സെമി കേഡറായി കോൺഗ്രസ്

*സംഘടനാതലത്തിൽ അടിമുടി മാറ്റം
*വ്യക്തി കേന്ദ്രീകൃത ഫ്ളക്സ് ബോർഡിന് വിലക്ക്
*അച്ചടക്കലംഘന നടപടിക്ക് പദവി നോക്കില്ല

തിരുവനന്തപുരം: താഴേത്തട്ടുമുതൽ സംസ്ഥാന തലം വരെ സംഘടനാ സംവിധാനത്തിൽ മാറ്റം വരുത്തിയും ഇതുവരെയുള്ള പൊതുരീതികളിൽ അഴിച്ചുപണി നടത്തിയും കോൺഗ്രസ് പാർട്ടി സെമി കേഡർ സംവിധാനത്തിലേക്ക് എത്തുന്നു. കെപിസിസിയുടെ നേതൃത്വത്തിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻമാർക്ക് വേണ്ടി നെയ്യാർ ഡാമിലെ രാജീവ്ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡവലപ്മെന്റ് സ്റ്റഡീസിൽ നടത്തിയ ദ്വിദിന ശിൽപ്പശാലയിലാണ് പാർട്ടിയിൽ ഘടനാപരമായി വരുത്തേണ്ട മാറ്റങ്ങൾ ചർച്ച ചെയ്ത് അംഗീകരിക്കപ്പെട്ടത്. അച്ചടക്കം ലംഘിക്കുന്നവർ ഏത് ഉന്നത പദവിയിലുള്ളവരായാലും അവർക്കെതിരെ കർശന നടപടിക്ക് മാർഗരേഖയുണ്ടാക്കിയും വ്യക്തി കേന്ദ്രീകൃതമായി ഫ്ളക്സ് ബോർഡുകൾ സ്ഥാപിക്കുന്നത് വിലക്കിയും  സംസ്ഥാന, ജില്ലാതലങ്ങളിൽ അച്ചടക്ക സമിതി രൂപീകരിക്കാൻ തീരുമാനമെടുത്തും പാർട്ടിക്ക് ഊർജവു ഉണർവും നൽകുന്ന മാറ്റങ്ങൾക്കാണ് ശിൽപശാലയിലെ തീരുമാനം. ചുമതലാബോധമുള്ള പാര്‍ട്ടിയായി കോണ്‍ഗ്രസിനെ പുനക്രമീകരിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി ശിൽപശാലക്ക് ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
പുതുതായി പ്രഖ്യാപിച്ച തീരുമാനങ്ങൾ ഇവയാണ്:
കോണ്‍ഗ്രസ് ഭാരവാഹികള്‍ക്ക് യൂണിറ്റുതലം മുതല്‍ സംസ്ഥാനതലം വരെ ചുമതലകള്‍ കൃത്യമായി വീതിച്ച് നല്‍കും.ചുമതല നിര്‍വഹണം  നിശ്ചിത ഇടവേളകളില്‍ പരിശോധിക്കും. ചുമതല കാര്യക്ഷമായി നിര്‍വഹിക്കാത്ത ഭാരവാഹികളെ ഒഴിവാക്കും.
ഒരു നിയമസഭാ മണ്ഡലത്തില്‍ ഒരു മണ്ഡലം  പ്രസിഡന്റെങ്കിലും വനിതയായിരിക്കും.
സാമൂഹ്യമാധ്യമങ്ങളിലൂടയോ മറ്റുരീതിയിലോ നേതാക്കളെ ആക്ഷേപിക്കുകയോ പൊതു സമൂഹത്തിന് പാര്‍ട്ടിയോട് അവമതിപ്പ് ഉണ്ടാക്കുന്ന പ്രവര്‍ത്തനങ്ങളോ നടത്തുവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും
വ്യക്തി കേന്ദ്രീകൃതമായ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ നിരുത്സാഹപ്പെടുത്തുകയും പാര്‍ട്ടി കേന്ദ്രീകൃമായ ബോര്‍ഡുകള്‍ സ്ഥാപിക്കുകയും വേണം.
ഒരെ നേതാക്കള്‍ പല പോഷകസംഘടനകളുടെ ഭാരവാഹികളാകുന്ന സ്ഥിതി നിരുത്സാഹപ്പെടുത്തും.
സംസ്ഥാന ജില്ലാതലത്തില്‍ അച്ചടക്ക സമിതിക്ക് രൂപം നല്‍കും.
ത്രിതല പഞ്ചായത്തുകളിലും സഹകരണ മേഖലയിലും കൃത്യമായ പാര്‍ട്ടി നിയന്ത്രണം കൊണ്ടുവരും. ഒരു ബാങ്ക് ഡയറക്ടര്‍ എത്ര തവണ തുടരണമെന്നത് സംബന്ധിച്ച് വ്യവസ്ഥ കൊണ്ടുവരും.
തെരഞ്ഞെടുക്കപ്പെട്ട പഞ്ചായത്തീരാജ്-നഗരപാലിക ജനപ്രതിനിധികളുടെ പ്രവര്‍ത്തനം വിലയിരുത്താന്‍ മണ്ഡലംതലത്തില്‍ മേല്‍നോട്ട സമിതികള്‍ക്ക് രൂപം നല്‍കും.
പാര്‍ട്ടി സംഘടിപ്പിക്കുന്ന പൊതുയോഗങ്ങള്‍,പാര്‍ട്ടി പരിപാടികള്‍,ജാഥകള്‍,സമരങ്ങള്‍ എന്നിവയ്ക്ക് കൃത്യമായ പെരുമാറ്റച്ചട്ടം രൂപീകരിക്കും.
പാര്‍ട്ടിയില്‍ സമ്പൂര്‍ണ്ണ ഐക്യത്തോടെ മുന്നോട്ട് പോകുന്ന പശ്ചാത്തലത്തില്‍  പാര്‍ട്ടിയുടെ വിവിധതലത്തിലെ പ്രവര്‍ത്തനത്തെയും പൊതു ഐക്യത്തേയും ബുദ്ധുമുട്ടിലാക്കുന്ന ഒരു വിഭാഗീയ പ്രവര്‍ത്തനവും അനുവദിക്കില്ല. അത്തരം നടപടി ഉണ്ടായാല്‍ ശക്തമായ നടപടി സ്വീകരിക്കും.
കേരളത്തില്‍ മഹാത്മ ഗാന്ധി സന്ദര്‍ശിച്ച  എല്ലാ സ്ഥലങ്ങളിലും സ്വാതന്ത്ര്യത്തിന്റെ 75 ാം വാര്‍ഷികം പ്രമാണിച്ച്  75 പാര്‍ട്ടി കേഡറുകള്‍ യാത്ര നടത്തും.
നെഹ്‌റു മതേതര യാത്രകള്‍ കേരളത്തിലെ 75 താലൂക്കുകളില്‍ സംഘടിപ്പിക്കും.
ജനുവരി 26ന് ഭരണഘടനാ സംരക്ഷണ ദിനമായി ആചരിക്കും. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള  പ്രദേശിക യൂണിറ്റുകള്‍ നിര്‍മ്മിച്ച ദേശീയപാതക അന്നേ ദിവസം ഉയര്‍ത്തും.
75 സ്വാതന്ത്ര്യ ഗീതങ്ങളടങ്ങിയ പുസ്തകം കെപിസിസി പ്രസിദ്ധീകരിക്കും.
സെപ്റ്റംബര്‍ 28ന് വിവരാവാകാശ ദിനാചരണം. ‘ഹനിക്കപ്പെടുന്ന വിവരാവകാശ നിയമം’ എന്ന വിഷയത്തെ ആസ്പദമാക്കി തിരുവനന്തപുരത്ത് സെമിനാര്‍ നടത്തും.
ഒക്ടോബര്‍ 2ന് ‘ഗാന്ധി തന്നെ മാര്‍ഗം’ എന്ന പ്രമേയത്തില്‍ മണ്ഡലംതലത്തില്‍ മഹാത്മാ സ്മൃതി സംഗമങ്ങള്‍ സംഘടിപ്പിക്കും

Related posts

Leave a Comment