ജമ്മുകാശ്മീരില്‍ ലഷ്‌കര്‍ ഭീകരരെ കൂട്ടത്തോടെ വധിച്ച് സുരക്ഷാ സേന

ശ്രീനഗർ: ജമ്മുകാശ്മീരിൽ രജൗരിയിലെ വനമേഖലയിൽ നടന്ന ഏറ്റുമുട്ടലിൽ ഭീകരരെ കൂട്ടത്തോടെ വധിച്ച് സുരക്ഷാ സേന. ആറു ലഷ്‌കർ ഇ ത്വയ്ബ ഭീകരരാണ് കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലിനിടെ സൈനികർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. പ്രദേശത്ത് ഭീകര വിരുദ്ധ പ്രവർത്തനങ്ങൾ തുടരുകയാണെന്ന് സുരക്ഷാ സേന അറിയിച്ചു.പാക്കിസ്ഥാനിൽ നിന്ന് അതിർത്തി കടന്നെത്തിയ ഭീകരർ വനത്തിനുള്ളിൽ ഒളിച്ചിരിക്കുന്നതായി സൈന്യത്തിന് വിവരം ലഭിച്ചിരുന്നു. 10 ലഷ്‌കർ ഭീകരർ വനമേഖലയിൽ ഒളിച്ചിരിക്കുകയാണെന്നാണ് വിവരം ലഭിച്ചത്. തുടർന്ന് നടത്തിയ പരിശോധനയ്ക്കിടെ ഭീകരർ സേനാംഗങ്ങളെ ആക്രമിക്കുകയായിരുന്നു. തുടർന്ന് സുരക്ഷാ സേന പ്രത്യാക്രമണം നടത്തി. ആറ് ഭീകരരെ വധിച്ച സൈന്യം മറ്റുള്ളവർക്കായി തെരച്ചിൽ തുടരുകയാണ്.

അതേസമയം കഴിഞ്ഞ ഏതാനും ദിവസങ്ങളായി കാശ്മീരിൽ ഭീകരരുമായുള്ള സംഘർഷം തുടരുകയാണ്. ഭീകരാക്രമണങ്ങളിൽ മലയാളി സൈനികൻ അടക്കം ഒമ്പത് പേരാണ് വീരമൃത്യുവരിച്ചത്. കൊട്ടാരക്കര വെളിയം ആശാമുക്ക് ഹരികുമാർ-മീന ദമ്പതികളുടെ മകൻ വൈശാഖ് ആണ് മരിച്ച മലയാളി സൈനികൻ. ഇതിന് പിന്നാലെ സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്ത് സൈനികരുമായി കൂടിക്കാഴ്ച നടത്തുകയും ഭീകര വിരുദ്ധ പോരാട്ടങ്ങൾ ശക്തമാക്കാൻ നിർദ്ദേശിക്കുകയും ചെയ്തിരുന്നു.

Related posts

Leave a Comment