രോഗിയുടെ കൂട്ടിരിപ്പുകാരന് സെക്യൂരിറ്റിയുടെ ക്രൂരമർദ്ദനം

*വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു
*അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗിയുടെ കൂട്ടിരിപ്പുകാരനെ സെക്യൂരിറ്റി ജീവനക്കാർ സംഘം ചേർന്ന് മർദ്ദിച്ചു. അകത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നതോടെയാണ് സംഭവം പുറം ലോകമറിഞ്ഞത്. സർക്കാരിന് നാണക്കേടായതോടെ സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ആരോഗ്യ മന്ത്രി വീണാ ജോർജ് ഉത്തരവിട്ടു.
ഇന്നലെ രാവിലെയായിരുന്നു സംഭവം. ചിറയൻകീഴ് സ്വദേശി അരുൺദേവിനെയാണ് സെക്യൂരിറ്റി ജീവനക്കാർ സംഘം ചേർന്ന് മർദ്ദിച്ചത്. ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന മുത്തശ്ശിക്ക് കൂട്ടിരിക്കാൻ വന്നതായിരുന്നു അരുൺദേവ്. ഇയാളിൽ നിന്ന് സെക്യൂരിറ്റിക്കാർ പാസ് വാങ്ങി. തിരികെ തരാത്തത് ചോദ്യം ചെയ്തതിനിടെയാണ് മൂന്ന് പേർ മർദ്ദിച്ചതെന്ന് അരുൺദേവ് പറഞ്ഞു. അകത്തേക്ക് വലിച്ച് കൊണ്ടുപോയി ഗേറ്റ് പൂട്ടിയിട്ട് മർദ്ദിക്കുകയായിരുന്നു. സ്ഥലത്തുണ്ടായിരുന്ന ആൾ ഇത് മൊബൈലിൽ ചിത്രീകരിച്ചതോടെ സെക്യൂരിറ്റി ജീവനക്കാർ ഇയാളെയും ആക്രമിക്കാൻ ശ്രമിച്ചു. അരുൺ ദേവിന്റെ പരാതിയിൽ കേസ് എടുത്തതായി മെഡിക്കൽ കോളേജ് പൊലീസ് അറിയിച്ചു.
യുവാവിന്റെ പരാതിയിലാണ് ഡിഎംഇയോട് അന്വേഷണത്തിന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഉത്തരവിട്ടത്. ഒരാഴ്ചക്കിടെ ഇത് രണ്ടാമത്തെ സംഭവമാണ്. സൂപ്പർ സെഷ്യാലിറ്റി ആശുപത്രിയിലെ രോഗിയുടെ കൂട്ടിരിപ്പുകാരനെ മർദ്ദിച്ചുവെന്ന പരാതിയിൽ സെക്യൂരിറ്റി ജീവനക്കാരനെതിരെ കേസ് എടുത്തിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പാർട്ടി നോമിനികളായി നിയമിക്കപ്പെടുന്ന സെക്യൂരിറ്റി ഉദ്യോഗസ്ഥർ രോഗികളോടും ആശുപത്രിയിൽ എത്തുന്ന സന്ദർശകരോടും ധാർഷ്ട്യത്തോടെ പെരുമാറുന്നതും കയ്യേറ്റം ചെയ്യുന്നതും സംബന്ധിച്ച് നൂറുകണക്കിന് പരാതികളാണ് ഉയരുന്നത്.

Related posts

Leave a Comment