സവര്‍ക്കറുടെ ‘കമ്മാരസംഭവം’; സവര്‍ക്കറുടെ ചിത്രം പ്രതിഷ്ഠിക്കാന്‍ തീരുമാനിച്ച രാഷ്ട്രീയ തൊലിക്കട്ടി സമാനതകളില്ലാത്തതാണ്


ഷൈബിന്‍ നന്മണ്ട

”വില്ലന്‍ നായകനാകുന്നു, നായകന്‍ വില്ലനാകുന്നു” എന്നൊരു ടാഗ് ലൈനോടു കൂടി 2018 ല്‍ മലയാളത്തില്‍ പുറത്തിറങ്ങിയ സിനിമയാണ് ‘കമ്മാര സംഭവം’. ‘History is a set of lies agreed upon’ എന്ന് നെപ്പോളിയന്‍ ബോണപ്പാര്‍ട്ടിനെ സമര്‍ത്ഥമായി ഉദ്ധരിക്കുന്നു ചിത്രം. നാട്ടിലെ പാവപ്പെട്ട തമിഴര്‍ക്കൊപ്പമാണ് താനെന്ന് അവരെയെല്ലാം വിശ്വസിപ്പിക്കുകയും പിന്നീട് ചതിക്കുകയും ചെയ്യുന്ന കമ്മാരന്‍ തന്റെ ജീവിതലക്ഷ്യം നേടുകയാണ് ആദ്യ പകുതിയില്‍; ചതിയനായ കമ്മാരനെ ഹീറോ ആക്കി രൂപാന്തരപ്പെടുത്തുന്നു രണ്ടാം പകുതി. സ്വാതന്ത്ര്യ സമര സേനാനിയും നേതാജിയുടെ അടുത്ത അനുയായിയും ഗാന്ധിജിയുടെ പോലും രക്ഷകനുമായി കമ്മാരന്‍ അവതരിപ്പിക്കപ്പെടുമ്പോള്‍ ചരിത്രത്തിലെ യഥാര്‍ത്ഥ നായകന്‍ വില്ലനായ് പുറന്തള്ളപ്പെടുന്നു!

ചതിയും കുടിലബുദ്ധിയും കൈവശമുള്ള കമ്മാരന്‍ എന്ന അവസരവാദിയെ മഹാനാക്കി ചരിത്രം പൊളിച്ചെഴുതിയ സിനിമയെ ഓര്‍മ്മിപ്പിക്കുന്നു, ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഹിസ്റ്റോറിക്കല്‍ റിസര്‍ച്ചിന്റെ ചരിത്രവധം. സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികാഘോഷമായ ‘അമൃത മഹോത്സവ്’ പരിപാടിയുടെ ആദ്യ പോസ്റ്ററില്‍ നിന്ന് രാഷ്ട്രശില്പി ജവഹര്‍ലാല്‍ നെഹ്‌റു തമസ്‌കരിക്കപ്പെട്ടു എന്നു മാത്രമല്ല, 1913 നു ശേഷം സ്വാതന്ത്ര്യ പോരാട്ടത്തോട് മുഖംതിരിച്ചു നിന്ന വിനായക് ദാമോദര്‍ സവര്‍ക്കര്‍ പകരം പ്രതിഷ്ഠിക്കപ്പെടുകയും ചെയ്തു. രാജ്യത്തിന്റെ അനര്‍ഘമായ ചരിത്രഖനികളെ വീണ്ടെടുക്കാന്‍ ബാധ്യസ്ഥരായ ഐസിഎച്ച്ആര്‍, ദേശീയ പ്രസ്ഥാനത്തിന്റെ ഒറ്റുകാരുടെ പരമ്പരകള്‍ക്കുവേണ്ടി നിര്‍ലജ്ജം നിലകൊള്ളുന്നു.

ഐസിഎച്ച്ആര്‍ തിരസ്‌കരിക്കുകയും പകരം ഇടംനല്‍കി പുരസ്‌കരിക്കുകയും ചെയ്ത വ്യക്തിത്വങ്ങളെക്കുറിച്ച് രാജ്യത്തിന് നല്ല ബോധ്യമുണ്ട്. ഒരാള്‍ ഇന്ത്യയുടെ ആത്മാവ് കണ്ടെത്തിയപ്പോള്‍ രണ്ടാമത്തേയാള്‍ രാജ്യത്തെ വിഭജിക്കാനുള്ള വിഭാഗീയ മന്ത്രങ്ങള്‍ പകര്‍ന്നുനല്‍കി.

