മെഡിസെപ്പ് പദ്ധതിയിൽ മുതിർന്ന പത്രപ്രവർത്തകരെ ഉൾപ്പെടുത്തണം: സീനിയർ ജേണലിസ്റ്റ്സ് ഫോറം

തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള മെഡിസെപ്പ് ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയിൽ സർക്കാർ പെൻഷൻ വാങ്ങുന്ന മുതിർന്ന മാധ്യമ പ്രവർത്തകരെക്കൂടി ഉൾപ്പെടുത്തണമെന്ന് തിരുവനന്തപുരം പ്രസ് ക്ലബ് ഹാളിൽ ചേർന്ന സീനിയർ ജേണലിസ്റ്റ്സ് ഫോറം സംസ്ഥാന കമ്മിറ്റി യോഗം സംസ്ഥാന സർക്കാരിനോടാവശ്യപ്പെട്ടു. പെൻഷൻ 20,000 രൂപയായി വർധിപ്പിക്കുക, തീവണ്ടികളിൽ മുതിർന്ന പൗരൻമാർക്കുണ്ടായിരുന്ന കൺസഷൻ പുന:സ്ഥാപിക്കുക എന്നീ ആവശ്യങ്ങളടങ്ങുന്ന പ്രമേയങ്ങളും യോഗം അംഗീകരിച്ചു.

ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു മുഖ്യാതിഥിയായിരുന്ന
യോഗത്തിൽ പ്രസിഡന്റ് വി. പ്രതാപചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. പെൻ ഷൻ വാങ്ങുന്ന മാദ്ധ്യമ പ്രവർത്തകർക്ക് കെ എസ് ആർ ടി സി യിൽ പാസ് അനുവദിക്കുന്ന കാര്യം പരിഗണിക്കുന്നതാണെന്ന് മന്ത്രി പറഞ്ഞു. വൈസ് പ്രസിഡന്റ് പി. പി. മുഹമ്മദ് കുട്ടിയും എം.വി. രവീന്ദ്രനും പ്രമേയങ്ങളവതരിപ്പിച്ചു.

കെ പി സി സി ട്രഷററായി തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് വി. പ്രതാപചന്ദ്രനെ യോഗം അനുമോദിച്ചു. പി. ഗോപി പ്രസിഡന്റിനെ പൊന്നാട അണിയിച്ചു. പ്രതാപനെ അനുമോദിച്ചും ജനറൽ സെക്രട്ടറിയുടെ പ്രവർത്തന റിപ്പോർട്ടിൻമേലുള്ള ചർച്ചയിൽ പങ്കെടുത്തും കെ പി വിജയകുമാർ, തേക്കിൻകാട് ജോസഫ്, ഹരിദാസ് പാലയിൽ, തോമസ് ഗ്രിഗറി, എസ്.സുധീശൻ, അലക്സാണ്ടർ സാം, എൻ.ശ്രീകുമാർ, പഴയിടം മുരളി, പട്ടത്താനം ശ്രീകണ്ഠൻ, മുഹമ്മദ് കോയ കിണാശേരി, എം.ബാലഗോപാലൻ, സന്തോഷ് എസ്. കുമാർ എന്നിവർ സംസാരിച്ചു.

ജില്ലാ പ്രസിഡന്റ് ടി. ശശി മോഹൻ സ്വാഗതവും സംസ്ഥാന ട്രഷറർ കെ ജി മത്തായി നന്ദിയും പറഞ്ഞു.

Related posts

Leave a Comment