കേരളത്തിൽ സ്ത്രീ പീഡന പരമ്പര; നിയമസഭയിൽ പ്രതിപക്ഷ വാക്കൗട്ട് ;പ്രബുദ്ധ കേരളം ഉത്തരേന്ത്യക്ക് സമാനമായെന്ന് റോജി എം ജോൺ

തിരുവനന്തപുരം: കുറ്റ്യാടിയിൽ പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടി പീഡനത്തിന് ഇരയായ സംഭവം അടിയന്തര പ്രമേയത്തിലൂടെ ഉന്നയിച്ച പ്രതിപക്ഷം കേരളത്തിൽ തുടർച്ചയായി സ്ത്രീകൾക്കു കുട്ടികൾക്കും നേരെ നടക്കുന്ന ലൈംഗിക അതിക്രമത്തിനെതിരെ നിയമസഭയിൽ ആഞ്ഞടിച്ചു. ഉത്തരേന്ത്യയേക്കാൾ ഭയനാകമായ അവസ്ഥയിലാണ് പ്രബുദ്ധ കേരളത്തിൽ പീഡന പരമ്പരകൾ അരങ്ങേറുന്നതെന്ന് നോട്ടീസ് അവതരിപ്പിച്ച റോജി എം ജോൺ കുറ്റപ്പെടുത്തി. അതേസമയം, വനിതകൾക്ക് നേരെയുള്ള അക്രമങ്ങൾ കുറഞ്ഞുവെന്ന മുഖ്യമന്ത്രിയുടെ മറുപടിയെ തുടർന്ന് അടിയന്തര പ്രമേയത്തിന് സ്പീക്കർ അനുമതി നിഷേധിച്ചു. ഇതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.
2016 മുതൽ 2021 ആഗസ്റ്റ് വരെ 9594 പീഡന കേസുകളുണ്ടായെന്നിരിക്കെ സ്ത്രീ പീഡനങ്ങൾ കുറഞ്ഞുവെന്ന് മുഖ്യമന്ത്രി പറയുന്നത് എന്തടിസ്ഥാനത്തിലാണെന്ന് റോജി എം ജോൺ ചോദിച്ചു. മൂന്നു മാസത്തിനിടെ കുറ്റ്യാടിയിലും കൊല്ലത്തും ഉൾപ്പെടെ മൂന്ന് കൂട്ടബലാത്സംഗങ്ങളാണ് ഉണ്ടായത്. സ്ത്രീ സുരക്ഷയെക്കുറിച്ച് സഭയിൽ പറയുമ്പോൾ ഭരണപക്ഷത്തെ വനിതാ അംഗങ്ങൾ പോലും അസഹിഷ്ണുതാ മനോഭാവമാണ് പ്രകടിപ്പിക്കുന്നത്. വണ്ടിപ്പെരിയാറിൽ ആറുവയസുള്ള കുഞ്ഞിനെ ഡിവൈഎഫ്ഐ നേതാവ് പീഡിപ്പിച്ച് കെട്ടിത്തുക്കി കൊന്നത് കേരളം മറന്നിട്ടില്ല. പീഡനത്തിന് ഇരയായ പെൺകുട്ടി യൂട്യൂബ് വീഡിയോ കണ്ട് പ്രസവിക്കുന്നതും പതിനഞ്ചുകാരൻ യുവതിയെ ബലാത്സംഗം ചെയ്യുന്നതും ഈ പ്രബുദ്ധ കേരളത്തിലാണ് നടക്കുന്നത്. ചെമ്പഴന്തിയിൽ ഇടതുസംഘടനാ നേതാവായ അധ്യാപകന്റെ പീഡനത്തിനെതിരെ പരാതി കൊടുത്ത പെൺകുട്ടിയെ ഭീഷണിപ്പെടുത്തുന്ന സാഹചര്യമുണ്ട്. പീഡന കേസുകളിലെ പ്രതികൾക്ക് മുൻകൂർ ജാമ്യം നേടാനുള്ള അവസരം നൽകരുതെന്ന് ആവശ്യപ്പെട്ട് സിപിഎമ്മിലെ ഒരു എംഎൽഎയ്ക്ക് തന്നെ സഭയിൽ ചോദ്യം ഉന്നയിക്കേണ്ടിവന്നുവെന്നും റോജി എം ജോൺ പറഞ്ഞു.
മാധ്യമങ്ങളിലൂടെ പുറത്തുവരുമ്പോൾ മാത്രമാണ് പീഡന കേസുകളിൽ നടപടിയുണ്ടാകുന്നത്. മാധ്യമങ്ങളറിയാതെ എത്രയോ സംഭവങ്ങൾ വേറെ നടക്കുന്നുണ്ട്. പോക്കറ്റടി, അതിർത്തിത്തർക്കം എന്നിവ പോലെ നിസാരമായി പീഡനക്കേസുകളും കൈകാര്യം ചെയ്യുകയാണ്. ഇത് തടയാൻ കഴിയുന്നില്ലെങ്കിൽ സ്ത്രീ സുരക്ഷയ്ക്കെന്ന പേരിൽ നിരവധി സ്ഥാപനങ്ങളുണ്ടാക്കി ജീവനക്കാർക്ക് ശമ്പളം നൽകുന്നത് എന്തിനെന്നും റോജി ചോദിച്ചു.
പീഡന സംഭവങ്ങളിൽ പൊലീസ് ഇടപെട്ട് ശക്തമായ നടപടിയാണ് സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി മറുപടി നൽകി. കേരളത്തിൽ ഉണ്ടാകാൻ പാടില്ലാത്ത കാര്യങ്ങളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. പ്രണയത്തിന്റെ പേരിൽ പോലും പീഡനങ്ങൾ നടക്കുന്നു. പാലിന്റെ മണം മാറാത്ത കുട്ടികൾ പീഡന സംഭവങ്ങളിൽ കുറ്റവാളികളാകുന്നത് ഞെട്ടിക്കുന്നതാണ്. കേരളം ഉത്തരേന്ത്യയ്ക്ക് സമാനമായെന്ന പ്രതിപക്ഷ ആരോപണം തള്ളുന്നതായും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ മറുപടിക്ക് പിന്നാലെ അടിയന്തര പ്രമേയത്തിന് സ്പീക്കർ അനുമതി നിഷേധിച്ചു. ഇതിൽ പ്രതിഷേധിച്ചാണ് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയത്.

Related posts

Leave a Comment