സീരിയലുകൾക്ക് നിലവാരമില്ല; പുരസ്കാരങ്ങൾ നൽകാതെ ജൂറി

തിരുവനന്തപുരം: മലയാളം സീരിയലുകൾക്ക് നിലവാരമില്ലാത്തതിനാൽ പുരസ്കാരം നൽകേണ്ടതില്ലെന്ന് തുറന്നടിച്ച് സംസ്ഥാന ടെലിവിഷൻ അവാർഡ് നിർണയ സമിതി. ഇക്കാരണത്താൽ ഇക്കുറി സീരിയലുകൾക്ക് അവാർഡ് നൽകിയില്ല. ടെലിവിഷൻ പരമ്പരകളിൽ സ്ത്രീകളെയും കുട്ടികളെയും മോശമായി ചിത്രീകരിച്ചു കാണുന്നതിൽ ജൂറി കടുത്ത ആശങ്കയും രേഖപ്പെടുത്തി. വീടുകളിൽ കുടുംബാംഗങ്ങൾ ഒരുമിച്ചിരുന്നു കാണുന്ന ഒരു മാധ്യമം എന്ന നിലയിൽ ടെലിവിഷൻ പരമ്പരകളിലും കോമഡി പരിപാടികളിലും ചാനലുകൾ കൂടുതൽ ഉത്തരവാദിത്തബോധം പുലർത്തണമെന്ന് എൻട്രികൾ വിലയിരുത്തികൊണ്ട് ജൂറി അഭിപ്രായപ്പെട്ടു. എൻട്രികളിൽ ഭൂരിഭാഗവും അവാർഡിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങൾ ഒന്നും തന്നെ സാക്ഷാത്കരിക്കുന്നവയായിരുന്നില്ല. അതുകൊണ്ടു തന്നെ മികച്ച സീരിയൽ, മികച്ച രണ്ടാമത്തെ സീരിയൽ, മികച്ച സംവിധായകൻ, മികച്ച കലാസംവിധായകൻ എന്നീ വിഭാഗങ്ങളിൽ ഈ വർഷം പുരസ്‌കാരം നൽകിയില്ല. സംവിധായകൻ ആർ ശരത് ചെയർമാനായുള്ള ജൂറിയിൽ തിരക്കഥാകൃത്ത് എസ് ഹരീഷ്, നടി ലെന കുമാർ, സംവിധായകൻ സുരേഷ് പൊതുവാൾ, സംവിധായകൻ ജിത്തു കോളയാട്, ചലച്ചിത്ര അക്കാദമി സെക്രട്ടറി സി അജോയ് എന്നിവരായിരുന്നു അംഗങ്ങൾ. അതേസമയം, നിലവാരത്തകർച്ച പരിഹരിക്കുന്നതിന്റെ ഭാഗമായി ചാനൽ മേധാവികളുടെ യോഗം വിളിച്ചു ചേർത്ത് വിഷയം ചർച്ച ചെയ്യുമെന്ന് അവാർഡ് പ്രഖ്യാപിക്കാനെത്തിയ മന്ത്രി സജി ചെറിയാൻ പ്രതികരിച്ചു.
അവാർഡ് നിർണയത്തിനായി കഥാവിഭാഗത്തിൽ ആകെ 39 എൻട്രികളാണ് സമർപ്പിക്കപ്പെട്ടത്. ടെലിസീരിയൽ വിഭാഗത്തിൽ ആറും ടെലിഫിലിം വിഭാഗത്തിൽ 14 ഉം ടി.വി ഷോ എന്റർടെയ്ൻമെന്റ് വിഭാഗത്തിൽ 11ഉം കോമഡി പ്രോഗ്രാം വിഭാഗത്തിൽ എട്ടും എൻട്രികളെത്തി. എന്നാൽ, കുട്ടികൾ സജീവമായി കാണുന്ന മാധ്യമമായിരുന്നിട്ടുപോലും കുട്ടികൾക്കു വേണ്ടിയുള്ള ഹ്രസ്വചിത്ര വിഭാഗത്തിൽ ഒരു എൻട്രി പോലും എത്താതിരുന്നത് ജൂറിയെ അതിശയിപ്പിച്ചു.
നിലവാരമില്ലാത്ത എൻട്രികൾ നിരവധി വരുന്നതിനാൽ ഒരു പ്രിലിമിനറി സ്‌ക്രീനിംഗ് കമ്മറ്റി അത്യാവശ്യമാണെന്നാണ് ജൂറിയുടെ വിലയിരുത്തൽ. കൂടുതൽ വൈവിധ്യവും നിലവാരവുമുള്ള കലാസൃഷ്ടികളെ ആകർഷിക്കുന്നതിനുവേണ്ടി സിനിമയൊഴികെയുള്ള മുഴുവൻ ദൃശ്യാവിഷ്‌കാരങ്ങളെയും ഒരു കുടക്കീഴിൽ അണിനിരത്തിക്കൊണ്ട് സിനിമേതര വിഭാഗം അവാർഡ് എന്ന രീതിയിൽ സംസ്ഥാന ടെലിവിഷൻ അവാർഡ് കാലോചിതമായി പരിഷ്‌കരിക്കണം. പുതിയ കാലഘട്ടം മുന്നോട്ടുവെക്കുന്ന നവമാധ്യമ സൃഷ്ടികൾ, വെബ് സിരീസുകൾ, ക്യാമ്പസ് ചിത്രങ്ങൾ, പരസ്യ ചിത്രങ്ങൾ തുടങ്ങിയവ കൂടി നിശ്ചിത മാനദണ്ഡത്തിനു വിധേയമായി ഉൾപ്പെടുത്തി ടെലിവിഷൻ അവാർഡ് പ്ലാറ്റ്‌ഫോം വിപുലപ്പെടുത്തണമെന്നും ജൂറി ശുപാർശ ചെയ്തു. പുരസ്കാരത്തിന്റെ തുക വർധിപ്പിക്കുന്നത് സംബന്ധിച്ചുള്ള ശുപാർശയിൽ മന്ത്രി അനുകൂലമായാണ് പ്രതികരിച്ചത്. അടുത്ത വർഷം മുതൽ അവാർഡ് തുക വർധിപ്പിക്കുമെന്ന് സജി ചെറിയാൻ ഉറപ്പു നൽകി.
ഇത്തവണ പ്രത്യേക ജൂറി പരാമർശം ഉൾപ്പെടെ 49 പേരാണ് അവാർഡിന് അർഹരായത്. കഥാവിഭാഗത്തിൽ 21 കാറ്റഗറികളിലായി ഇരുപത് പേരും കഥേതര വിഭാഗത്തിൽ 18 കാറ്റഗറികളിലായി 28 പേരും പുരസ്‌കാരം നേടി. രചനാവിഭാഗത്തിൽ മികച്ച ലേഖനത്തിനുള്ള പുരസ്‌കാരം മാത്രമാണ് നൽകിയത്.

Related posts

Leave a Comment