വിഭാഗീയത പൊട്ടിത്തെറിയിലേക്ക് ; ജി.സുധാകരന് പരസ്യ ശാസന

തിരുവനന്തപുരം:സി.പി.എമ്മിലെ കരുത്തനായ നേതാവ് ജി. സുധാകരനെതിരെ  അച്ചടക്ക നടപടി .അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ വീഴ്ച വരുത്തിയതിനാണ് സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവുമായ ജി.സുധാകരനെതിരെ പാര്‍ട്ടി നടപടി.നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ സന്ദര്‍ഭത്തിലും തെരഞ്ഞെടുപ്പ് പ്രചരണ സമയത്തും പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗത്തിന് യോജിച്ച വിധമല്ല ജി.സുധാകരന്‍ പെരുമാറിയതെന്ന് സി.പി.എം സംസ്ഥാന കമ്മിറ്റി കണ്ടെത്തി.തുടര്‍ന്ന് സുധാകരന് പരസ്യ ശാസന നല്‍കാന്‍ ഇന്നലെ ചേര്‍ന്ന സി.പി.എം സംസ്ഥാന സമിതി തീരുമാനം എടുത്തത്.തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ വീഴ്ച വന്നതായി സി.പി.എം അന്വേഷണ കമ്മിഷന്‍ കണ്ടെത്തിയിരുന്നു.തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ജി. സുധാകരന്റെ ഭാഗത്ത് നിന്നും ഗുരുതര വീഴ്ച വന്നുവെന്നാണ് എളമരം കരീം, കെ.ജെ തോമസ് എന്നിവരടങ്ങിയ സമിതിയുടെ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നത്. ഈ റിപ്പോര്‍ട്ട് ഇന്നലെ സംസ്ഥാന സമിതിയില്‍ ചര്‍ച്ച ചെയ്തു. തുടര്‍ന്നാണ് നടപടി.സി.പി.എം സംഘടനാ സംവിധാനത്തില്‍ അംഗങ്ങള്‍ക്കെതിരെ എടുക്കുന്ന ആറ് തരം അച്ചടക്ക നടപടികളില്‍ മൂന്നാമത്തെ അച്ചടക്ക നടപടിയാണ് പരസ്യ ശാസന.
രണ്ട് തവണ മത്സരിച്ചവര്‍ തെരഞ്ഞെടുപ്പില്‍ നിന്നും മാറി നില്‍ക്കണമെന്ന പാര്‍ട്ടിയുടെ കര്‍ശന നിബന്ധനയെ തുടര്‍ന്ന് അമ്പലപ്പുഴയില്‍ നിന്ന് രണ്ടാം തവണയും മത്സരിക്കാന്‍ തയ്യാറെടുത്ത സുധാകരന് മാറി നില്‍ക്കേണ്ടി വന്നു.ഇതില്‍ പ്രതിഷേധിച്ച് സുധാകരന്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ നിന്നും വിട്ട് നില്‍ക്കുകയും അമ്പലപ്പുഴയില്‍ മത്സരിച്ച എച്ച്. സലാമിനെതിരായി വ്യക്തിപരമായ ആക്ഷേപങ്ങള്‍ ഉയര്‍ന്നപ്പോള്‍ മൗനം പാലിക്കുകയും ചെയ്തു.പ്രചരണത്തിന്റെ ആദ്യഘട്ടങ്ങളില്‍ നടന്ന കുടുംബയോഗങ്ങളില്‍ പങ്കെടുത്തില്ല. തെരഞ്ഞെടുപ്പ് ഫണ്ട് കണ്ടെത്തുന്നതില്‍ വീഴ്ച വരുത്തി. തുടങ്ങിയ ഗുരുതരമായ കണ്ടെത്തലുകളാണ് പാര്‍ട്ടി അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്.സി.പി.എം തെരഞ്ഞെടുപ്പ് റിപ്പോര്‍ട്ടില്‍ പേരെടുത്ത് പരാമര്‍ശിക്കുന്ന ഏക നേതാവ് ജി.സുധാകരനാണ്.
എന്നാല്‍ എന്ത് നടപടി സ്വീകരിക്കണമെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നില്ല. ഇന്നലെ ചേര്‍ന്ന സംസ്ഥാന സമിതി യോഗത്തില്‍ പരസ്യ ശാസന എന്ന സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനം റിപ്പോര്‍ട്ട് ചെയ്തു. സുധാകരന്‍ കൂടി പങ്കെടുത്ത സംസ്ഥാന സമിതി ഈ തീരുമാനം അംഗീകരിക്കുകയായിരുന്നു.എന്നാല്‍ ജി.സുധാകരന്റെ ജനകീയതയും പാര്‍ട്ടി പാരമ്പര്യവും കണക്കിലെടുത്താണ് കടുത്ത നടപടികള്‍ സ്വീകരിക്കാത്തത്.സി.പി.എം ലെനിനിസ്റ്റ് സംഘടനാ രീതിയില്‍ പരസ്യമായ ശാസനയെന്നത് ഗൗരവമായ സംഘടനാ നടപടി തന്നെയാണ്‌.സി.പി.എമ്മിലെ എല്ലാ വിഭാഗീയതയും എന്നെന്നേക്കുമായി അവസാനിച്ചെന്നൊക്കെ ആവര്‍ത്തിച്ചു പറയുമ്പോഴും പാര്‍ട്ടിയുടെ ഇപ്പോഴത്തെ അവസ്ഥ അതല്ല. പാര്‍ട്ടിയില്‍ പിണറായി വിജയന്റെ അപ്രമാദിത്വത്തിനെതിരെ വി.എസ്പിണറായി പോരിന്റെ ആ പഴയ നാള്‍വഴികളിലേക് സി.പി.എമ്മിലെ വിഭാഗീയത എത്തി നില്‍ക്കുന്നു.

Related posts

Leave a Comment