കേരളത്തിലും സ്കൂൾ തുറക്കുന്നു ; ഓൺലൈൻ പഠനം കുട്ടികൾക്ക് പ്രശ്നമെന്ന് എസ്.സി.ഇ.ആർ.ടി

തിരുവനന്തപുരം: മറ്റ് സംസ്ഥാനങ്ങൾക്ക് പിന്നാലെ കേരളത്തിലും സ്കൂളുകൾ തുറക്കുന്നത് സംബന്ധിച്ച് സർക്കാർ ആലോചന തുടങ്ങി. ഓൺലൈൻ പഠനവും ഡിജിറ്റൽ ഉപകരണങ്ങളുടെ നിരന്തര ഉപയോഗവും കുട്ടികളിൽ ആരോഗ്യ-മാനസിക പ്രശ്നങ്ങളുണ്ടാക്കുന്നുവെന്ന് എസ്.സി.ആർ.ടി റിപ്പോർട്ട് നൽകിയതോടെയാണ് ഇക്കാര്യം സർക്കാർ ഗൗരവമായി പരിഗണിക്കുന്നത്. ഓൺലൈൻ പഠനം കാരണം 36 ശതമാനം കുട്ടികൾക്ക് കഴുത്തു വേദനയും തലവേദനയും 28 ശതമാനം പേർക്ക് കണ്ണിന് വേദനയും ഉണ്ടെന്നാണ് എസ്.സി.ഇ.ആർ.ടി നൽകിയ റിപ്പോർട്ട്. ചില കുട്ടികളിൽ മാനസിക പിരിമുറുക്കം കാണുന്നുണ്ടെന്നും ഇക്കാര്യത്തിൽ പ്രത്യേക ശ്രദ്ധവേണമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.
കേന്ദ്രസർക്കാരിന്റെയും കോവിഡ് നിയന്ത്രണത്തിനായി ചുമതലപ്പെട്ട ഏജൻസികളുടെയും അനുമതി ലഭിച്ചാൽ ഘട്ടംഘട്ടമായി സ്കൂളുകൾ തുറക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഇന്നലെ നിയമസഭയിൽ പ്രഖ്യാപിച്ചു. അടുത്തമാസത്തോടെ ഇതിനായി സ്‌കൂളുകളിൽ എല്ലാ സൗകര്യങ്ങളും ഒരുക്കും. എന്നാൽ, കോവിഡ് വിദഗ്ധ സമിതിയുടെ അനുമതി കൂടി ലഭിച്ചാൽ മാത്രമേ ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിന് തീരുമാനമെടുക്കാനാകൂ. വിദ്യാർഥികൾക്ക് വാക്‌സിനേഷൻ പൂർത്തിയാക്കുന്നതിനനുസരിച്ചാകും നടപടിയെന്നും അദ്ദേഹം സൂചിപ്പിച്ചു. ഡിജിറ്റൽ പഠനത്തിനിടെ കുട്ടികൾക്ക് ആവശ്യമായ വ്യായാമം, പരിചരണം എന്നിവ രക്ഷിതാക്കൾ ഉറപ്പാക്കണം. ഡിജിറ്റൽ ഉപകരണങ്ങളുടെ ഉപയോഗം സംബന്ധിച്ച് അടുത്തമാസം രക്ഷിതാക്കൾക്ക് പരിശീലനം നൽകും. വിദ്യാർഥികളിൽ മാനസിക പിരിമുറുക്കം കുറയ്ക്കാൻ ആവശ്യമായ കൗൺസിലർമാരെ നിയോഗിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.
അതേസമയം, സ്കൂളുകളും, കോച്ചിങ് സെന്ററുകളും തുറക്കുന്ന കാര്യത്തിൽ സംസ്ഥാന സർക്കാരുകൾക്ക് തീരുമാനം എടുക്കാമെന്നാണ് കേന്ദ്രസർക്കാരിന്റെ നിർദ്ദേശം. പ്രാദേശിക നിയന്ത്രണങ്ങളെ ആശ്രയിച്ച് സ്കൂളുകൾക്ക് പ്രവർത്തിക്കാം. ഇക്കാര്യത്തിൽ കേന്ദ്രസർക്കാർ നേരത്തെ തന്നെ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാൻ അറിയിച്ചു.

Related posts

Leave a Comment