Kerala
ജനകീയ പ്രശ്നങ്ങൾ പരിഹരിച്ചിട്ടു മതി നവകേരള സദസ്: വി.ഡി. സതീശൻ
തിരുവനന്തപുരം: ജനകീയ പ്രശ്‌നങ്ങൾ എന്ന് പരിഹരിക്കുമെന്ന് വ്യക്തമാക്കിയിട്ടു വേണം നവകേരള സദസ് നടത്താനെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സാധാരണക്കാരന്റെ നെഞ്ചിൽ ചവിട്ടിയാണ് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ആഡംബരയാത്ര. യുഡിഎഫ് ഭരണകാലത്ത് നടത്തിയ ജനസമ്പർക്ക പരിപാടിയെ ആക്ഷേപിച്ചവർ ഉമ്മൻ ചാണ്ടിയോട് മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേരളത്തിന്റെ ഭയാനക സാമ്പത്തിക പ്രതിസന്ധിയും ലക്ഷക്കണക്കിന് വരുന്ന സാധാരണക്കാരും കേരള ജനത ഒന്നാകെയും അഭിമുഖീകരിക്കുന്ന ജീവൽ പ്രശ്‌നങ്ങൾ പരിഹരിക്കാത്ത സർക്കാർ നവകേരള സദസിൽ എന്ത് ജനകീയ പ്രശ്‌നങ്ങളാണ് പരിഗണിക്കുകയെന്ന് സതീശൻ ചോദിച്ചു.
52 ലക്ഷം പേർക്ക് നാല് മാസത്തെ ക്ഷേമ പെൻഷൻ കുടിശികയാണ്. നിരാലംബരായ അവർ മരുന്ന് വാങ്ങാൻ പോലും പണമില്ലാതെ കഷ്ടപ്പെടുകയാണ്.
കർഷകരെല്ലാം കടുത്ത പ്രതിസന്ധിയിലാണ്. പി.ആർ.എസ് വായ്പ നെൽ കർഷകന് തീരാ ബാധ്യതയായിരിക്കുന്നു. നാളികേര കർഷകർ അവഗണന നേരിടുകയാണ്. റബ്ബർ കർഷന്റെ 250 രൂപ താങ്ങുവില പാഴ്‌വാക്കായി. ലൈഫ് പദ്ധതിയിൽ വീട് ലഭിക്കാനായി 9 ലക്ഷം പേർ കാത്തിരിക്കുകയാണ്. വീട് ലഭിക്കുമെന്ന ഉറപ്പിൽ നിരവധി പേരാണ് കുടിലുകൾ പൊളിച്ചു മാറ്റി മാസങ്ങളായി പെരുവഴിയിലായത്. ശൗചാലയം പോലും ഇല്ലാത്ത നിരവധി പേരുടെ ദുരവസ്ഥ നമ്മൾ കണ്ടതാണ്. വിലക്കയറ്റത്തിൽ ആശ്വാസമാകേണ്ട സപ്ലൈകോ വെന്റിലേറ്ററിലാണ്. മാവേലി സ്റ്റോറുകളിൽ സബ്സിഡി സാധനങ്ങൾ ഒന്നുപോലുമില്ല.
മുഖ്യമന്ത്രിയും സംഘവും ഒന്നര കോടിയുടെ ആഡംബര ബസിൽ സഞ്ചരിക്കുമ്പോൾ പാവപ്പെട്ട കെ.എസ്.ആർ.ടി.സി ജീവനക്കാരന്റെ പെൻഷനും ശമ്പളവും ആരു നൽകുമെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. സാധാരണക്കാരന്റെ നെഞ്ചിൽ ചവിട്ടിയാണ് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ആഢംബരയാത്ര. ആഢംബര ബസിലെ കറങ്ങുന്ന കസേരയിൽ രാജാവിനെ പോലെ ഇരിക്കുന്ന മുഖ്യമന്ത്രിയെ സാധാരണക്കാർ തൊഴുത് വണങ്ങി നിൽക്കണമെന്നാണോ ഉദ്ദേശിക്കുന്നത്?