1922 മുതല്‍ 45 വരെയുള്ള കാലഘട്ടത്തില്‍ ഒമ്പത് തവണയായി നീണ്ട 3259 ദിവസം കാരാഗൃഹത്തില്‍ അടയ്ക്കപ്പെട്ടിട്ടുണ്ട് ജവഹര്‍ലാല്‍ നെഹ്‌റു. വായില്‍ സ്വര്‍ണക്കരണ്ടിയുമായ് സമ്പന്നതയുടെ മടിത്തട്ടിലേക്ക് പിറന്നുവീണ്, ദേശീയ പ്രസ്ഥാനത്തിനുവേണ്ടി ത്യാഗഭരിതമായ ജീവിതം നയിച്ച നെഹ്‌റു ലക്നൗ ജില്ലാ ജയില്‍, അലഹബാദ് ജില്ലാ ജയില്‍, നൈനി സെന്‍ട്രല്‍ ജയില്‍, ഡെറാഡൂണ്‍ ജയില്‍, ആലിപ്പൂര്‍ ജയില്‍, അല്‍മോറ, ഗോരഖ്പൂര്‍, ബറേലി സെന്‍ട്രല്‍ ജയില്‍ എന്നിവിടങ്ങളിലായി ഒമ്പതു വര്‍ഷത്തിലേറെ കഴിഞ്ഞു. ക്വിറ്റിന്ത്യാ പ്രക്ഷോഭ കാലത്ത് അഹമ്മദ് നഗര്‍ ജയിലില്‍ ദീര്‍ഘമായ 1041 ദിവസമാണ് നെഹ്‌റു തടവുകാരനായി ജീവിച്ചത്. ജയിലില്‍ നിന്ന് ജോലി ചെയ്തും പുസ്തകം വായിച്ചും എഴുതിയും ബ്രിട്ടീഷുകാരോട് ഒരുവിധ വിട്ടുവീഴ്ചയും ഇല്ലാതെ നെഹ്‌റു തന്റെ രാഷ്ട്രീയ പ്രതിബദ്ധത തെളിയിച്ചു.

നെഹ്‌റു രാജ്യത്തിനുവേണ്ടി തടവറയില്‍ കിടന്ന് സര്‍ഗാത്മക ഇടപെടല്‍ നടത്തിയപ്പോള്‍ രണ്ടാമത്തെ ആള്‍ ആന്തമാന്‍ ജയിലറയില്‍ നിന്ന് മാനസാന്തരപ്പെടുകയും ബ്രിട്ടീഷ് ഭരണകൂടത്തിന് മാപ്പപേക്ഷകള്‍ അയക്കുകയും ചെയ്യുന്ന തിരക്കിലായിരുന്നു. 1913 നവംബര്‍ 14ന് 32778-ാം നമ്പര്‍ തടവുപുള്ളിയായ സവര്‍ക്കര്‍ ബ്രിട്ടീഷ് സര്‍ക്കാറിന്റെ പ്രതിനിധിക്കുള്ള തന്റെ രണ്ടാമത്തെ മാപ്പപേക്ഷയില്‍ ഇപ്രകാരം എഴുതുന്നു:
”ഏതു വിധേനയും സര്‍ക്കാര്‍ ആഗ്രഹിക്കുന്ന രീതിയില്‍ സര്‍ക്കാറിന് സേവനം ചെയ്യാന്‍ ഞാന്‍ സന്നദ്ധനാണ്, എന്റെ സംഭാഷണം എത്രമാത്രം സത്യസന്ധമാണോ അത് പോലെ തന്നെയായിരിക്കും എന്റെ ഭാവിയിലെ പെരുമാറ്റവും. എന്നെ ജയിലില്‍ കിടത്തുന്നത് വഴി നഷ്ടം മാത്രമായിരിക്കും ഉണ്ടാവുകയെന്ന് ഇതില്‍ നിന്ന് തന്നെ വ്യക്തമാണല്ലോ. അങ്ങേയ്ക്ക് മാത്രമേ എന്നോട് കരുണ ചെയ്യുവാന്‍ സാധിക്കൂ എന്നിരിക്കെ ഈ മുടിയനായ പുത്രന് പിതൃ സ്ഥാനത്തുള്ള സര്‍ക്കാറിന്റെ വാതിലുകളിലല്ലാതെ വേറെയെവിടെ മുട്ടാന്‍ സാധിക്കും? ”

