സ്വപ്നയല്ല, ശാലിനിയും ഗിരിജയും

മൂന്നാം കണ്ണ്

സി.പി. രാജശേഖരന്‍

പിജി ബിരുദം നേടി, പിഎസ്‌സി പരീക്ഷ എഴുതി സെക്രട്ടേറിയറ്റില്‍ അസിസ്റ്റന്‍റ് ഉദ്യോഗം നേടിയ ആളാണ് ഒ.ജി. ശാലിനി. നിയമപരമായ പ്രമോഷന്‍ ചട്ടങ്ങളിലൂടെ പടി‌പടിയായി ഉയര്‍ന്ന് റവന്യൂ വകുപ്പില്‍ ഡെപ്യൂട്ടി സെക്രട്ടറിയും വകുപ്പിലെ സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസറുമായി. പറഞ്ഞിട്ടെന്താ പാവത്തിനിപ്പോള്‍ സെക്രട്ടേറിയറ്റിലല്ല പണി. പണിയൊന്നും ചെയ്യേണ്ട, രണ്ടു മാസത്തെ അവധിയെടുത്ത് വീട്ടിലിരുന്നോളൂ, ശമ്പളം അവിടെയെത്തിച്ചുകൊള്ളാമെന്നു കല്പനകൊടുത്തു പറഞ്ഞുവിട്ടിരിക്കയാണ് വകുപ്പിന്‍റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും അഡിഷണല്‍ ചീഫ് സെക്രട്ടറിയുമായ ഡോ. എ. ജയതിലക്.

ശാലിനിയുടെ വിശ്വാസ്യതയിലും കാര്യക്ഷമതയിലും സംശയുമുണ്ടെന്നും ആയതിനാല്‍ ഒരിക്കല്‍ കൊടുത്ത ഗുഡ്സ് സര്‍വീസ് എന്‍ട്രിക്ക് അവര്‍ അര്‍ഹയല്ലെന്നുമാണ് ഭരണത്തലവന്മാരുടെ തിട്ടൂരം. ഈ ബഹുമതി തിരിച്ചു വാങ്ങിയ ശേഷമാണ് ഹജൂര്‍ കച്ചേരിയില്‍ നിന്ന് അവരെ പടിയിറക്കിയത്.

സെക്രട്ടേറിയറ്റിലിരിക്കുന്ന ആര്‍ക്കും കാര്യക്ഷമതയില്ലെന്നു കണ്ടുപിടിച്ചത് ഒന്നാം പിണറായി സര്‍ക്കാരാണ്. അതുകൊണ്ടാണ് സെക്രട്ടേറിയറ്റില്‍ പ്രൈസ്‌വാട്ടര്‍ ഹൗസ് കൂപ്പേഴ്സിനു പ്രത്യേകം ഓഫീസ് അനുവദിച്ച് യഥേഷ്ടം കണ്‍സള്‍ട്ടന്‍റുമാരെ നിയോഗിച്ച് സമാന്തര ഭരണ സംവിധാനം ഏര്‍പ്പെടുത്താന്‍ വരെ തീരുമാനിച്ചത്. പക്ഷേ, അന്നത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ദുര്‍വാശി സ്വപ്നങ്ങളെല്ലാം തകര്‍ത്തു.  പിബ്ല്യുസി പരിചയപ്പെടുത്തിക്കൊടുത്ത സ്വപ്ന സുരേഷ് എന്ന സ്ത്രീയെ മുഖ്യമന്ത്രിയുടെ സ്വന്തം വകുപ്പിലുള്ള ഐടി പാര്‍ക്കിന്‍റെ മാനേജരാക്കി നിയമിച്ചതാണ്. സ്വപ്നയെ സഹായിക്കാന്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ സേവനവും വിട്ടുകൊടുത്തു.

 ശാലിനിയെപ്പോലെ സ്വപ്ന പിജിയും പിഎച്ച്ഡിയുമൊന്നും നേടിയിട്ടില്ല. പത്താംക്ലാസും ഗുസ്തിയുമായിരുന്നു യോഗ്യത. പക്ഷേ, ‘എഫിഷ്യന്‍സി’ കൂടുതലായതു കൊണ്ട് ശാലിനിയെക്കാള്‍ മുന്തിയ വേതനവും ഉയര്‍ന്ന റാങ്കും നല്‍കിയായിരുന്നു പ്രതിഷ്ഠ.