ജനങ്ങൾക്ക് ഇടയിലേക്ക് ഇറങ്ങിച്ചെന്ന് ഊണും ഉറക്കവും ഉപേക്ഷിച്ച് പ്രശ്‌നങ്ങൾക്ക് അപ്പപ്പോൾ പരിഹാരം കണ്ടിരുന്ന ഉമ്മൻ ചാണ്ടിയെന്ന മുഖ്യമന്ത്രിയുമായാകും കറങ്ങുന്ന കസേരയിൽ ഇരിക്കുന്ന പിണറായി വിജയനെയും പരിവാരങ്ങളെയും ജനം താരതമ്യപ്പെടുത്തുന്നതും വിലയിരുത്തുന്നതും. ജനസമ്പർക്ക പരിപാടി വില്ലേജ് ഓഫീസറുടെ പണിയെന്ന് ആക്ഷേപിച്ച പിണറായി വിജയനും സി.പി.എമ്മും ഉമ്മൻ ചാണ്ടിയെന്ന മനുഷ്യസ്‌നേഹിയോട് പരസ്യമായി മാപ്പ് പറയണം. ധൂർത്തിന്റെയും അഴിമതിയുടെയും പാപഭാരം ജനങ്ങൾക്ക് മേൽ അടിച്ചേൽപ്പിച്ച പിണറായി വിജയൻ സർക്കാരിന്റെ ഈ ആഢംബര യാത്രയെ കേരളീയർ അവജ്ഞയോടെ കാണുമെന്നും സതീശൻ കുറ്റപ്പെടുത്തി.
Kerala
യുഡിഎഫ് മത്സരിക്കുന്നത് കമ്മ്യൂണിസ്റ്റ് ജനത പാർട്ടിക്ക് എതിരെ; രാഹുൽ മാങ്കൂട്ടത്തിൽ
പാലക്കാട്: പാലക്കാട് യുഡിഎഫ് മത്സരിക്കുന്നത് കമ്മ്യൂണിസ്റ്റ് ജനത പാർട്ടിക്ക് എതിരെയാണെന്ന് രാഹുൽ മാങ്കൂട്ടത്തിൽ. ഇന്നലത്തെ റെയ്ഡ് ദുരൂഹമാണെന്നും പരിശോധനയിൽ വനിതാ പോലീസിന്റെ സാന്നിധ്യം ഇല്ലായിരുന്നുവെന്നും രാഹുൽ പറഞ്ഞു. ബിജെപി വനിതാ നേതാക്കളുടെ മുറിയിൽ വനിതാ പോലീസ് ഇല്ലാതെ പരിശോധന നടത്താൻ തയ്യാറാകാത്ത പോലീസ് യുഡിഎഫ് നേതാക്കളുടെ മുറിയിൽ പരിശോധന നടത്തുവാൻ തിടുക്കം കാട്ടി. അതിൽ സിപിഎം നേതാക്കൾക്ക് പരാതിയില്ലേ എന്നും അദ്ദേഹം ചോദിച്ചു. ഇന്നലെ എത്രയോ സംഘടിതമായി ആണ് ബിജെപി-സിപിഎം നേതാക്കൾ അവിടെ കാര്യങ്ങൾ ആസൂത്രണം ചെയ്തത്. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിടണമെന്നും രാഹുൽ ആവശ്യപ്പെട്ടു.
ജനങ്ങളെ വിഡ്ഢികളാക്കാമെന്ന് സിപിഎമ്മും ബിജെപിയും കരുതേണ്ട. ഹോട്ടലിലേക്ക് പോകുമ്പോൾ ട്രോളി ബാഗ് കൊണ്ടുപോകുന്നതിൽ അസ്വാഭിവിക എന്താണെന്ന് രാഹുൽ ചോദിച്ചു. അതിൽ വസ്ത്രങ്ങൾ ആണ്. ആരാണ് വസ്ത്രങ്ങളുമായി ഹോട്ടലിൽ താമസിക്കാൻ വരാത്തത്. ഇതൊക്കെ ഒരു പുകമറ സൃഷ്ടിക്കുവാൻ വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു. ഫെന്നിയ്ക്ക് എന്താണ് പ്രശ്നം. ഫെന്നി കെഎസ്‌യു സംസ്ഥാന ഭാരവാഹി ആണ്. തെരഞ്ഞെടുപ്പ് ചുമതല ഉള്ള ഒരാൾ ആണ്. അങ്ങനെ ഒരാൾ കൂടെ വരുന്നതിൽ, ബാഗ് തരുന്നതിൽ എന്താണ് പ്രശ്നമെന്നും രാഹുൽ ചോദിച്ചു.
