സ്കൂൾ, സർക്കാർ ഓഫീസുകളുടെ പ്രവർത്തനം പുനഃക്രമീകരിക്കുന്ന കാര്യത്തിൽ ഇന്നു തീരുമാനം

തിരുവനന്തപുരം: കോവിഡ്, ഒമിക്രോൺ കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ സ്കൂളുകളും സർക്കാർ ഓഫീസകളും എങ്ങനെ പ്രവർത്തിക്കണമെന്നതു സംബന്ധിച്ച് ഇന്നു തീരുമാനമുണ്ടാകും. സ്കൂളുകളുടെ പ്രവർത്തനം ഓൺ ലൈനിലിലേക്കും സർക്കാർ ഓഫീസുകളിൽ ഹാജർ ക്രമപ്പെടുത്തിയും പരമാവധി സേവനങ്ങൾ ഓൺലൈനിലാക്കിയും പുനക്രമീകരിക്കാനാണ് ആലോചന.
മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേരുന്ന അവലോകനയോഗം നിർണയക തീരുമാനമെടുക്കും.
തീയെറ്ററുകളുടെ പ്രവർത്തനം, പൊതു ചടങ്ങുകളിലെ ജനപങ്കാളിത്തം, ഞായറാഴ്ച അടച്ചിടൽ, രാത്രികാല കർഫ്യു എന്നിവയിലടക്കം വിശദമായ ചർച്ചകളുണ്ടാകും.
ഒന്നു മുതൽ ഒൻപത് വരെയുള്ള ക്ലാസുകളിൽ കൂടുതൽ നിയന്ത്രണം വരാൻ സാധ്യതയുണ്ട്. നിലവിലെ ക്ലാസുകളുടെ സമയം കുറയ്ക്കുന്നതും ഓൺലൈനിലേക്ക് മാറ്റുന്നതും പരിഗണിക്കുന്നുണ്ട്. എന്നാൽ പത്ത്, പന്ത്രണ്ട് ക്ലാസുകൾ ഓഫ് ലൈനായി തുടരാനാണ് സാധ്യത. മാർച്ച് അവസാനം നിശ്ചയിച്ച വാർഷിക പരീക്ഷകൾ മാറ്റാനിടയില്ല.

കേസ് കൂടിയാൽ ചികിത്സയ്ക്ക് ഹോമിയോ, ഡെൻ്റൽ ഡോക്ടർമാരും

കൊവിഡ് കേസുകൾ കുത്തനെ കൂടിയാൽ മൂന്ന് ഘട്ടങ്ങളായുള്ള പ്രത്യേക കർമ്മപദ്ധതി നടപ്പിലാക്കാനാണ് ആരോഗ്യവകുപ്പിൻറെ ആലോചന. സ്വകാര്യ ആശുപത്രികളെ കൂടി സജ്ജമാക്കാനും കോവിഡിതര ചികിത്സകൾ നിയന്ത്രിക്കാനും നിർദേശിച്ചാണ് മുന്നൊരുക്കം. ക്ലസ്റ്ററുകളിൽ ഒമിക്രോൺ ജനിതക പരിശോധനയും റാൻഡം പരിശോധനയും നടത്തും. ആരോഗ്യ പ്രവർത്തകരുടെ കുറവ് നേരിടാൻ ഹോമിയോ, ഡെന്റൽ ഡോക്ടർമാരെയും നിയോഗിക്കും. ഓക്സിജൻ, ഐസിയു, വെന്റിലേറ്റർ സംവിധാനങ്ങൾ പരമാവധി ശേഷിയിലെത്തിക്കാനും പകരം സംവിധാനങ്ങൾ കരുതാനും ഒരുക്കം തുടങ്ങി.

മൂന്ന് ഘട്ടം നിശ്ചയിച്ചാണ് സംസ്ഥാനത്തെ ഒരുക്കം. നിലവിലെ ചികിത്സാ സംവിധാനങ്ങളെ കൊവിഡിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്ന പഴയരീതി വീണ്ടും കൊണ്ടുവരും. ജനുവരി ഒന്നിലെ കണക്കിൽ നിന്നും, ആശുപത്രി കേസുകൾ ഇരട്ടിയാവുകയും ഗുരുതര കേസുകളിൽ 50 ശതമാനം വർധനവും ഉണ്ടായാൽ ആദ്യഘട്ടം. ഈ ഘട്ടത്തിൽ പ്രാഥമിക ചികിത്സാ കേന്ദ്രങ്ങൾ തുറക്കണം. ഓക്സിജൻ, ഐസിയു, വെന്റിലേറ്റർ സംവിധാനങ്ങൾ കൊവിഡിനായി 20 ശതമാനം വർധിപ്പിക്കണം. ഹോമിയോ, ഡെന്റൽ അടക്കം മറ്റു വിഭാഗങ്ങളെ കോവിഡ് ചികിത്സയിലേക്ക് കൊണ്ടുവരണം. ക്ലസ്റ്ററുകളിൽ പരിശോധന കൂട്ടി ഒമിക്രോൺ ജനിതക പരിശോധനയും നടത്തണം. ഐസൊലേഷൻ നടപ്പാക്കണം. മരുന്നുകളും ഓക്സിജനും കൂടുതലായി സംഭരിക്കണം.

ഐസിയു കേസുകൾ ഇരട്ടിയാവുകയും, രോഗികളുടെ എണ്ണം എണ്ണം ജില്ലയിലെ മൊത്തം ആശുപത്രി അഡ്മിഷന്റെ പത്ത് ശതമാനമെത്തുകയും ചെയ്താൽ രണ്ടാംഘട്ടം. ഈ ഘട്ടത്തിൽ കൂടുതൽ ചികിത്സാ കേന്ദ്രങ്ങൾ തുറക്കും. കോവിഡിതര ചികിത്സകൾ നിയന്ത്രിക്കും. ഐസിയു, വെന്റിലേറ്റർ സംവിധാനം 30 ശതമാനം കൂടി കൂട്ടും. കരുതൽ സംഭരണം നൂറുശതമാനമാക്കണം. ഈ ഘട്ടത്തിൽ ശ്വാസകോശ പ്രശ്നങ്ങളുള്ളവർക്ക് പൂർണമായും ഹോം ഐസോലേഷനാണ്. പനിയുണ്ടെങ്കിൽ നിർബന്ധ പരിശോധന. കൊവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം മൊത്തം ചികിത്സയിലുള്ളവരുടെ എണ്ണത്തിന്റെ നാലിലൊന്നായാൽ മൂന്നാംഘട്ടം. ഈ ഘട്ടത്തിൽ കൊവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 70 ശതമാനം കടന്നാൽ റഫർ ചെയ്യാൻ സ്വകാര്യ ആശുപത്രികളെക്കൂടി സജ്ജമാക്കണം. കുടുംബാരോഗ്യ കേന്ദ്രങ്ങൾ മെഡിക്കൽ കോളേജുകൾ വരെ പ്രത്യേകം കോവിഡ് കിടക്കകൾ സജ്ജീകരിക്കും. ഓക്സിജൻ വാർറൂമുകൾ തുറക്കും. .

Related posts

Leave a Comment