കോളെജുകള്‍ക്കു പിന്നാലെ സ്കൂളുകളും തുറക്കാന്‍ നീക്കം തുടങ്ങി

കൊച്ചിഃ സംസ്ഥാനത്ത് സ്കൂളുകള്‍ തുറക്കാനുള്ള നടപടികള്‍ തുടങ്ങി. അടുത്ത മാസം നാലിനു കോളെജുകള്‍ തുറന്ന ശേഷമായിരിക്കും സ്കൂളുകള്‍ തുറക്കുക. എന്നാല്‍ എന്നു മുതല്‍ തുറക്കാനാവുമെന്ന കാര്യത്തില്‍ തീരുമാനമായില്ല. ഈ മാസം അവസാനത്തോടെ സംസ്ഥാനത്തെ പൊതു ടിപിആര്‍ ശരാശരി അഞ്ചു ശതമാനത്തിലേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ സാഹചര്യത്തില്‍ സ്കൂളുകള്‍ തുറക്കുന്ന കാര്യം പരിഗണിക്കാമെന്നു കഴിഞ്ഞ വെള്ളിയാഴ്ച നടന്ന ഉന്നത ‌തല യോഗത്തില്‍ വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിരുന്നു. മറ്റു സംസ്ഥാനങ്ങളിലെല്ലാം സ്കൂളുകള്‍ തുറന്ന കാര്യവും വിദഗ്ധര്‍ വിലയിരുത്തി.

ഇതിന്‍റെ ഭാഗമായി സംസ്ഥാനത്ത് അധ്യാപകരുടെ വാക്സിനേഷൻ വേഗത്തിൽ പൂർത്തിയാക്കും.പ്ലസ് വണ്‍ കേസിലെ സുപ്രീംകോടതി വിധി അറിഞ്ഞശേഷം മാത്രമായിരിക്കും സ്കൂൾ തുറക്കുന്നതിൽ തീരുമാനം. നിലപാട് വകുപ്പ് സർക്കാരിന് രേഖാമൂലം നൽകും.

മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ഇവിടെ പഠിക്കാൻ ആഗ്രഹിക്കുന്നവരെ അതിനും അനുവദിക്കും. അതേസമയം, ഒക്ടോബർ നാല് മുതൽ അവസാന വർഷം ബിരുദ-ബിരാദാനന്തര ക്ലാസുകൾ തുടങ്ങാനുള്ള ഒരുക്കം തുടങ്ങിയെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു അറിയിച്ചു.

എല്ലാവർക്കും ഒരുമിച്ചായിരിക്കില്ല ഓഫ് ലൈൻ ക്ലാസ്. കൊവിഡ് മാനദണ്ഡം മാനിച്ചുള്ള ക്രമീകരണം നടത്തും. സംസ്ഥാനത്ത് ഒന്നിടവിട്ട ദിവസങ്ങളിൽ ക്ലാസുകൾ നടത്തിയോ അല്ലെങ്കിൽ രണ്ട് ഷിഫ്റ്റുകളായോ കോളേജുകൾ തുറക്കാനാണ് ആലോചന. വിദ്യാർത്ഥികൾക്ക് അതത് സ്ഥാപനങ്ങളിൽ തന്നെ വാക്സിൻ ലഭ്യമാക്കാൻ നടപടിയെടുക്കുമെന്ന് മന്ത്രി ആർ‍ ബിന്ദു പറഞ്ഞു.

ഈ മാസം 10 ന് സ്ഥാപന മേധാവികളുടെ വിപുലമായ യോഗം ചേരും. അധ്യാപകരുടെ വാക്സിനേഷൻ ഇതിനകം തീർക്കും.

Related posts

Leave a Comment