വ്യാജ ഐഡി കാർഡ് കേസ് തന്നെ കെട്ടിച്ചമച്ചത് ആയിരുന്നു. ആദ്യ ദിവസം തന്നെ ജാമ്യം കിട്ടിയതാണെന്നും രാഹുൽ വ്യക്തമാക്കി. ഹോട്ടലിന് മുന്നിലൂടെയുള്ള വഴിയിലൂടെയാണ് പോയതും ഇറങ്ങിയതും. അങ്ങനെ അല്ലെന്ന് തെളിയിച്ചാൽ എന്റെ പ്രചാരണം നിർത്താമെന്നും രാഹുൽ വെല്ലുവിളിച്ചു. ഏഴ് ദിവസങ്ങൾ കൂടി ഉണ്ടല്ലോ. എന്തെങ്കിലും ഒക്കെ വിഷയങ്ങൾ വേണ്ടേ. അതുകൊണ്ട് ആണ് അനാവശ്യ വിവാദങ്ങൾ ഉയർത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്റെ പെട്ടി പോലീസ് ശാസ്ത്രീയ പരിശോധന നടത്തണം. ഇന്നലെ നാടകത്തിന് പിന്നിൽ ഒരു മാധ്യമ പ്രവർത്തകന് പങ്കുണ്ട്. അത് കൃത്യമായി പറഞ്ഞത് ആണെന്നും രാഹുൽ വ്യക്തമാക്കി.
Ernakulam
പോത്താനിക്കാട് ശ്മശാനം : ചുറ്റുമതിൽ നിർമ്മാണത്തിന് അനുമതി ലഭ്യമായി : മാത്യു കുഴൽനാടൻ എംഎൽഎ
പോത്താനിക്കാട് : പോത്താനിക്കാട് ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡിൽ ശ്മശാനത്തിന് ചുറ്റും മതിൽ നിർമ്മിക്കുന്നതിന് ജില്ല ഭരണകൂടം അനുമതി നൽകി. വിഷയം ചൂണ്ടി കാണിച്ചു മാത്യു കുഴൽനാടൻ എംഎൽഎ കളക്ടർക്ക് നൽകിയ കത്തിനെ തുടർന്നാണ് ജില്ല ഭരണകൂടത്തിന്റെ നടപടി.ശ്മശാനത്തിന്റെ പോരായ്മകൾ പരിസരവാസികളെയും പൊതുജനങ്ങളെയും പ്രയാസത്തിലാക്കുന്ന സ്ഥിതിയാണ് ഇപ്പോഴത്തെതെന്ന് എംഎൽഎ പറഞ്ഞു. പോത്താനിക്കാട് ഗ്രാമപഞ്ചായത്തിനാണ് ചുറ്റുമതിൽ നിർമ്മിക്കുന്നതിന് കളക്ടർ നിരാക്ഷേപ പത്രം നൽകിയിട്ടുള്ളത്.
പട്ടിക ജാതി വിഭാഗത്തിന് വേണ്ടിയുള്ള ശ്മശാനമാണ് ഇത്. കൃത്യമായ പരിപാലനം ഇല്ലാത്തതിനാലാണ് ശ്മശാനം കാട് കയറി ഇഴജന്തുക്കളുടെ വിഹാര കേന്ദ്രമായി മാറിയത്.വാർഡ് അംഗം ജിനു മാത്യുവും പരിസരവാസികളായ കുട്ടികളും വിഷയം ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്നാണ് എംഎൽഎ കളക്ടർക്ക് കത്ത് നൽകിയത്. ചുറ്റുമതിൽ നിർമ്മിച്ചിട്ടില്ലാത്തതിനാൽ ഇഴജന്തുക്കൾ സമീപത്തുള്ള വീടുകളിലേക്ക് പ്രവേശിക്കുന്ന അവസ്ഥയിലാണ്. കുട്ടികൾക്ക് ഒറ്റക്ക് പുറത്തിറങ്ങാൻ കഴിയാത്ത സാഹചര്യം ഇവിടെ ഉണ്ടെന്ന് എംഎൽഎ കത്തിൽ ചൂണ്ടികാട്ടി.33 സെന്റ് സ്ഥലത്താണ് ശ്മശാനം സ്ഥിതി ചെയ്യുന്നത്.