അതിന് മുമ്പ് താന്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ നിലകൊണ്ടതില്‍ അദ്ദേഹം പശ്ചാത്തപിക്കുന്നുണ്ട്. കത്തില്‍ നിന്ന് : ” അവസാനമായി, 1911ല്‍ ഞാന്‍ അയച്ച ദയാഹര്‍ജി ദയവായി പരിഗണിക്കാനും അത് ഇന്ത്യന്‍ സര്‍ക്കാറിന്റെ പരിഗണനയ്ക്കയക്കാനും ഞാന്‍ താങ്കളെ ഓര്‍മ്മിപ്പിക്കട്ടെ. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ പുത്തന്‍ സംഭവവികാസങ്ങളും അനുരഞ്ജന നയവും ഭരണഘടനാ നയത്തിലേക്ക് വെളിച്ചം വീശുന്നു. 1906- 07 ലെ ആശയറ്റ സാഹചര്യങ്ങളാണ് ഞങ്ങളെ സമാധാനത്തിന്റെയും പുരോഗതിയുടേയും പാതയില്‍ നിന്നും വ്യതിചലിപ്പിച്ചത്. എന്നാല്‍ ഇന്ന് ഇന്ത്യയുടെ നന്മയും മനുഷ്യത്വവും ഹൃദയത്തില്‍ സൂക്ഷിക്കുന്ന ഒരാളും മുള്ള് നിറഞ്ഞ ആ പാതയിലേക്ക് തിരിച്ച് പോവില്ല. അതിനാല്‍ സര്‍ക്കാര്‍ അതിന്റെ എല്ലാവിധമായ ഔദാര്യത്താലും ദയയാലും എന്നെ മോചിപ്പിച്ചാല്‍ ഞാന്‍ എന്നും ഇംഗ്ലീഷ് ഭരണത്തോട് കൂറുള്ളവനും ഭരണഘടനാ പുരോഗതിയുടെ ഉറച്ച വക്താവും ആയിരിക്കും. അത് ഈ പുരോഗതിക്ക് അത്യന്താപേക്ഷിതമാണ് എന്ന് ഞാന്‍ കരുതുന്നു. ഞങ്ങള്‍ ജയിലില്‍ കിടക്കുന്നിടത്തോളം കാലം, തിരുമനസ്സിനോട് കൂറുള്ള നൂറ്കണക്കിന്, ആയിരക്കണക്കിന് പ്രജകളുടെ ഭവനങ്ങളില്‍ സന്തോഷം ഉണ്ടാവുകയില്ല. രക്തത്തിന് വെള്ളത്തേക്കാള്‍ കട്ടിയുണ്ടെന്നാണല്ലോ. ഞങ്ങളെ മോചിപ്പികുകയാണെങ്കില്‍ ജനങ്ങള്‍ ആനന്ദചിത്തരാവുകയും സര്‍ക്കാറിനോട് കൂറ് രേഖപ്പെടുത്തുകയും ചെയ്യും. കാരണം ഈ ഭരണകൂടം ശ്രമിക്കുന്നത് തെറ്റുതിരുത്താനും, ക്ഷമിക്കാനുമാണെന്നും അല്ലാതെ ശിക്ഷിക്കാനും, പകപോക്കാനുമല്ലെന്ന് അവര്‍ക്കറിയാം. അതിലുപരിയായി ഭരണഘടനയ്ക്ക് വിധേയനായിക്കൊണ്ടുള്ള എന്റെ നടപടികള്‍ക്ക് വഴിതെറ്റിപ്പോയ ഇന്ത്യയിലും വിദേശത്തുമുള്ള യുവത്വത്തെ തിരിച്ചുകൊണ്ടു വരാന്‍ കഴിയും, കാരണം ഒരുകാലത്ത് എന്നെയാണവര്‍ വഴികാട്ടിയായ് കണ്ടിരുന്നത്…”.

