ജോലി വാഗ്ദാനം നല്‍കി പീഡനശ്രമം ; സിപിഎം നേതാവിനെ പുറത്താക്കി

കൊല്ലം: സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ ജോലി വാഗ്ജാനം നല്‍കി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ മുതിര്‍ന്ന സിപിഎം നേതാവിനെ പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്നു സസ്പെന്‍ഡ് ചെയ്തു. തേവലക്കര സൗത്ത് ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയും ചവറ ഏരിയ കമ്മിറ്റി അംഗവുമായ അനിലിനെയാണ് ജില്ല ഘടകം പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയത്. ഇടുക്കി സ്വദേശിയായ യുവതി നല്‍കിയ പരാതിയിലാണു നടപടി. അതേ സമയം, സംഭവത്തെക്കുറിച്ചു പോലീസില്‍ പരാതി നല്‍കുന്നതു തടയാന്‍ ശ്രമിച്ച മുതിര്‍ന്ന നേതാക്കള്‍ക്കെതിരെയും പരാതി നല്‍കാന്‍ ആലോചിക്കുന്നുണ്ടെന്നു യുവതിയുടെ ബന്ധുക്കള്‍. ഇടുക്കി സ്വദേശിയാണു യുവതി. ഇവരുടെ കുടുംബവും സിപിഎം അനുഭാവികളാണെന്നു പറയുന്നു. സോഷ്യല്‍ മീഡിയ വഴിയാണ് അനില്‍ ഇവരുമായി പരിചയപ്പെട്ടത്. പിന്നീട് ജോലി വാങ്ങി നല്‍കാമെന്നു പറഞ്ഞ് യുവതിയുമായി ഇയാള്‍ കൂടുതല്‍ അടുപ്പം സ്ഥാപിച്ചു. ചവറ കെഎംഎംഎലില്‍ ജോലി തരപ്പെടുത്തിത്തരാമെന്നു പറഞ്ഞു പെണ്‍കുട്ടിയെ കൊല്ലത്തേക്കു ക്ഷണിച്ചെന്നും പറയുന്നു. എന്നാല്‍, അതിനു മുന്നോടിയായി ചില അശ്ലീല ചിത്രങ്ങള്‍ അയച്ചും ശാരീരിക ബന്ധത്തിനു പ്രേരിപ്പിച്ചും ചില സന്ദേശങ്ങളയച്ചതാണ് യുവതിയെ പ്രകോപിച്ചിപ്പത്. അവര്‍ ബന്ധുക്കളെ വിവരം അറിയിച്ചു. രക്ഷിതാക്കളുടെ പരാതിയിലാണ് പാര്‍ട്ടി നേതൃത്വം ഇടപെട്ടത്.

ജില്ലാ സെക്രട്ടറി എസ്. സുദേവന്‍, സംസ്ഥാന കമ്മിറ്റി അംഗം സൂസന്‍ കോശി എന്നിവര്‍ യുവതിയുമായി നടത്തിയ ചര്‍ച്ചയില്‍ തെളിവുകള്‍ ശേഖരിച്ചു. പോലീസ് നടപടി ഒഴിവാക്കി, പാര്‍ട്ടി ഉചിതമായ നടപടി സ്വീകരിക്കാമെന്നു നേതാക്കള്‍ ഉറപ്പ് നല്‍കിയതോടെ ബന്ധുക്കള്‍ പൊലീസ് കേസില്‍ നിന്നു പിന്മാറി. എന്നാല്‍, പീഡന കേസുകളില്‍ പ്രതികളാകുന്ന പാര്‍ട്ടി നേതാക്കള്‍ക്കെതിരേ താല്‍ക്കാലിക നടപടി സ്വീകരിച്ച ശേഷം പിന്നീടു തിരിച്ചെടുത്ത് ഉയര്‍ന്ന പദവികള്‍ നല്‍കുന്നതാണ് സമീപ കാലത്തു പാര്‍ട്ടി സ്വീകരക്കുന്ന നയമെന്ന് ഡിവൈഎഫ് നേതാക്കള്‍ തന്നെ പറയുന്നു. ഷൊര്‍ണൂരില്‍ തങ്ങളുടെ സഹപ്രവര്‍ത്തകയെ ലൈംഗികമായി പീഡിപ്പിച്ച മുതിര്‍ന്ന നേതാവ് ശശിയെ ആദ്യം പാര്‍ട്ടിയില്‍ നിന്നു പുറത്താക്കുകയും പിന്നീടു തിരിച്ചെടുത്ത് കെടിഡിസി ചെയര്‍മാനാക്കിയതും ഉദാഹരണമായി ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ഇടുക്കിയിലെ പെണ്‍കുട്ടിക്കു സംഭവിച്ചതും ഇതാണ്. ഇതിനെതിരേ പോലീസില്‍ പരാതി നല്‍കുന്ന കാര്യം പരിഗണിക്കുമെന്നു ബന്ധുക്കള്‍ പറയുന്നു.

Related posts

Leave a Comment