ശ്മശാനത്തിന് 50 മീറ്റർ ചുറ്റളവിൽ നിരവധി വീടുകളും ആരാധനാലയവും ഉണ്ട്. ഒരു വർഷത്തിനകം നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കണമെന്ന് ഉത്തരവിൽ ഉണ്ട്.നിലവിൽ റവന്യു വകുപ്പിന്റെ അധീനതയിൽ ആണ് ഭൂമി. ഭൂമി കൃത്യമായി അളന്ന് തിട്ടപ്പെടുത്തുന്നതിന് കോതമംഗലം തഹസീൽദാർക്ക് കളക്ടർ നിർദ്ദേശം നൽകി.പദ്ധതിക്കായി തുക അനുവദിച്ചു നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിൽ തന്നെ ആരംഭിക്കുമെന്ന് വാർഡ് അംഗം ജിനു മാത്യു അറിയിച്ചു.
Kerala
പൊതുജീവിതം അവസാനിപ്പിക്കുകയാണെന്ന് കവി കെ സച്ചിദാനന്ദന്‍
താല്ക്കാലിക മറവിരോഗം കാരണം പതുക്കെപ്പതുക്കെ പൊതുജീവിതം അവസാനിപ്പിക്കുകയാണ് എന്ന് മലയാളത്തിന്റെ പ്രിയപ്പെട്ട കവി കെ. സച്ചിദാനന്ദന്‍. ഫേസ്ബുക്ക് പോസ്റ്റിലാണ് പതുക്കെ താന്‍ പൊതുജീവിതം അവസാനിപ്പിക്കുകയാണ് എന്ന് എഴുത്തുകാരന്‍ വ്യക്തമാക്കിയിരിക്കുന്നത്.
ഏഴ് വര്‍ഷം മുമ്പ് ഒരു താത്കാലിക മറവി രോഗത്തിന് വിധേയനായിരുന്നു. അന്ന് മുതല്‍ മരുന്നും കഴിക്കുന്നുണ്ടായിരുന്നു. പിന്നീട് അത് വന്നില്ലെങ്കിലും നവംബര്‍ ഒന്നിന് പുതിയ രൂപത്തില്‍ അത് തിരികെയെത്തി എന്നാണ് അദ്ദേഹം കുറിക്കുന്നത്.
രോഗം വീണ്ടും വരാന്‍ കാരണം സമ്മര്‍ദ്ദമാണ് എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. അതുകൊണ്ട് പതുക്കെപ്പതുക്കെ താന്‍ പൊതുജീവിതം അവസാനിപ്പിക്കുകയാണ്. യാത്ര, പ്രസംഗം ഇവ ഒഴിവാക്കുന്നു. ദയവായി പൊതുയോഗങ്ങള്‍ക്കു വിളിക്കാതിരിക്കുക. വന്നില്ലെങ്കില്‍ ദയവായി പരിഭവമില്ലാതെ അംഗീകരിക്കുക. ഓര്‍മ്മയും വായനയും ഭാവനയും ഉള്ളിടത്തോളം താന്‍ എഴുതും എന്നും അദ്ദേഹം കുറിച്ചു.
