സർപ്പദോഷം- അനുരാ​ഗ് ; ചെറുകഥ വായിക്കാം

എഴുത്തുകാരനെ പരിജയപ്പെടാം

അനുരാ​​ഗ്
എഴുത്തുകാരൻ , സാമൂഹ്യ സേവകൻ

സർപ്പദോഷം

ഉച്ചയൂണും കഴിഞ്ഞ് ഇടവഴീലെ ദിവാൻകോട്ടിൽ ഉച്ചത്തിലൊരേമ്പക്കോം പാസാക്കി ഓണാക്കിവച്ച ടീവീടെ മുന്നീൽ ദീവാന്റെ മൃദംഗോം തലക്ക് വച്ച് മലർന്ന് കിടന്ന് ഒന്ന് കണ്ണടച്ച് പാതിമയക്കത്തിൽ

” ഇൻടൃ് ഇരവ് ഏള് മണിക്ക്…ഉങ്കൾ സൺ ടീവിയിൽ മാനാടും മയിലാടും പുത്തൻപുതുസ്സ് തിരൈപ്പടം… അനാക്കോണ്ടെയ്…. നാൽപ്പത്തിരണ്ട് അടി നീളം ഇറിക്കിറ പെരുസ്സ് പാമ്പ്…” ന്ന് പാതിബോധത്തിൽ കേട്ട് ഞെട്ടി എണീറ്റപ്പഴാണ് വാസുവേട്ടന് ആ സംശയം മനസ്സിൽ വരണത്…

ഏകപുത്രി പീ.ജിക്ക് പഠിക്കണ ശിൽപ്പക്ക് 23 വയസ്സായി ‘പുരനിറഞ്ഞ്’ നിന്നിട്ടും കല്യാണം നടക്കാത്തത് ഇനിപ്പ പാമ്പുദോഷം തദ്വാരാ സർപ്പദോഷം കാരണായിരിക്കോ…?

ചൊവ്വാദോഷം , ജാതകദോഷം , പേരുദോഷം ,വളർത്തുദോഷം (അവസാനത്തെ രണ്ടും ഇല്ലാട്ടാ) തുടങ്ങി ബാക്കി ജലദോഷം ഒഴിച്ച് നാട്ടിലുള്ള സകലദോഷവും ഓരോ റൗണ്ട് വച്ച് ആലോചിച്ചുകൂട്ടല് നേരത്തേ കഴിഞ്ഞിരിക്ക്ണു വാസുവേട്ടൻ… ഒന്നുറപ്പിക്കാൻ അകത്തേക്ക് തലയിട്ട് നീട്ടിവിളിച്ചു…

“മാലതീ…….”

അറ്റാക്ക് വല്ലോം ആണോന്ന് പേടിച്ച് അടുക്കളേന്ന് മാലതിച്ചേച്ചി കഴുകിത്തീരാത്ത പ്ലേറ്റോടെ പ്രത്യക്ഷപ്പെട്ടപ്പഴാണ് വിളീടെ തീവ്രത ഇച്ചിരെകൂടിയായിരുന്നെന്ന് പുള്ളിക്ക് മനസ്സിലായത്….

കാര്യമറിഞ്ഞ മാലതിച്ചേച്ചിയും അംഗീകരിച്ചു…. പാമ്പുങ്കാവില് തുള്ളല് നടത്തീട്ട് കൊല്ലം കൊറേ ആയി… പാമ്പ് കടിച്ചാലോന്ന് പേടിച്ച് നാഗത്തറേൽ വിളക്ക് വക്കാൻ പോലും പോവാറില്ല ഇപ്പൊ‌.. പിന്നെങ്ങിനെ ദോഷം ഇല്ലാണ്ടിരിക്കും… അതെന്നെ കാരണം….

നാട്ടിലും കോളേജിലും ഇൻസ്റ്റഗ്രാമിലും ഓരോന്ന് വച്ച് മൂന്ന് കാമുകന്മാരെ ഒരുമിച്ച് മെയ്ന്റെയ്ൻ ചെയ്യണ ഏകപുത്രി ശിൽപ്പക്ക് മാലയോഗം ഉണ്ടാവില്ലേന്നുള്ള കാര്യത്തിൽ പ്രപഞ്ചത്തിൽ ആധി ഉള്ള ആകെ രണ്ടുപേർ ഇവരുമാത്രമായിരുന്നൂന്നുള്ളത് മറ്റൊരു സത്യം….

അങ്ങനെ അവിടൊരു കളമൊരുങ്ങി… പുള്ളുവന്മാരെത്തി…
തുള്ളിപ്പഴകിയ അമ്മായിമാർ പലരെത്തി….

