമ്പാടി കണ്ണൻ അറസ്റ്റിൽ

ആലപ്പുഴ : സ്വകാര്യ ആശുപത്രിയിലെ വനിതാ ഡോക്ടര്‍ക്ക് നേരെ ലൈംഗിക അതിക്രമത്തിന് ശ്രമിച്ച യുവാവ് പിടിയില്‍.ആലപ്പുഴ ആപ്പൂര്‍ സ്വദേശി അമ്പാടി കണ്ണനെയാണ് മണ്ണഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. കാവുങ്കലിലെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം. ഇന്ന് പുലര്‍ച്ചെ കാലിന് സുഖമില്ലെന്ന് പറഞ്ഞ് ചികിത്സയ്ക്കായാണ് ഇയാള്‍ ആശുപത്രിയില്‍ എത്തിയത്. പരിശോധനയ്ക്ക് എത്തിയ വനിതാ ഡോക്ടര്‍ക്ക് നേരെ ഇയാള്‍ ലൈംഗികാതിക്രമത്തിന് ശ്രമിക്കുകയായിരുന്നുവെന്ന് ആശുപത്രി ജീവനക്കാര്‍ പറയുന്നു. ശേഷം, ജീവനക്കാരെ മര്‍ദിക്കാനും ഇയാള്‍ ശ്രമിച്ചു. സ്ഥലത്തെത്തിയ പൊലീസുകാര്‍ക്ക് നേരെ തൊപ്പി തെറിപ്പിക്കുമെന്നല്ലാം പറഞ്ഞ് ഭീഷണി മുഴക്കിയതായും പരാതിയില്‍ പറയുന്നു.
മുന്‍പും ഇയാള്‍ക്കെതിരെ ലൈംഗികാതിക്രമത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. പ്രതി ലഹരിക്ക് അടിമയാണോയെന്ന് പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു. ആശുപത്രിയെയും ജീവനക്കാരേയും കുറിച്ച്‌ വ്യക്തമായ ധാരണയോടെയാണ് പുലര്‍ച്ചെ രണ്ട് മണിക്ക് അമ്പാടി ആശുപത്രിയില്‍ എത്തിയത്.

Related posts

Leave a Comment