സച്ചിദാനന്ദന്റെ ഫേസ്ബുക്ക് പോസ്റ്റ്-
സുഹൃത്തുക്കളെ, ഞാന്‍ 7 വര്‍ഷം മുന്‍പ് ഒരു താത്കാലികമറവി രോഗത്തിന് വിധേയനായിരുന്നു. അന്നുമുതല്‍ മരുന്നും കഴിക്കുന്നുണ്ട്. പിന്നീട് അത് വന്നിരുന്നില്ല. എന്നാല്‍, നവമ്പര്‍ 1-ന് പുതിയ രീതിയില്‍ അത് തിരിച്ചുവന്നു. കാല്‍ മരവിപ്പ്, കൈ വിറയല്‍, സംസാരിക്കാന്‍ പറ്റായ്ക, ഓര്‍മ്മക്കുറവ്- ഇങ്ങിനെ അല്‍പ്പം നേരം മാത്രം നില്‍ക്കുന്ന കാര്യങ്ങള്‍. 5 ദിവസമായി ആശുപത്രിയില്‍. ഒക്ടോബര്‍ മാസം നിറയെ യാത്രകളും പരിപാടികളും ആയിരുന്നു. സ്ട്രസ്സ് ആണ് ഈ രണ്ടാം അവതാരത്തിന് പ്രധാന കാരണം എന്ന് ഡോക്ടര്‍മാര്‍. അതുകൊണ്ട് പതുക്കെപ്പതുക്കെ പബ്ലിക് ലൈഫ് അവസാനിപ്പിക്കുന്നു. യാത്ര, പ്രസംഗം ഇവ ഒഴിവാക്കുന്നു. ക്രിസ്തുവും ബുദ്ധനും മുതല്‍ ആരുടെയും പ്രസംഗം കൊണ്ട് ലോകം നന്നായിട്ടില്ല. അത് ഒരു സമയം പാഴാക്കുന്ന പരിപാടി മാത്രം എന്ന് 60 വര്‍ഷത്തെ അനുഭവം എന്നെ ബോദ്ധ്യപ്പെടുത്തി. അതുകൊണ്ട് എന്റെ ജീവന്‍ നിലനിര്‍ത്തുന്ന കവിതയുമായി ബന്ധപ്പെട്ട ചില പരിപാടികളില്‍ മാത്രമേ ഇനി പങ്കെടുക്കൂ; ഈ ടേം കഴിയും വരെ അക്കാദമിയുടെ ചില പരിപാടികളിലും. ദയവായി എന്നെ പൊതുയോഗങ്ങള്‍ക്കു വിളിക്കാതിരിക്കുക. വന്നില്ലെങ്കില്‍ ദയവായി പരിഭവമില്ലാതെ അംഗീകരിക്കുക. ഓര്‍മ്മയും വായനയും ഭാവനയും ഉള്ളിടത്തോളം ഞാന്‍ എഴുതും. എപ്പോള്‍ വേണമെങ്കിലും അവ ഇല്ലാതാകാം.
-
Featured3 months ago
പാലിയേക്കര ടോള്‍: കരാര്‍ കമ്പനിക്ക് 2128.72 കോടി രൂപ പിഴ ചുമത്തി ദേശീയപാത അതോറിറ്റി
-
Featured2 weeks ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala2 weeks ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
Education2 months ago
മഹാരാജാസിന് ഓട്ടോണമസ് പദവി നഷ്ടപ്പെട്ടിട്ട് നാലുവര്‍ഷം: കോളേജ് നടത്തുന്ന പരീക്ഷകള്‍ അസാധുവാകും
-
News2 months ago
ജീവനക്കാരുടെ അവകാശങ്ങൾക്ക് തടസ്സം നിൽക്കുമെന്ന് സർക്കാർ
-
Business3 months ago
സംസ്ഥാനത്ത് കോഴി വില കുത്തനെ കുറഞ്ഞു
-
Ernakulam3 months ago
ശനിയാഴ്ച പ്രവൃത്തിദിനം ഹൈക്കോടതിവിധി സർക്കാരിന് കനത്ത തിരിച്ചടി: കെ പി എസ് ടി എ
-
Education3 months ago
രാജ്യത്തെ ഏറ്റവും മികച്ച കോളേജുകളുടെ പട്ടികയില്‍ ഇടം പിടിച്ച് ദേവമാതാ കോളേജ്
You must be logged in to post a comment Login