ആത്മാഭിമാനത്തിന്റെ ഏഴര പതിറ്റാണ്ട്; ഇന്ന് സ്വാതന്ത്ര്യദിനം

ബ്രിട്ടീഷ് ഭരണം അവസാനിപ്പിച്ച് ഇന്ത്യ സ്വാതന്ത്ര്യം നേടിയതിന്റെയും, 1947-ൽ ഇന്ത്യ ഒരു സ്വതന്ത്ര രാജ്യമായതിന്റെയും ഓർമ്മക്കായി എല്ലാ വർഷവും ഓഗസ്റ്റ് 15-ന്‌ രാജ്യം സ്വാതന്ത്ര്യ ദിനമായി ആചരിക്കുകയാണ്. നിരവധി ധീര രക്താസാക്ഷികളെ സ്മരിക്കാനും രാജ്യത്തിന്റെ സ്വാതന്ത്ര്യ സമര ചരിത്രത്തെ ഓര്‍ക്കാനും ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനമായി രാജ്യമെമ്പാടും ആചരിക്കുന്നു. ഒട്ടേറെ സ്വാതന്ത്ര്യ സമര സേനാനികൾ അവരുടെ ജീവൻ പോലും ത്വജിച്ച് നേടിത്തന്ന സ്വാതന്ത്ര്യം ഏഴര പതിറ്റാണ്ടിന്റെ നിറവിലേക്ക് എത്തിച്ചിരിക്കുകയാണ്.

ഇന്ന് ന്യൂഡൽഹിയിലെ ചെങ്കോട്ടയിൽ ഇന്ത്യൻ പ്രധാനമന്ത്രി ദേശീയ പതാക ഉയർത്തുകയും തുടർന്ന് രാജ്യത്തെ അഭിസംബോധന ചെയ്യുകയും ചെയ്യും. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായുള്ള യാത്രയിൽ ജീവ ത്യാഗം നടത്തിയവർക്ക് രാജ്യമിന്ന് ആദരാഞ്ജലികൾ അർപ്പിക്കും. സ്വാതന്ത്ര്യദിന പരിപാടികൾ ഔദ്യോഗികമായി പ്രക്ഷേപണം ചെയ്യുന്നത് ദൂരദർശനാണ്. പതാക ഉയർത്തൽ ചടങ്ങുകൾ, പരേഡുകൾ, സാംസ്കാരിക പരിപാടികൾ തുടങ്ങി ഇന്ത്യയിലുടനീളം സ്വാതന്ത്ര്യദിനം ഈ വർഷം വിപുലമായി ആചരിക്കുന്നു.

ഇന്ത്യയെ സ്വാതന്ത്ര്യത്തിലേക്ക് കൈപിടിച്ചുയർത്തിയ ഇന്ത്യൻ നാഷണൽ കോൺഗ്രസും വിപുലമായ സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് ആഹ്വാനം ചെയ്തിരിക്കുകയാണ്. ഡൽഹിയിൽ എഐസിസി ആസ്ഥാനത്തും വിവിധ സംസ്ഥാനങ്ങളിലും ഒരാഴ്ച നീണ്ടുനിൽക്കുന്ന ആഘോഷങ്ങൾക്കാണ് കോൺഗ്രസ് ആഹ്വാനം നൽകിയിരിക്കുന്നത്.

Related posts

Leave a Comment