തുള്ളൽ തൊടങ്ങാൻ ആരംഭിച്ചു… ഏതോ ദുർഗ്ഗാഷ്ടമിക്ക് മരപ്രതിമ പ്രാങ്കിൽ പ്ലിങ്കായ നാഗവല്ലിയെ ഇരുത്തിയപോലെ ഒരറ്റത്ത് ശിൽപ്പയെം പ്രതിഷ്ഠിച്ചു… ഭംഗിയിൽ വരച്ച കളത്തിനരികെ പുള്ളുവക്കുടം മീട്ടിത്തുടങ്ങി…. ഇച്ചിരി നേരമായപ്പഴേക്കും തന്നെ പരമ്പരാഗത തുള്ളലുകാരികളൊക്കെ അരികീന്നും അകത്തൂന്നും ഒക്കെ ഓടിയും ചാടിയും വന്ന് മുടിയഴിച്ചിട്ട് തുള്ളിത്തുടങ്ങി….

മൊത്തത്തിലൊരു തുള്ളലാമ്പിയൻസൊക്കെ സെറ്റായെങ്കിലും ശിൽപ്പക്ക് തുള്ളലങ്ങട് വരണില്ല…. ‘ഖ്വാജാ മെരെ ഖ്വാജ’ പാട്ട് കണ്ണടച്ച് കേട്ടിരിക്കുമ്പൊ ഇറങ്ങിപ്പോയി കയ്യും നീട്ടിപ്പിടിച്ച് നിന്ന് തിരിയാൻ തോന്നണപോലെ തുള്ളാനൊക്കെ തോന്നിണ്ട്… പക്ഷേ തുള്ളലങ്ങട് വരണില്ല….

ഇനീം തുള്ളീലെങ്കി തുള്ളല് ഫലിച്ചില്ലാന്നും വിചാരിച്ച് വീണ്ടും തുള്ളലെങ്ങാനും വച്ചാലോന്ന് പേടിച്ച് അവസാനം ശിൽപ്പ അത് തീരുമാനിച്ചു.. തുള്ളണതായ്ട്ട് അഭിനയിച്ചേക്കാം… ആരറിയാൻ…

അയ്യപ്പബൈജു തൊട്ട് അറിയാവുന്ന പാമ്പുകളെയൊക്കെ മനസ്സിൽ ധ്യാനിച്ച് അറിഞ്ഞൊരു തുള്ളൽ…

തുള്ളുകണ്ട വാസുവേട്ടനും മാലതിച്ചേച്ചിയും പരസ്പരം നോക്കി…
കണ്ടുനിന്നവരെല്ലാം നോക്കി…
തുള്ളിത്തെളിഞ്ഞ തുള്ളുകാരികളുടെയെല്ലാം മുഖം നാണത്താൽ താഴോട്ട് തള്ളി…

തുള്ളിത്തുള്ളി കളത്തിന്റെ അറ്റത്തെത്തിയ ശിൽപ്പയെ നോക്കി പുള്ളുവരിൽ പ്രധാനി ഉറക്കെ ചോദിച്ചു…

“ഏത് നാഗം…?”

കഥയിൽ ഇങ്ങനൊരു ട്വിസ്റ്റുള്ളത് പാവം നായിക അറിഞ്ഞില്ലായിരുന്നു… കരിനാഗം.. മണിനാഗം… അഞ്ജനമണിനാഗം അങ്ങനെ ഓരോ പാമ്പിൻകാവിനും ഓരൊ പാമ്പുകൾ ഉണ്ടാവും.. ആ പാമ്പായിരിക്കണം വന്നത്‌.. അല്ലാത്തൊരു പാമ്പ് വന്നാൽ വന്ന പാമ്പിനെ തിരിച്ചുവിടാൻ വേറെ തുള്ളലുകാണുമായിരിക്കും… പുള്ളുവനിതെല്ലാം ബിസിനസ് താനേ….

ശിൽപ്പ മൗനിയായി….

“ഏത് നാഗമാണെന്ന്….?”

ശിൽപ്പ‌ ആലോചിച്ചു…
ചേര.. പച്ചിലപ്പാമ്പ്… മലമ്പാമ്പ്… മൂർഖൻ… ഏതായിരിക്കും‌…..

മൂർഖനാവട്ടെ… അതാണല്ലൊ ഒരു പ്രൗഡി…

ശിൽപ്പ ഉറക്കെപ്പറഞ്ഞു….

“മൂർഖൻ….”

ഇതുകേട്ട് പുള്ളുവന്റെ തലേന്ന് പാറിയ പച്ചിലപ്പാമ്പ്… സോറി കിളി പിന്നെ മകുടിയൂതിയാണ് തിരിച്ചുവന്നതെന്നാണ് പറയപ്പെടുന്നത്…

ശിൽപ്പയായോണ്ടാ… ഞാൻ വല്ലോം ആവണാർന്നു…

“മുഴമൂക്കൻ കുഴിമണ്ഡലി” എന്ന് പറഞ്ഞേനെ……..

Related posts

Leave a Comment