ഭരണതലത്തില്‍ ശാലിനിയോടും ജി. ഗിരിജ കുമാരിയെന്ന അഡിഷണല്‍ സെക്രട്ടിയോടുമൊന്നും ഒരു കാര്യം പറഞ്ഞ് ചെയ്യിക്കാമെന്നു വച്ചാല്‍ നൂറു തടസവാദങ്ങള്‍ ഉന്നയിക്കും. എന്നാല്‍ സ്വപ്ന സുരേഷിന്‍റെ കാര്യം അങ്ങനെയല്ല. സാദാ മന്ത്രിയല്ല, സാക്ഷാല്‍ മുഖ്യമന്ത്രി പോലും മനസില്‍ കാണുന്നത് അവര്‍ മാനത്തു കാണും. ദാന്നു പറയുന്നതിനു മുന്‍പ് പറയുന്ന കാര്യങ്ങള്‍ ചെയ്തുകൊടുക്കും. അതുകൊണ്ടാണ് ദുബായിയില്‍ നിന്നു വന്ന വിശുദ്ധ ഗ്രന്ഥവും ഈന്തപ്പഴവും ഡ്രൈ ഫ്രൂട്സും സ്വര്‍ണക്കരണ്ടിയുമൊക്കെ ഇരുചെവിയറിയാതെ കേരളത്തില്‍ അങ്ങോളമിങ്ങോളം യഥേഷ്ടം എത്തിക്കൊണ്ടിരുന്നത്. രാമമൂര്‍ത്തിയെന്ന കസ്റ്റംസ് ഓഫീസര്‍ ഒന്നു കണ്ണടച്ചിരുന്നെങ്കില്‍ ചീഫ് സെക്രട്ടറിയുടെ കസേരയില്‍ വരെ ഒരു പക്ഷേ, സ്വപ്ന സുരേഷ് എന്ന എഫിഷ്യന്‍റ് ക‌ണ്‍സള്‍ട്ടന്‍റ്  ഇരിക്കുമായിരുന്നു. അസിസ്റ്റന്‍റായി എം. ശിവശങ്കറും കാണുമായിരുന്നു, മൂന്നു തരം.

പക്ഷേ, ശാലിനിയും ഗിരിജ കുമാരിയുമൊന്നും ഈ ഗണത്തില്‍ വരില്ല. കാരണം അവര്‍ പത്താംക്ലാസ് കഴിഞ്ഞും പഠിക്കാന്‍ പോയി. വകുപ്പുതല പരീക്ഷകള്‍ എഴുതി ചട്ടങ്ങളും നിയമങ്ങളും ഹൃദിസ്ഥമാക്കി. അതുകൊണ്ടാണ് കോടികളുടെ അഴിമതി മണക്കുന്ന മരംമുറിക്കെതിരേ അവര്‍ നടപടി സ്വീകരിച്ചത്. അതിലാണിപ്പോള്‍ ഒന്നാമത്തെയും രണ്ടാമത്തെയും പിണറായി ഭരണകൂടങ്ങള്‍ ആടിയുലയുന്നത്.

1964 ലെ ഭൂമിപതിവ് ചട്ടങ്ങള്‍ ഭേദഗതി ചെയ്തുകൊണ്ടുള്ള റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഫയല്‍ മുന്നിലെത്തിയപ്പോള്‍ അതു നിയമവിരുദ്ധമാണെന്നു തിരിച്ചറിയാന്‍ ജയതിലകന്‍റെ ഐഎഎസ് ബുദ്ധി ആവശ്യമുണ്ടായിരുന്നില്ല, അഡിഷണല്‍ സെക്രട്ടറി ഗിരിജകുമാരിക്ക്. ഇങ്ങനെയൊരു ഉത്തരവ് ഇറക്കുന്നതിനു മുന്‍പ് നിയമവകുപ്പിന്‍റെയും അ‍ഡിഷണല്‍ അഡ്വക്കറ്റ് ജനറലിന്‍റെയും നിയമോപദേശം തേടണമെന്ന് അവര്‍ ഫയലില്‍ വ്യക്തമായി രേഖപ്പെടുത്തി മടക്കി. എന്നാല്‍ ഈ ഉപദേശം തള്ളിക്കളയാനായിരുന്നു അന്നത്തെ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍റെ കര്‍ശന നിര്‍ദേശം. ഈ നിര്‍ദേശം മാനിച്ചാണ് റവന്യൂ വകുപ്പ് 2020 ഒക്റ്റോബര്‍ 24നു വിവാദ ഉത്തരവിറക്കിയത്.