ബ്രിട്ടീഷ് ഭരണത്തോട് വിധേയപ്പെടുമെന്നു മാത്രമല്ല, ഇന്ത്യന്‍ യുവത്വത്തെ സര്‍ക്കാറിന് അനുകൂലമായി മാറ്റിയെടുക്കാന്‍ തനിക്ക് സാധിക്കുമെന്നും വാഗ്ദാനം ചെയ്യുന്നുണ്ട് ഈ ‘വീരന്‍’. ഇനിമേല്‍ മുള്ളുനിറഞ്ഞ സ്വാതന്ത്ര്യ പോരാട്ട വഴിയിലേക്ക് തിരിച്ചുപോകില്ലെന്ന ഉറപ്പും നല്‍കി. ദോഷം പറയരുതല്ലോ, പിന്നീടുള്ള ജീവിതത്തിലുടനീളം അത് പാലിക്കുവാന്‍ അദ്ദേഹത്തിന് സാധിച്ചു; തദ്വാര ഇന്ത്യയെ അസ്ഥിരപ്പെടുത്താന്‍ അദ്ദേഹത്തിന്റെ ആശയങ്ങള്‍ക്കും സാധിച്ചു.

ഇന്ത്യയുടെ രാഷ്ട്രീയ ഭൂമികയില്‍ ഹിന്ദുത്വ പ്രത്യയശാസ്ത്രം വേരൂന്നണമെന്നും അതുവഴി ബഹുസ്വര സംസ്കൃതി ധ്വംസിക്കപ്പെടുമെന്നും കണക്കുകൂട്ടിയ ബ്രിട്ടീഷ് ഭരണകൂടം സവര്‍ക്കരെ ജയില്‍മോചിതനാക്കി; അതിനു ശേഷം ഒരു ബ്രിട്ടീഷ്‌വിരുദ്ധ പോരാട്ടത്തിലും സവര്‍ക്കര്‍ പങ്കാളിയായിട്ടില്ല. നിര്‍ണായകമായ ക്വിറ്റിന്ത്യ പ്രക്ഷോഭത്തില്‍ നിന്നുള്‍പ്പെടെ വിട്ടുനിന്നു. ബ്രിട്ടീഷ് അനുകൂലവും ഗാന്ധിജിയുടെയും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെയും ആശയങ്ങള്‍ക്ക് വിരുദ്ധവുമായ നിലപാടു തറ തന്നെയാണ് ‘ഹിന്ദു ജിന്ന’യായ സവര്‍ക്കരെ മുന്നോട്ടുനയിച്ചത്.

ഹിന്ദു മഹാസഭയുടെ അധ്യക്ഷന്‍ സവര്‍ക്കറും ഗോള്‍ വാള്‍ക്കറും തങ്ങളുടെ സംഘ് പ്രവര്‍ത്തകരോട് ബ്രിട്ടീഷ് സൈന്യത്തില്‍ ചേരാനും കോണ്‍ഗ്രസിനെയും ക്വിറ്റ് ഇന്ത്യ സമരത്തേയും അടിച്ചമര്‍ത്താനായി ബ്രിട്ടീഷ് സൈന്യത്തിന് സൗജന്യ സേവനം ചെയ്യുവാനും ആഹ്വാനം ചെയ്തതായ് ചരിത്ര രേഖകളുണ്ട്. സിവില്‍ നിയമലംഘന പ്രസ്ഥാനം, ക്വിറ്റിന്ത്യാ പ്രക്ഷോഭം, ആസാദ് ഹിന്ദ് ഫൗജ്, ഐഎന്‍എ പ്രക്ഷോഭകാരികളുടെ വിചാരണയെ തുടര്‍ന്നുള്ള കലാപങ്ങള്‍, ബോംബെ നാവിക കലാപം തുടങ്ങി സ്വാതന്ത്ര്യ സമര പോരാട്ടകാലത്തെ ജാജ്ജ്വല്യമാനമായ എല്ലാ ഏടുകളില്‍ നിന്നും സവര്‍ക്കറും അദ്ദേഹത്തിന്റെ സംഘടനയും വിട്ടുനിന്നു. ആ വീരനെയാണ് ഇന്ത്യയുടെ ചരിത്രം പഠിപ്പിക്കേണ്ട സംവിധാനം കുമ്മായംപൂശി മഹാനായി പുനരാവിഷ്‌കരിക്കുന്നത്!


