കോവിഡ് മരണ കണക്ക് അട്ടിമറിക്കാന്‍ സർക്കാർ ഗൂഡാലോചന നടത്തി : വി ഡി സതീശൻ

കോഴിക്കോട് :സംസ്ഥാനത്തെ കോവിഡ് മരണക്കണക്കിൽ അട്ടിമറിയുണ്ടായതായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സർക്കാർ വെബ്സൈറ്റിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ പേരുകളില്ല. അതിനാൽ തന്നെ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ആനുകൂല്യം കിട്ടാത്ത സാഹചര്യമുണ്ടാവും.
കോവിഡ് മരണമെന്ന് തെളിയിക്കാൻ ബന്ധുക്കൾ എവിടെ പോകണം? ആർക്കാണ് ഇവർ പരാതി നൽകേണ്ടത്. ബന്ധുക്കളുടെ കൈവശം എന്ത് തെളിവാണുള്ളതെന്നും സതീശൻ ചോദിച്ചു. കാലിക്കറ്റ് പ്രസ് ക്ലബ്ബിൽ മീറ്റ് ദ പ്രസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോവിഡ് ബാധിച്ച് മരിച്ചവരെ കുറിച്ച് ആരോഗ്യ, തദ്ദേശഭരണ വകുപ്പുകളുടെ പക്കലാണ് തെളിവുകളുള്ളത്. ഇത് സർക്കാർ പരിശോധിക്കാൻ തയ്യാറാകണം. കോവിഡ് മൂലം മരിച്ചവരുടെ സർക്കാരിന്റെ കൈവശമുള്ള കണക്ക് പുറത്തിവിടണം. അപ്പോൾ കണക്കിൽ പെടാത്തത് ആരൊക്കെയാണെന്ന് അറിയാം.
ഐസിഎംഐആർ, ഡബ്ല്യൂഎച്ച്ഒ മാനദണ്ഡങ്ങൾ സംസ്ഥാനം അട്ടിമറിച്ചുവെന്നും മരണം കുറച്ചു കാണിക്കാൻ ഗൂഡാലോചന നടന്നുവെന്നും സതീശൻ ആരോപിച്ചു. ഒട്ടേറെ കോവിഡ് മരണങ്ങൾ പട്ടികയിൽ നിന്നും പുറത്തായി. ഇത് പുറത്തു വരുമോയെന്ന ആശങ്കയാണ് ആരോഗ്യ മന്ത്രിക്കെന്നും പ്രതിപക്ഷ നേതാവ് വിമർശിച്ചു. സർക്കാറിന്റെ ദുരഭിമാനത്തിന് വിദഗ്ധ സമിതിയും കൂട്ടുനിൽക്കുകയാണ്. ഡോക്ടർമാരാണ് മരണകാരണം നിശ്ചയിക്കേണ്ടതെന്നിരിക്കെ തിരുവനന്തപുരത്തെ വിദഗ്ദസമിതിയാണ് കേരളത്തിലെ കോവിഡ് മരണങ്ങൾ നിശ്ചയിച്ചത്. ഇത് ഐസിഎംആർ മാനദണ്ഡങ്ങളുടെ ലംഘനമാണെന്നും സതീശൻ ചൂണ്ടിക്കാട്ടി.

വിവിധ വകുപ്പുകളെ ഏകോപിച്ച് സംവിധാനം ഉണ്ടാക്കി സർക്കാർ കൃത്യമായ കണക്കുകൾ പുറത്ത് വിടണം. കേന്ദ്രം സഹായധനം പ്രഖ്യാപിച്ച ശേഷം കണക്കുകൾ തിരുത്തിയാൽ അതിൽ കേന്ദ്ര സർക്കാർ ആക്ഷേപം ഉന്നയിക്കാനിടയുണ്ട്. അതിനാൽ ഒരുമാസത്തിനുള്ളിൽ സർക്കാർ കൈവശമുള്ള കണക്ക് പുറത്ത് യഥാർത്ഥ മരണക്കണക്ക് തയ്യാറാക്കണമെന്നും സർക്കാർ പരിശോധനയ്ക്ക് തയ്യാറല്ലെങ്കിൽ പ്രതിപക്ഷം ആ ജോലി ചെയ്യുമെന്നും സതീശൻ വ്യക്തമാക്കി.എം കെ രാഘവൻ എംപി, പ്രസ് ക്ലബ്ബ് പ്രസിഡന്റ് എം ഫിറോസ്ഖാൻ , ട്രഷറർ ഇ പി മുഹമ്മദ് സംബന്ധിച്ചു.

Related posts

Leave a Comment