 അതിന്‍റെ മറവില്‍ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ സര്‍ക്കാരിലേക്ക് അവകാശപ്പെട്ട കോടിക്കണക്കിനു രൂപയുടെ രാജകീയ വൃക്ഷങ്ങള്‍ വനംമാഫിയകള്‍ മുറിച്ചു കടത്തി. കോടികള്‍ വിലയുള്ള ചന്ദനം, ഈട്ടി, തേക്ക്, എബണി (കരിമരം) എന്നിവ ഒരു കാരണവശാലും മുറിക്കരുതെന്നു കര്‍ശന നിര്‍ദേശമുള്ളപ്പോഴും വെട്ടിമാറ്റിയതെല്ലാം ഈ വൃക്ഷങ്ങളായിരുന്നു. അതു നിയമവിരുദ്ധമാണെന്നു ഫയലില്‍ കുറിച്ച ഗിരിജകുമാരിയെയും തല്‍സ്ഥാനത്തു നിന്നു നീക്കി.

പട്ടയഭൂമിയില്‍ കര്‍ഷകരോ കൈവശക്കാരോ നട്ടുപിടിപ്പിച്ചതോ സ്വയം കിളിര്‍ത്തതോ ആയ 76 ഇനം വൃക്ഷങ്ങള്‍ക്കാണ് മുറിച്ചുമാറ്റാനുള്ള അനുമതിയെന്നിരിക്കെ, കോടികള്‍ വിലയുള്ള രാജമരങ്ങള്‍ മുറിക്കാനുള്ള ഉത്തരവിറക്കിയത് ആരെ സഹായിക്കാന്‍? ആരൊക്കെയാണ് അതിന്‍റെ ഗുണഭോക്താക്കള്‍? ഒന്നാം പിണറായി സര്‍ക്കാരിന്‍റെ കാലത്തെ റവന്യൂ മന്ത്രി ആയിരുന്ന ഇ. ചന്ദ്രശേഖരനും വനം മന്ത്രിയായിരുന്ന കെ. രാജുവുമാണ് മരം മുറിക്കു പിന്നിലെന്നാണ് പുറംപൂച്ച്. എന്നാല്‍ അതല്ല വസ്തുത.

മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ കൂടിയ നിരവധി മന്ത്രിസഭാ യോഗങ്ങളില്‍ ഇക്കാര്യം ചര്‍ച്ചയ്ക്കു വന്നിട്ടുണ്ട്. അതിനു മുന്‍പും ശേഷവും മുഖ്യമന്ത്രി തന്നെ സര്‍വര്‍കക്ഷിയോഗം വിളിച്ച് ഇക്കാര്യം സജീവമായി ചര്‍ച്ച ചെയ്തിട്ടുമുണ്ട്. അപ്പോള്‍ മരംമുറിയെക്കുറിച്ച തനിക്കൊന്നുമറിയില്ലെന്നു പിണറായി വിജയനു പറയാനാവില്ല. ഉപ്പ് തിന്നവന്‍ വെള്ളം കുടിക്കട്ടെ എന്നാണ് അദ്ദേഹം പറയുന്നത്. എന്നിട്ടെന്തേ പിണറായിക്കു ദാഹിക്കാത്തതെന്നാണു ജനങ്ങളുടെ സംശയം.

