നിയമസഭാ കയ്യാങ്കളി കേസിലെ ദൃശ്യങ്ങൾ വ്യാജം ; പുതിയ വാദവുമായി പ്രതികൾ

തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസിൽ പുതിയ വാദവുമായി പ്രതികൾ. പ്രചരിപ്പിക്കപ്പെട്ട ദൃശ്യങ്ങൾ യഥാർത്ഥത്തിലുള്ളതെല്ലെന്നും സംഘർഷം ഉണ്ടാക്കിയത് വാച്ച് ആൻഡ് വാർഡ് ആയി എത്തിയ പോലീസുകാരാണെന്നും ഉൾപ്പെടെയുള്ള വാദമുഖങ്ങളാണ് പ്രതികൾ കോടതിയിൽ അവതരിപ്പിച്ചത്. കേസിൽ നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ടുളള വിടുതൽ ഹർജിയിൽ സിജെഎം കോടതിയിൽ വാദം കേൾക്കുന്നതിനിടെയാണ് പുതിയ വാദവുമായി പ്രതികൾ എത്തിയത്. മന്ത്രി വി ശിവൻകുട്ടി, ഇ പി ജയരാജൻ, കെ ടി ജലീൽ, അജിത് സി കെ ,സദാശിവൻ കുഞ്ഞഹമ്മദ് മാസ്റ്റർ എന്നിവരാണ് ഹർജി സമർപ്പിച്ചത്. അക്രമത്തിന് പ്രതികൾക്ക് ഉദ്ദേശം ഉണ്ടായിരുന്നില്ല. പോലീസ് ബലം പ്രയോഗിച്ചപ്പോൾ പ്രതിരോധിക്കുക മാത്രമാണ് ചെയ്തത്. നിയമസഭയിൽ കയ്യാങ്കളി നടത്തുകയും സ്പീക്കറുടെ മൈക്കും കമ്പ്യൂട്ടറും അടക്കമുള്ള സാധനങ്ങൾ തകർക്കുകയും ചെയ്ത സംഭവത്തിൽ ഇരുപതോളം പേരാണ് സ്പീക്കറുടെ ഡയസിൽ കയറിയത്. തോമസ് ഐസക്, വി എസ് സുനിൽകുമാർ പി ശ്രീരാമകൃഷ്ണൻ അടക്കം ഇരുപതോളം എംഎൽഎമാരാണ് ഡയസിൽ കയറിയതെന്ന് പ്രതികൾ പറഞ്ഞു. അതിൽ തങ്ങൾ മാത്രം എങ്ങനെയാണ് പ്രതികളായതെന്ന് അറിയില്ലെന്ന് പ്രതികൾ കോടതിയിൽ പറഞ്ഞു. കേസിൽ പോലീസ് മാത്രമാണ് സാക്ഷികൾ 140 എംഎൽഎമാരെയും 21 മന്ത്രിമാരെയും സാക്ഷിയാക്കിയില്ലെന്നും പ്രതിഭാഗം വാദിച്ചു. വിടുതൽ ഹർജിയിൽ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ വാദം പൂർത്തിയായി. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് അടുത്തമാസം ഏഴിന് പറയും.

Related posts

Leave a Comment