കേരളം കാണണം, കുട്ടനാടിന്‍റെ കണ്ണീരോണം

  • തിരുവോണത്തിൽ കേരളത്തിൻ്റെ പ്രതിപക്ഷ നേതാവ് മലയാളികൾക്ക് മുന്നിൽ കുട്ടനാടിനെ ഓർമപ്പെടുത്തുകയാണ്. തൂശനിലയിൽ മലയാളികൾ ഓണമുണ്ണുമ്പോൾ മനസിൽ മറക്കാൻ പാടില്ലാത്ത ഇടമായി കുട്ടനാടിനെ ഓർമപ്പെടുത്തുന്നു അദ്ദേഹം. ഈ മാസം 11 ആം തിയതി (11-08-2021) സാമ്പ്രദായികരീതിയിൽ നിന്ന് പ്രതിപക്ഷം മാറി സഞ്ചരിക്കുകയാണ് എന്ന ആ മുഖത്തോടെ കുട്ടനാട് വിഷയം പ്രതിപക്ഷ നേതാവ് നിയമസഭയിൽ അടിയന്തര പ്രമേയമായി അവതരിപ്പിച്ചത് കേരളം കേട്ടതാണ്.കുട്ടനാട്ടുകാരനായി അവരുടെ പ്രശ്നങ്ങൾ അവതരിപ്പിച്ച VD തിരുവോണത്തിലും ആ ജനതയെ തന്നിലേക്ക് ചേർത്ത് നിർത്തുകയാണ്.

പ്രതിപക്ഷ നേതാവ് . വിഡി സതീശൻ എഴുതുന്നു.

ഈ ഓണനാളുകളില്‍ ഏറ്റവും ഓര്‍ത്ത കാര്യങ്ങളിലൊന്ന് കുട്ടനാടിനെക്കുറിച്ചാണ്. അവര്‍കൂടി കൃഷി ചെയ്ത അരി കൊണ്ടാണല്ലോ നമ്മള്‍ ഓണമുണ്ടത്. ഒരു സന്ദര്‍ശനം, നിയമസഭയിലെ അടിയന്തരപ്രമേയം എന്നിവയില്‍ അവസാനിപ്പിക്കാനാവുന്നതേയല്ല കുട്ടനാടും അവിടുത്തുകാരും മുന്നോട്ട് വെക്കുന്ന പ്രശ്നങ്ങളും, ചോദ്യങ്ങളും. നമുക്കോരുരുത്തര്‍ക്കും ആവുംവിധം പരിഹാരങ്ങള്‍ തേടണം, അതിനായി നിരന്തരശ്രമം നടത്തുകയും വേണം. അത്രക്കാണ് ആ നാടിന്‍റെ അതിജീവന ശ്രമം. കര്‍ഷക ദിനം, കാര്‍ഷിക സംസ്കൃതിയുടെ ആഘോഷമായ ഓണം എന്നൊക്കെ നമ്മുടെ കുട്ടികള്‍ പാഠപുസ്തകത്തിലെ അത്ഭുതമായി മാത്രം പഠിക്കാന്‍ ഇടവരാതെയിരിക്കണമെങ്കില്‍ കൃഷിയും കര്‍ഷകനും സംരക്ഷിക്കപ്പെടണം. അവരുടെയും നമ്മുടെയും ആയ മണ്ണും പുഴയും കായലും പരിരക്ഷിക്കപ്പെടണം. കാലാവസ്ഥാ വ്യതിയാനത്തിന്‍റെ അവസാനിക്കാത്ത കെടുതികളില്‍ നിന്ന് കൃഷിക്കാരെയും മീന്‍പിടുത്തക്കാരെയും കക്കവാരുന്ന തൊഴിലാളികളെയും കയര്‍പിരിക്കുന്നവരെയുമെല്ലാ ചേര്‍ത്തു പിടിക്കണം, സംരക്ഷണമൊരുക്കണം. കുട്ടനാട്ടിലെ കര്‍ഷകരുമായും മറ്റ് തൊഴിലുകളെടുത്ത് ജീവിക്കുന്നവരുമായും വരും ദിവസങ്ങളില്‍കൂടുതല്‍ സംസാരിക്കാനാഗ്രഹിക്കുന്നു. ആള്‍ക്കൂട്ടവും തിക്കും തിക്കുമില്ലാതെയുള്ള ആശയവിനിമയം. പിന്നീട് കൃഷി, ജലസേചനം, പരിസ്ഥിതി, പുനര്‍നിര്‍മിതി എന്നിങ്ങനെയുള്ള മേഖലകളിലെ വിദഗ്ധരുമായും സംസാരിക്കും. അതിന് ശേഷം തുടര്‍നടപടികളെക്കുറിച്ച് നമുക്ക് ഒരുമിച്ചാലോചിക്കാം. എല്ലാവരുടെയും, പ്രത്യേകിച്ച് കുട്ടനാട്ടുകാരുടെ, കുട്ടനാടിനെക്കുറിച്ച് പഠിച്ചവരുടെ പിന്തുണയും മാര്‍ഗനിര്‍ദേശവും ഉണ്ടാകണം. കാര്യങ്ങള്‍പറഞ്ഞു തരുന്നതിലും തിരുത്തുകളും നിര്‍ദേശങ്ങളും മുന്നോട്ട് വെക്കുന്നതിലും.

Related posts

Leave a Comment