മുതിർന്ന കോൺ​ഗ്രസ് നേതാവ് റോസയ്യ അന്തരിച്ചു

ഹൈദരാബാദ്: മുതിർന്ന കോൺ​ഗ്രസ് നേതാവും ആന്ധ്ര പ്രദേശ് മുൻമുഖ്യമന്ത്രിയും കർണാടക, തമിഴ്നാട് ഗവർണറുമായിരുന്ന കെ റോസയ്യ (88) അന്തരിച്ചു. ഹൈദരാബാദിൽ ഇന്നു പുലർച്ചെയായിരുന്നു അന്ത്യം. ആന്ധ്രപ്രദേശിൽ 16 തവണ ബജറ്റ് അവതരിപ്പിച്ച് റെക്കോർഡ് സൃഷ്ടിച്ച ധനമന്ത്രിയാണ് അദ്ദേഹം. രാജ്യത്തു തന്നെ ഇത്രയധികം ബജറ്റ് അവതരിപ്പിച്ച മറ്റൊരു മന്ത്രിയില്ല.
വൈഎസ്ആർ രാജശേഖര റെഡ്ഡിയുടെ മരണശേഷം 2009 സെപ്തംബർ മുതൽ 2010 നവംബർ വരെ അവിഭക്ത ആന്ധ്രാപ്രദേശിന്റെ മുഖ്യമന്ത്രിയായിരുന്നു റോസയ്യ. ആന്ധ്രാ നിയമസഭയിലേ‍ കോൺ​ഗ്രസിന്റെ കരുത്തുറ്റ ശബ്ദമായിരുന്നു റോസയ്യ. 1998ൽ ലോക്സഭയിലേക്കും തെര‍ഞ്ഞെടുക്കപ്പെട്ടു. ആന്ധ്രാപ്രദേശ് കോൺ​ഗ്രസ് കമ്മിറ്റി പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. 1933 ജൂലൈ നാലിന് ​ഗുണ്ടൂർ ജില്ലയിലെ വെമുരുവിലാണ് റോസയ്യ ജനിച്ചത്.
പല മന്ത്രിസഭകളിലും അംഗമായിരുന്ന റോസയ്യ പ്രധാനമായും ധനകാര്യവകുപ്പിന്റെ ചുമതലയാണ് വഹിച്ചിരുന്നത്. ജനപ്രിയ മുഖ്യമന്ത്രിയായിരുന്ന ഡോ.വൈ.എസ് രാജശേഖരറെഡ്ഡിയുടെ അകാലനിര്യാണത്തെത്തുടർന്നു ഇദ്ദേഹം ആന്ധ്രാപ്രദേശിന്റെ പതിനഞ്ചാമത്തെ മുഖ്യമന്തിയായി 2009 സെപ്തംബർ 3 -ന് അധികാരം എറ്റെടുത്തു. തെലുങ്കാന പ്രക്ഷോഭകർക്ക് പുറമേ വൈ.എസ് രാജശേഖരറെഡ്ഡിയുടെ മകൻ ജഗൻമോഹന്റെ നേതൃത്വത്തിലുള്ള വിഭാഗവും സുഗമമായ ഭരണം നടത്തുവാൻ അദ്ദേഹത്തിന് പലപ്പോഴും പ്രതിബന്ധം സൃഷ്ടിച്ചു. വിമതനീക്കങ്ങൾ ശക്തമാകുന്നതിനിടെ 2010 നവംബർ 24 ന് അപ്രതീക്ഷിതമായി മുഖ്യമന്തിസ്ഥാനം രാജി വെച്ചു.

Related posts

Leave a Comment