ആലപ്പുഴയിൽ എസ് ഡി പി ഐ നേതാവിന്റെ കൊലപാതകം ; രണ്ടുപേർ അറസ്റ്റിൽ ;ഷാനെ ഇടിച്ചു വീഴ്ത്തിയ കാർ കണിച്ചുകുളങ്ങരയിൽ നിന്നും കണ്ടെത്തി

ആലപ്പുഴ: എസ് ഡി പി ഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ. കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിലെടുത്ത ആർ എസ് എസ് പ്രവർത്തകരായ മണ്ണഞ്ചേരി പൊന്നാട് കാവച്ചിറ വീട്ടിൽ പ്രസാദ്(രാജേന്ദ്രപ്രസാദ്-39) കാട്ടൂർ കുളമാക്കി വെളിയിൽ കുട്ടൻ(രതീഷ്-31) എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഇരുവരേയും ആലപ്പുഴ ജില്ലാ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. കൊലപാതകത്തിൽ ഇവർ നേരിട്ട് പങ്കെടുത്തിട്ടില്ലെങ്കിലും ഗൂഢാലോചനയിലും ആസൂത്രണത്തിലും പങ്കെടുത്തവരാണ് ഇവരെന്ന് പൊലീസ് പറഞ്ഞു. ഇനിയും എട്ട് പ്രതികളെ കൂടി പിടികൂടാനുണ്ട്. ഷാനെ കൊലപ്പെടുത്തിയവരെ എല്ലാവരേയും തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇവർ ഉടൻ പിടിയിലാകുമെന്നും പ്രത്യേക അന്വേഷണ സംഘത്തിന്റെ ചുമതലയുള്ള എ ഡി ജി പി വിജയ് സാഖറെ പറഞ്ഞു. അറസ്റ്റിലായ പ്രസാദാണ് കൊലപാതകം ആസൂത്രണം ചെയ്തതും കൃത്യം നടത്താനുള്ള വാഹനം ഏർപ്പാടാക്കി നൽകിയതും. ഷാൻ കൊലക്കേസിൽ ആകെ പത്ത് പ്രതികളാണുള്ളത്. ഇവരിൽ ബാക്കി എട്ടുപേരെയും തിരിച്ചറിഞ്ഞിട്ടുണ്ട്. ബി ജെ പി നേതാവ് രഞ്ജിത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ നിലവിൽ 12 പ്രതികളാണുള്ളതെന്നും എ.ഡി.ജി.പി. വ്യക്തമാക്കി. കൂടുതൽ പ്രതികളുണ്ടാകാനും സാധ്യതയുണ്ട്. അന്വേഷണത്തിൽ പ്രതികളെക്കുറിച്ച് വ്യക്തമായ സൂചനകൾ ലഭിച്ചിട്ടുണ്ട്. ഇവരെ ഉടൻ പിടികൂടാൻ കഴിയും. അന്വേഷണം തുടരുന്നതിനാൽ ചിലകാര്യങ്ങൾ ഇപ്പോൾ വെളിപ്പെടുത്താനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതിനിടെ പ്രതികൾ സഞ്ചരിച്ചതും ഷാനെ ഇടിച്ചു വീഴ്ത്തിയതുമായ കാർ ചേർത്തല കണിച്ചുകുളങ്ങര അന്നപ്പുരയ്ക്കൽ ജംഗ്ഷന് സമീപം ആൾതാമസമില്ലാത്ത സ്ഥലത്തെ പുരയിടത്തിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. മണ്ണഞ്ചേരിയിൽ ഷാൻ വെട്ടേറ്റ് വീണ സ്ഥലത്തെ സി സി ടി വി ദൃശ്യങ്ങളിൽ നിന്നും പ്രതികളെത്തിയത് കാറിലാണെന്നും മറ്റും നേരത്തെ തിരിച്ചറിഞ്ഞിരുന്നു. എന്നാൽ പൊലീസ് അന്വേഷണത്തിൽ കാർ കണ്ടെടുക്കാൻ കഴിഞ്ഞില്ല. പ്രദേശവാസികളാണ് കണിച്ചുകുളങ്ങരയിൽ രണ്ട് ദിവസമായി കാർ കിടക്കുന്ന വിവരം പൊലീസിൽ അറിയിച്ചത്. ഉടൻ തന്നെ വിരലടയാള വിദഗ്ധരും പൊലീസും സ്ഥലത്തെത്തി കാർ പ്രതികൾ ഉപയോഗിച്ചതാണെന്ന് തിരിച്ചറിയുകയും ചെയ്തു.

Related posts

Leave a Comment