ചാലിപ്പുഴ ദുരന്തംഃ യുവാവിന്‍റെ മൃതദേഹത്തിനായി തെരച്ചില്‍

കോഴിക്കോട്ഃ ചാലിപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ടു കാണാതായ യുവാവിനു വേണ്ടിയുള്ള തെരച്ചില്‍ തുടരുന്നു. കിണാശേരി അന്‍സാര്‍ മുഹമ്മദിനു വേണ്ടിയാണ് തെരച്ചില്‍. രാത്രിയോടെ നിര്‍ത്തിവച്ച തെരച്ചില്‍ നാളെ രാവിലെ വീണ്ടും തുടങ്ങും. അപകടത്തില്‍പ്പെട്ടു മരിച്ച അയിഷ നിഷലയുടെ മൃതദേഹം സ്വദേശത്തേക്കു കൊണ്ടു പോയി. ഇന്നു വൈകുന്നരമാണ് അപകടമുണ്ടായത്.

പെരുമണ്ണ പുതിയോട്ടില്‍ ഇര്‍ഷാദിന്‍റെ ഭാര്യയാണ് അയിഷ. ഇര്‍ഷാദ്, സുഹൃത്തുക്കളായ അന്‍സാര്‍ മുഹമ്മദ്, അജ്മല്‍ എന്നിവര്‍ക്കൊപ്പമാണ് അയിഷയും എത്തിയത്. വയനാട് കമ്പത്തുകാട്ടില്‍ നിന്നു രണ്ടു ബൈക്കുകളിലായി മടങ്ങുംവഴിയാണ് സംഘം ചാലിപ്പുഴയിലെ പുളി‍ഞ്ചോട്ടില്‍ കയത്തിനു സമീപത്തെത്തിയത്. ഇവരെത്തുമ്പോള്‍ പുഴ ശാന്തമായിരുന്നു. പുഴയ്ക്കുള്ളില്‍ ഉയര്‍ന്നു നിന്ന പാറക്കെട്ടുകളില്‍ ഇരുന്ന് സംസാരിക്കുകയും ഫോട്ടോ എടുക്കുകയും ചെയ്യുന്നത് നാട്ടുകാര്‍ കണ്ടതാണ്.

വൈകുന്നേരത്തോടെ അപ്രതീക്ഷിതമായി ജലനിരപ്പുയരുകയും നാലുപേരും ഒഴുക്കില്‍പ്പെടുകയും ചെയ്തു എന്നാണു കരുതുന്നത്. രണ്ടു പേര്‍ നീന്തി രക്ഷപ്പെട്ടു, ഇവര്‍ പറഞ്ഞതനുസരിച്ച് നാട്ടുകാര്‍ പൊലീസിലും ഫയര്‍ഫോഴ്സിലും വിവരമറിയിച്ചു. മുക്കത്തു നിന്ന് ഒരു യൂണിറ്റ് ഫയര്‍ഫോഴ്സും കോടഞ്ചേരിയില്‍ നിന്നു പോലീസും സ്ഥലത്തെത്തി. തെരച്ചിലില്‍ അയിഷയുടെ മൃതദേഹം കണ്ടെടുത്തു. അന്‍സാര്‍ മുഹമ്മദിനു വേണ്ടിയാണ് തെരച്ചില്‍.

Related posts

Leave a Comment