സർക്കാർ വിവാദക്കടലിൽ; സഭാതലം കലുഷിതമാകും

നിസാർ മുഹമ്മദ്

തിരുവനന്തപുരം: വനം കൊള്ള മുതൽ സ്ത്രീ പീഡന പരാതി ഒത്തുതീർക്കാനായി മന്ത്രി എകെ ശശീന്ദ്രന്റെ ഭീഷണി വരെയുള്ള സംഭവങ്ങളിൽപ്പെട്ട് രണ്ടാം പിണറായി സർക്കാർ വിവാദക്കടലിൽ മുങ്ങിയതോടെ നാളെ ആരംഭിക്കുന്ന നിയമസഭാ സമ്മേളനം കലുഷിതമാകും. 20 ദിവസം നീണ്ടുനിൽക്കുന്ന പതിനഞ്ചാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനത്തിൽ ട്രഷറി ബഞ്ചിനെതിെരെ പ്രതിപക്ഷത്തിന്റെ ആവനാഴിയിൽ  ആരോപണ ശരങ്ങളേറെയുണ്ട്. സഭയ്ക്ക് പുറത്ത് പലവട്ടം അവയോരോന്നും അക്കമിട്ട് നിരത്തിയിട്ടും മറുപടി നൽകാത്ത മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും നിയമസഭയിൽ ഇക്കുറി പ്രതിരോധിക്കാനാവില്ല. എണ്ണിയെണ്ണി മറുപടി പറയേണ്ടിവരും.
ഒന്നാം സമ്മേളനത്തിന്റെ ആദ്യദിവസങ്ങളിലായിരുന്നു വയനാട് മുട്ടിൽ സൗത്ത് വില്ലേജിലെ വനം കൊള്ളയുമായി ബന്ധപ്പെട്ട അഴിമതി പുറത്തുവന്നത്. പിന്നീട്, സംസ്ഥാനത്തെ ഒമ്പത് ജില്ലകളിൽ വനം കൊള്ള നടന്നതിന്റെയും സർക്കാരിലെ ഉന്നതരുടെ ഇടപെടലിന്റെയും തെളിവുകൾ പുറത്തുവന്നപ്പോഴേയ്ക്കും സമ്മേളനം അവസാനിച്ചിരുന്നു. അതിനാൽ, ഈ സമ്മേളനത്തിൽ അതിനെല്ലാം സർക്കാരിന് മറുപടി പറയേണ്ടിവരും. മുൻ വനം, റവന്യൂ മന്ത്രിമാരുടെ ഇടപെടലുകൾ, റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിക്കും മറ്റ് ഉന്നത ഉദ്യോഗസ്ഥർക്കും വനം മാഫിയയുമായുള്ള ബന്ധം, വിവരാവകാശ നിയമ പ്രകാരം മറുപടി നൽകിയ ഉദ്യോഗസ്ഥർക്കെതിരെ സർക്കാർ സ്വീകരിച്ച പ്രതികാര നടപടി തുടങ്ങിയവ പ്രതിപക്ഷ നിരയിൽ നിന്നുയരും.
മന്ത്രി എകെ ശശീന്ദ്രന്റെ ഇന്നലെ പുറത്തുവന്ന ഫോൺ വിളി ശബ്ദരേഖയാണ് സഭാ തലത്തിൽ സർക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന മറ്റൊരു സംഭവം. സ്ത്രീ സുരക്ഷയ്ക്ക് വേണ്ടിയെന്ന് അവകാശവാദം മുഴക്കി പിങ്ക് പ്രൊട്ടക്ഷൻ പ്രോജക്ട് എന്ന പേരിലുള്ള പദ്ധതി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത് മണിക്കൂറുകൾ പിന്നിടുമ്പോഴാണ് സ്ത്രീ പീഡന പരാതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രിയുടെ ഫോൺ ഭീഷണിയുടെ തെളിവുകൾ  പുറത്തുവന്നിരിക്കുന്നത്. നേരത്തെയും അശ്ലീല ഫോൺ വിളിയിൽ വിവാദ നായകനായി കസേര തെറിച്ച എ.കെ ശശീന്ദ്രനെ സംരക്ഷിക്കാൻ സഭയിൽ ഇക്കുറി മുഖ്യമന്ത്രി ഏതടവാണ് പയറ്റുകയെന്നതിലാണ് ഇനിയുള്ള ആകാംക്ഷ. ശശീന്ദ്രന്റെ രാജിക്കായി ഏതറ്റവും വരെയും പോകുമെന്ന പ്രതിപക്ഷത്തിന്റെ മുന്നറിയിപ്പിനെ സഭയിൽ സർക്കാരിന് പ്രതിരോധിക്കാനാകുമോയെന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.
