തെളിവ് പുറത്തുവന്നതോടെ കുറ്റസമ്മതവുമായി ശശീന്ദ്രൻ

തിരുവനന്തപുരം: മുല്ലപ്പെരിയാർ ബേബി ഡാമിന് സമീപത്തെ മരം മുറിക്കുന്നതിന് അനുമതി നൽകി ഉത്തരവ് ഇറങ്ങിയതിനെക്കുറിച്ച് ഒന്നുമറിയില്ലെന്ന് നിയമസഭയെ തെറ്റിദ്ധരിപ്പിച്ച വനം മന്ത്രി എ.കെ ശശീന്ദ്രൻ, ഇതുസംബന്ധിച്ചുളള തെളിവുകൾ പുറത്തുവന്നതിന് പിന്നാലെ കുറ്റസമ്മതവുമായി രംഗത്ത്. മരം മുറിക്കുന്നതിന് മുന്നോടിയായി തമിഴ്നാടിന്റെയും കേരളത്തിന്റെയും ഉദ്യോഗസ്ഥർ അവിടെ സംയുക്ത പരിശോധന നടത്തിയത് താൻ അറിഞ്ഞിരുന്നുവെന്നാണ് മന്ത്രിയുടെ കുറ്റസമ്മതം. ഇതോടെ, മുല്ലപ്പെരിയാർ വിഷയത്തിൽ കേരള സർക്കാർ തമിഴ്നാടിന് അനുകൂലമായി നിലപാട് എടുക്കുന്നുവെന്ന പ്രതിപക്ഷ ആരോപണം ശക്തിപ്പെടുകയാണ്. നിയമസഭയിൽ തെറ്റായ മറുപടി നൽകിയതിനാൽ പ്രസ്താവന തിരുത്താൻ അനുമതി ആവശ്യപ്പെട്ട് ശശീന്ദ്രൻ സ്പീക്കർക്ക് കത്ത് നൽകിയതോടെ സർക്കാർ പ്രതിരോധത്തിലായി. മേല്‍നോട്ടസമിതി അധ്യക്ഷന്റെ കത്ത് പുറത്തുവന്നതോടെയാണ് മന്ത്രി തിരക്കിട്ട് നിയമസഭയിലെ പ്രസ്താവന തിരുത്താന്‍ നീക്കം തുടങ്ങിയത്.
ഇതിനിടെ, കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുമെന്ന് ആവർത്തിച്ച് സ്വന്തം തടി രക്ഷിച്ചെടുക്കാനുള്ള നീക്കവും ശശീന്ദ്രൻ നടത്തുന്നുണ്ട്. അതേസമയം, മുഖ്യമന്ത്രിയുടെ ഓഫീസിന്റെ അറിവോടെയാണ് മുല്ലപ്പെരിയാറിലെ മരംമുറി നടപടികൾ പുരോഗമിച്ചതെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്. ജലവിഭവ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ടി.കെ ജോസിനെ മുൻനിർത്തിയായിരുന്നു മുഖ്യമന്ത്രിയുടെ ഓഫീസിലെ നീക്കങ്ങൾ.

Related posts

Leave a Comment