വിമാനാപകടത്തിൽ മരിച്ചെന്ന് കരുതി ; 42 വർഷത്തിനുശേഷം സജാദ് തങ്ങൾ ജന്മനാട്ടിലെത്തി

ഹരികുമാർ കുന്നത്തൂർ

ശാസ്താംകോട്ട (കൊല്ലം) : 45 വർഷത്തെ അജ്ഞാതവാസത്തിനു ശേഷം മഹാനഗരമായ മുംബൈയോട് വിട പറഞ്ഞ് സജാദ് തങ്ങൾ ജന്മനാട്ടിലെത്തി. ബാല്യ കൗമാരങ്ങളും യൗവ്വനവും പൂത്തുലഞ്ഞ നാട്ടിലേക്ക് എത്തിയപ്പോൾ കൂടെക്കൂട്ടിയത് കനല്‍പാത താണ്ടിയ ജീവിതാനുഭവങ്ങളുടെ തീച്ചൂടേറ്റ ഓര്‍മ്മകള്‍.
മുംബൈയിൽ നിന്നും ഇന്നലെ വൈകിട്ട് 5 ന് നേത്രാവതി എക്‌സ്പ്രസില്‍ നാട്ടിലേക്ക് മടങ്ങിയെത്തിയ സജാദ് തങ്ങളിന് ജന്മനാട് നൽകിയത് ആവേശകരമായ വരവേൽപ്പ്.ശാസ്താംകോട്ടയ്ക്ക് സമീപം കാരാളിമുക്ക് മാമ്പുഴ മുക്കിലെ പടനിലത്ത് വീട്ടിൽ മകന്റെ വരവും കാത്ത് ദിവസങ്ങളായി ഉറക്കമിളച്ച് കാത്തിരുന്ന ഒരാളുണ്ട്.92 കാരിയായ ഫാത്തിമാബീവി.സജാദിന്റെ ഉമ്മ. മരിച്ചുപോയെന്ന് കരുതിയ മകൻ 45 കൊല്ലത്തിനു ശേഷം തന്റെയടുത്ത് എത്തിയപ്പോൾ വാർദ്ധക്യത്തിന്റെ അവശതകളെല്ലാം മറന്നുകൊണ്ട് ഇരുവരും ആലിംഗബദ്ധരായി.മകൻ മധുരം നൽകിയപ്പോൾ ആ ഉമ്മയുടെ കണ്ണുകൾ ഈറനണിഞ്ഞു.ഒപ്പം അടുത്ത ബന്ധുക്കളുടെയും നാട്ടുകാരുടെയുമെല്ലാം. വികാരഭരിതമായിരുന്നു ആ കൂടിച്ചേരൽ. ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവരും പടനിലത്ത് വീട്ടിലെത്തിയിരുന്നു.മകനെ കാണാൻ കഴിയാതെ പിതാവ് യൂനുസുകുഞ്ഞ് 2012 ലാണ് മരിച്ചത്.1976ല്‍ സിനിമാതാരം റാണിചന്ദ്രയെ ഗള്‍ഫിലെ സ്റ്റേജ് പ്രോഗ്രാം കഴിഞ്ഞ കൂട്ടിക്കൊണ്ടു വന്ന യാത്രയാണ് തങ്ങളിന്റെ ജീവിതം വഴി തിരിച്ചത്.റാണിചന്ദ്ര അടക്കമുള്ളവര്‍ മരിച്ച വിമാനയാത്രയില്‍ നാട്ടിലേക്കു വരേണ്ടതായിരുന്നു തങ്ങള്‍. അവസാനനിമിഷം സുഹൃത്തിന് ചുമതല കൈമാറി.നാട്ടിലുള്ളവര്‍ കരുതിയത് തങ്ങള്‍ ഒപ്പം മരിച്ചുവെന്നാണ്.മരിച്ചില്ലെന്ന് പിന്നീട് വ്യക്തമായപ്പോഴും ആളെവിടെ എന്ന അങ്കലാപ്പായി.ഗള്‍ഫിലെ ജയിലിൽപ്പെട്ടു എന്നാണ് ഏറെക്കാലം കരുതിയത്. കുറേനാള്‍ ഗള്‍ഫില്‍ അലഞ്ഞ് പിന്നീട്
മുംബെയിലെത്തിയ ശേഷം ചെയ്ത ബിസിനസെല്ലാം പൊളിഞ്ഞു.മാനസികമായി തകര്‍ന്ന തങ്ങള്‍ നാടും വീടും മറന്നു മുംബൈയിൽ അലഞ്ഞു തിരിഞ്ഞു നടന്ന തങ്ങളെ ചിലർ പനവേലില്‍ സീല്‍ ആശ്രമത്തിലെത്തിച്ചു.ഇവിടെ എത്തിയ ശേഷം ജീവിതം തിരികെ നേടുകയായിരുന്നു.പിന്നീട് ആശ്രമത്തിലെ പ്രവര്‍ത്തകരായ അടൂർ സ്വദേശികളുടെ ശ്രമഫലമായാണ് സജാദ് തങ്ങള്‍ക്ക് നാട്ടിലെ ബന്ധുക്കളെ കണ്ടെത്താനായത്.പെരുന്നാളിന് നാട്ടിലെത്തിയ അവർ കാരാളിമുക്ക് മുസ്ലീം ജമാഅത്ത് പള്ളിയിലെത്തി കാര്യങ്ങൾ ധരിപ്പിച്ചു.അങ്ങനെ തങ്ങളുടെ വീട്ടിലേക്കുള്ള വഴിതുറന്നു.ശേഷം ബന്ധുക്കളും തങ്ങളും തമ്മിൽ വീഡിയോകോൾ വഴി സംസാരിച്ചു. പിന്നീട് മുംബൈയിലെത്തിയ സഹോദരന്മാരായ മുഹമ്മദ്കുഞ്ഞ്, റഷീദ്,സഹോദരീ പുത്രന്‍ സലിം എന്നിവരാണ് പനവേലില്‍ സീല്‍ ആശ്രമത്തിൽ നിന്നും
സജാദ് തങ്ങളെ ഏറ്റെടുത്ത് നാട്ടിലേക്ക് എത്തിക്കുകയായിരുന്നു.

Related posts

Leave a Comment