അതിവേഗ റെയിൽ പദ്ധതി; യു‍ഡിഎഫ് ഉപസമിതി സെപ്റ്റംബർ 2 ന് തിരുവനന്തപുരത്ത്

തിരുവനന്തപുരം: തിരുവനന്തപുരം- കാസർഗോഡ് അർദ്ധ അതിവേഗ റെയിൽപാതയായ സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട് പദ്ധതി പ്രദേശത്തെ ജനങ്ങൾക്കിടയിൽ ഉയർന്നിട്ടുള്ള ആശങ്കകളും ആക്ഷേപങ്ങളും കേൾക്കുന്നതിനുള്ള യുഡിഎഫ് ഉപസമിതി സെപ്റ്റംബർ 2 ന് തിരുവനന്തപുരത്ത് യോഗം വിളിക്കും.
പദ്ധതിയുടെ ഭാഗമായുള്ള സ്ഥലമേറ്റെടുക്കൽ, അത് എത്ര പേരെയാണ് പ്രതികൂലമായി ബാധിക്കുക, തൃപ്തികരമായ പുനരധിവാസം, ന്യായമായ നഷ്ടപരിഹാരം എന്നിവയെക്കുറിച്ച് വസ്തുനിഷ്ഠമായ പഠനവും പരിശോധനയും നടന്നതായി കാണുന്നില്ല. ഇതുമായി ബന്ധപ്പെട്ട് ഭൂമി നഷ്ടപ്പെടുന്നവരെ കേൾക്കുന്നതിനു ഔദ്യോഗിക സംവിധാനങ്ങൾ ശ്രമിച്ചിട്ടില്ല. പദ്ധതിയുടെ സാമ്പത്തികമായ ലാഭക്ഷമത, പരിസ്ഥിതിക്കു ഉണ്ടാക്കുന്ന ആഘാതം എന്നിവയെക്കുറിച്ചും നിരവധി സംശയങ്ങൾ ഉയർന്നിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് യുഡിഎഫിന്റെ നേതൃത്വത്തിൽ യോഗം വിളിച്ചിരിക്കുന്നത്. രാവിലെ പത്തിന് തിരുവനന്തപുരം നന്ദാവനം സിഎച്ച് ഫൗണ്ടേഷനിൽ നടക്കുന്ന സബ് കമ്മിറ്റിയിൽ  ചെയർമാൻ ഡോ. എം.കെ. മുനീർ, എംഎൽഎമാരായ മോൻസ് ജോസഫ്, അനൂപ് ജേക്കബ്, മാണി സി കാപ്പൻ, മുൻ മന്ത്രിമാരായ കെ സി ജോസഫ്, ഷിബു ബേബിജോൺ,  അംഗങ്ങളായ സി പി ജോൺ,വി ടി ബലറാം ജി ദേവരാജൻ, ജോൺ ജോൺ, എ എൻ രാജൻ ബാബു എന്നിവരും ജില്ലയിലെ യുഡിഎഫ് നേതാക്കളും പങ്കെടുക്കും. നിർദ്ദേശങ്ങളും പരാതികളും ഉള്ള  പ്രദേശവാസികൾ പരാതികൾ സബ് കമ്മിറ്റിക്ക് മുന്നിൽ  സമർപ്പിക്കണമെന്ന് യു ഡി എഫ് ജില്ലാ ചെയർമാൻ അഡ്വ പി.കെ വേണുഗോപാൽ, ജില്ലാ കൺവീനർ അഡ്വ ബീമാപള്ളി റഷീദ് എന്നിവർ അറിയിച്ചു.

Related posts

Leave a Comment