കരിപ്പൂരിലെ സ്വർണക്കടത്ത്, ക്വട്ടേഷൻ സംഘങ്ങളും സിപിഎമ്മുമായുള്ള ബന്ധവും സഭയെ കലുഷിതമാക്കും. അർജുൻ ആയങ്കി മുതൽ ജയിലിൽ കിടന്ന് കള്ളക്കടത്തും ക്വട്ടേഷൻ സംഘങ്ങളുടെ നിയന്ത്രണവും നടത്തുന്ന കൊടി സുനിയും മുഹമ്മദ് ഷാഫിയും ഉൾപ്പടെയുള്ളവരുടെ പാർട്ടി ബന്ധം ചൂണ്ടിക്കാട്ടി പ്രതിപക്ഷം ആഞ്ഞടിക്കുമെന്ന് ഉറപ്പാണ്. അവർക്ക് ഇപ്പോൾ പാർട്ടിയുമായി ഒരു ബന്ധവുമില്ലെന്ന് ഇനിയും പറഞ്ഞൊഴിയാൻ മുഖ്യമന്ത്രിക്ക് കഴിയുമോയെന്ന് കണ്ടറിയണം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ത്രീകളെയും കുഞ്ഞുങ്ങളെയും ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവങ്ങളും സഭയിൽ ചർച്ചയാകും. ഇത്തരം ക്രൂരസംഭവങ്ങളിൽ ഉൾപ്പെട്ടവരുടെ സിപിഎം-ഡിവൈഎഫ്ഐ ബന്ധം സഭയിൽ സർക്കാരിനെ പ്രതിക്കൂട്ടിലാക്കും.
കോവിഡ് മരണങ്ങൾ മറച്ചുവെച്ച സർക്കാരിനെതിരെയുള്ള മുഴുവൻ തെളിവുകളും പ്രതിപക്ഷത്തിന്റെ കയ്യിലുണ്ട്. ആരോഗ്യവിദഗ്ധർ നൽകിയ യഥാർത്ഥ കണക്കുകളുമായി സഭയിലെത്തുന്ന പ്രതിപക്ഷ നിരയുടെ വായടപ്പിക്കാൻ ഇക്കുറി കള്ളക്കണക്കുകൾ നിരത്താനാവില്ല. സുപ്രീംകോടതി ഇടപെട്ടപ്പോൾ മരണക്കണക്കുകൾ തിരുത്തേണ്ടി വന്നത് തന്നെ പ്രതിപക്ഷം തെളിവായി ചൂണ്ടിക്കാട്ടും. ലോക്ഡൗൺ നിയന്ത്രണങ്ങളിലെ അശാസ്ത്രീയതയും സാധാരണക്കാരന്റെ ജീവിതം വഴിമുട്ടിച്ച സർക്കാർ നടപടികളും സഭാതലത്തിൽ ചോദ്യം ചെയ്യപ്പെടും.
ന്യൂനപക്ഷ സ്കോളർഷിപ്പിലെ സർക്കാരിന്റെ നിലപാടാണ് സഭയിലുയരാനിടയുള്ള മറ്റൊരു വിഷയം. മുസ്ലിം വിഭാഗത്തെ മുറിവേൽപ്പിച്ച് മുന്നോട്ടുപോകാനുള്ള സർക്കാർ തീരുമാനം തുറന്നുകാട്ടപ്പെടുമെന്ന് ഉറപ്പാണ്. പരാതിക്കാരിയെ അപമാനിച്ച വനിതാ കമ്മീഷൻ അധ്യക്ഷ ജോസഫൈന്റെ പരാമർശം ചർച്ചാ വേളയിലെങ്കിലും പ്രതിപക്ഷം ഉയർത്തിക്കാട്ടും. ജോസഫൈന് പകരം ആ പദവിയിലേക്ക് ആളെ തെരഞ്ഞെടുക്കുന്നതിന് പാർട്ടിയിൽ നടക്കുന്ന പോർവിളിയും സഭയിൽ ഉന്നയിക്കപ്പെടും.
കേരളത്തിലെ സ്ത്രീകളുടെ സുരക്ഷയ്ക്ക് വേണ്ടി സംസ്ഥാന ഗവർണർക്ക് ഉപവാസ സമരം അനുഷ്ഠിക്കേണ്ടി വന്ന അസാധാരണ സാഹചര്യത്തെക്കുറിച്ച് സഭയിൽ സർക്കാരിന് വിശദീകരിക്കേണ്ടി വരും. നിയമസഭാ കയ്യാങ്കളി കേസ് പിൻവലിക്കാൻ സുപ്രീംകോടതി വരെ പോയി നാണംകെട്ട സർക്കാരിന്റെ നടപടി വിമർശിക്കപ്പെടുന്ന മറ്റൊരു വിഷയമാണ്. സ്ത്രീധന പീഡനങ്ങൾ, ആത്മഹത്യകൾ, സ്ത്രീകൾക്ക് നേരെയുള്ള അക്രമങ്ങൾ എന്നിവയും മറുപടി പറയേണ്ട ചോദ്യങ്ങളിൽ ചിലതാണ്.

Related posts

Leave a Comment