ഐസിഎച്ച്ആര്‍ പോസ്റ്ററില്‍ നിന്ന് നെഹ്‌റുവിനെ ഒഴിവാക്കിയത് മാത്രമല്ല അമ്പരപ്പിക്കുന്നത്. ഗാന്ധിജിയുടെ ചിത്രത്തിന് താഴെ ഗാന്ധി വധത്തില്‍ കുറ്റാരോപിതനായ സവര്‍ക്കറുടെ ചിത്രം പ്രതിഷ്ഠിക്കാന്‍ തീരുമാനിച്ച രാഷ്ട്രീയ തൊലിക്കട്ടി സമാനതകളില്ലാത്തതാണ്.

രാഷ്ട്രപിതാവിനെ വധിക്കാന്‍ ആസൂത്രണം ചെയ്ത് 1948 ജനുവരി 14ന് രാത്രി ബോംബൈയുടെ ഉത്തരപ്രാന്തത്തിലുള്ള സവര്‍ക്കറുടെ വീട്ടില്‍ നിന്ന് ഇറങ്ങിയവരുള്‍പ്പെടെ ആറു പേര്‍ ഡല്‍ഹിയിലെ മറീന ഹോട്ടലിലെ നാല്‍പ്പതാം മുറിയിലിരുന്ന് ഗാന്ധി വധത്തിന്റെ തിരക്കഥ എഴുതിയത് എങ്ങനെയാണെന്നതിന് ചരിത്രം സാക്ഷിയാണ്. ജനുവരി 20 ന് പ്രാര്‍ത്ഥനാ യോഗത്തില്‍ പങ്കെടുക്കുന്ന നേരത്ത് നടപ്പിലാക്കാന്‍ ലക്ഷ്യമിട്ടതും എന്നാല്‍ ചില കണക്കു കൂട്ടലുകള്‍ തെറ്റിയതിനാല്‍ പാളിപ്പോയതുമായ ഗാന്ധി വധശ്രമത്തിന്റെ ആദ്യ ആസൂത്രണം നടന്നത് ബോംബെയിലെ ആ വീട്ടില്‍ നിന്നാണെന്ന് ചരിത്രം ഉറച്ചു വിശ്വസിക്കുന്നു. ആ തിരക്കഥയുടെ രൗദ്രഭാവം പൂണ്ട പകര്‍ന്നാട്ടമായിരുന്നു ജനുവരി 30ന് ലോകം കണ്ടത്. ഗാന്ധി വധക്കേസില്‍ തലയൂരിപ്പോന്നെങ്കിലും ആ പാപഭാരം ആര്‍ക്കെല്ലാമാണെന്ന് രാജ്യത്തിന് നല്ല ബോധ്യമുണ്ട്. ഗാന്ധി വധ കേസിലെ വിചാരണ നാളുകളില്‍, ഷിംല കോര്‍ട്ടില്‍ 1949 മെയ് എട്ടിന് ഗോഡ്‌സേ നടത്തിയ പ്രസ്താവന മാത്രം മതി, ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ രക്തപങ്കിലമായ പങ്കാളിത്തം തിരിച്ചറിയാന്‍. ഗോഡ്‌സെയുടെ മാനസഗുരുവായ സവര്‍ക്കറുടെ നേരനുയായികള്‍, പ്രതികള്‍ക്കൊപ്പം രാഷ്ട്രപിതാവിനെ ഇരുത്തി ചരിത്രവധം പൂര്‍ത്തിയാക്കുകയാണ്. പക്ഷെ, എത്രമേല്‍ കലുഷിതമായാലും കാലപ്രവാഹം ഒരുനാള്‍ തെളിഞ്ഞുവരും. സത്യത്തിന്റെ സുതാര്യരശ്മികള്‍ ചരിത്രത്തിന്റെ ആഴം തെളിച്ചവും വെളിച്ചവുമാർന്ന് കാട്ടിത്തരിക തന്നെ ചെയ്യും.

Related posts

Leave a Comment