ആരുടെയൊക്കെ ഫോൺ ചോർത്തി?; പെഗസസിൽ വിദഗ്ധസമിതി അന്വേഷിക്കുന്ന ഏഴ് വിഷയങ്ങൾ അറിയാം

ഇസ്രയേല്‍ ചാര സോഫ്റ്റ്‌വെയറായ പെഗസസ് ഉപയോഗിച്ച് ഫോണ്‍ ചോര്‍ത്തിയെന്ന ആരോപണങ്ങള്‍ പരിശോധിക്കാന്‍ വിദഗ്ധസമിതി രൂപീകരിച്ച് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റേതാണ് ഉത്തരവ്. കോടതിയുടെ മേല്‍നോട്ടത്തിലാകും അന്വേഷണം. ഏഴ് വിഷയങ്ങളാണ് വിരമിച്ച സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ആര്‍.വി.രവീന്ദ്രന്റെ അധ്യക്ഷതയിലുളള സമിതി അന്വേഷിക്കുക.

  1. ആരുടെയൊക്കെ ഫോണ്‍ ചോര്‍ത്തി?
  2. പെഗസസ് ഉപയോഗിച്ച് ഫോണ്‍ ചോര്‍ത്തിയോ എന്ന് പരിശോധിക്കണം.
  3. 2019ല്‍ ആരോപണമുയര്‍ന്നപ്പോള്‍ കേന്ദ്രം സ്വീകരിച്ച നടപടികള്‍.
  4. കേന്ദ്ര– സംസ്ഥാന സര്‍ക്കാരുകളോ ഏജന്‍സികളോ പെഗസസ് വാങ്ങിയിട്ടുണ്ടോ?
  5. ഏതെങ്കിലും സര്‍ക്കാര്‍ ഏജന്‍സി പെഗസസ് ഉപയോഗിച്ചെങ്കില്‍ ഏത് നിയമം അനുസരിച്ച് ?
  6. സ്വകാര്യ വ്യക്തികളോ സ്ഥാപനങ്ങളോ പെഗസസ് ഉപയോഗിച്ചെങ്കില്‍ ഏത് നിയമത്തിന്‍റെ അടിസ്ഥാനത്തില്‍ ?
  7. ഇതുമായി ബന്ധപ്പെട്ട് സമിതിക്ക് പ്രസക്തം എന്ന് തോന്നുന്ന ഏതുകാര്യവും അന്വേഷിക്കാം.

റോ മുൻ മേധാവി അലോക് ജോഷി, ഡോ. സുദീപ് ഒബ്റോയ് (മേധാവി, സൈബര്‍ സെക്യൂരിറ്റി, ടിസിഎസ്) എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ. ഇവരെ സാങ്കേതികമായി സഹായിക്കുന്നതിനായി ഡോ. നവീൻ കുമാർ ചൗധരി (ഡീൻ, നാഷനൽ ഫോറൻസിക് സയൻസ് യൂണിവേഴ്സിറ്റി), ഡോ.പി.പ്രഭാഹരൻ (കൊല്ലം അമൃത വിശ്വവിദ്യാലയം സ്കൂൾ ഓഫ് എൻജിനീയറിങ് പ്രഫസർ), ഡോ. അശ്വിൻ അനിൽ ഗുമസ്തെ( മുംബൈ ഐഐടി പ്രഫസർ) എന്നിവരെയും നിയമിച്ചു.

Related posts

Leave a Comment