 പട്ടയഭൂമിയില്‍ കര്‍ഷകര്‍ നട്ടുപിടിപ്പിച്ച വൃക്ഷങ്ങള്‍ സ്വന്തം വീടു വയ്ക്കാന്‍ പോലും ഉപയോഗിക്കാനാവുന്നില്ലെന്നും സ്വന്തം ഭൂമിയിലെ മരങ്ങള്‍ വെട്ടി ഉടമസ്ഥന് ഉപയോഗിക്കാന്‍ അനുവദിക്കണമെന്നുമാണ് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നത്. അപ്പോഴും സര്‍ക്കാര്‍ ഭൂമിയിലെ തേക്കും ഈട്ടിയും എബണിയുമൊന്നും വെട്ടണമെന്ന് ആരും ആവശ്യപ്പെട്ടതേയില്ല. പട്ടയ ഭൂമിയിലെ മരം മുറി സംബന്ധിച്ച് നിയമസഭയില്‍ പ്രതിപക്ഷം സബ്മിഷനുകള്‍ ഉന്നയിച്ചപ്പോഴും സര്‍ക്കാരിനു നഷ്ടം വരുത്തുന്ന നിര്‍ദേശങ്ങളൊന്നും മുന്നോട്ടു വച്ചില്ല.

എന്നിട്ടും പട്ടയഭൂമിയിലെ രാജകീയ വൃക്ഷങ്ങള്‍ യഥേഷ്ടം വെട്ടിവീഴ്ത്തി, കടുത്ത ലോക്ഡൗണ്‍ നിയന്ത്രണങ്ങളുടെ കാലത്തു പോലും ദേശീയ-സംസ്ഥാന പാതകള്‍ വഴി കടത്തിക്കൊണ്ടു പോകാന്‍ കഴിഞ്ഞത് എങ്ങനെ എന്ന ചോദ്യത്തിന് ഉത്തരമാണ് പ്രതിപക്ഷം ഇപ്പോള്‍ തേടുന്നത്. കെപിസിസി സെക്രട്ടറിയും വിവരാവകാശ പ്രവര്‍ത്തകനുമായ അഡ്വ. സി.ആര്‍. പ്രാണകുമാറിന്‍റെ നിയമപോരാട്ടത്തില്‍ സര്‍ക്കാര്‍ വെള്ളംകുടിക്കുന്നതും അതുകൊണ്ടു തന്നെ. എന്നാല്‍ അതിന്‍റെ അരിശം തീര്‍ക്കേണ്ടത്, പ്രാണകുമാറിനു വിവരാവകാശ രേഖകള്‍ കൈമാറിയ ഡെപ്യൂട്ടി സെക്രട്ടറി ഒ.ജി. ശാലിനിയോടല്ല. അഡിഷണല്‍ സെക്രട്ടറി ഗിരിജ കുമാരിയോടുമല്ല. വിവാദ ഉത്തരവിന്‍റെ ശില്പി ജയതിലകനോടാണ് ചോദിക്കേണ്ടത്. എന്നാല്‍ അദ്ദേഹത്തിനൊടു ചോദിക്കാന്‍ സര്‍‌ക്കാരിനു കഴിയില്ല. കാരണം ഭരണതലത്തിലെയും രാഷ്‌ട്രീയ തലത്തിലെയും പ്രമുഖരുടെ ആവശ്യപ്രകാരമാണ് അദ്ദേഹമതു ചെയ്തതെന്ന് എല്ലാവര്‍ക്കും അറിയുകയും ചെയ്യാം.  

സെക്രട്ടേറിയറ്റിലെ സമര്‍ഥയായ ഉദ്യോഗസ്ഥയെന്നാണ് ശാലിനിയെ സര്‍ക്കാര്‍ വിലയിരുത്തിയിരിക്കുന്നത്. കഴിഞ്ഞ ഏപ്രിലില്‍ ഡോ. ജയതിലക് നല്‍കിയ ഗുഡ്സ് സര്‍വീസ് എന്‍ട്രിയില്‍ ഇക്കാര്യം വളരെ കൃത്യമായി രേഖപ്പെടുത്തിയിട്ടുമുണ്ട്. കഷ്ടിച്ചു മൂന്ന് അസിസ്റ്റന്‍റുമാര്‍ മാത്രമുണ്ടായിരുന്ന റവന്യൂ (ഇന്‍ഫര്‍മേഷന്‍) വകുപ്പില്‍ കഴിഞ്ഞ ഏപ്രിലില്‍ അവര്‍ ചുമതലയേല്‍ക്കുമ്പോള്‍ ഫയലുകളുടെ കൂമ്പാരമായിരുന്നു. എന്നാല്‍ നേതൃത്വപരമായ ‌കഠിനാധ്വാനത്തിലൂടെയും നിരന്തരമായ പരിശ്രമങ്ങളിലൂടെയും അവര്‍ എല്ലാം നേരേയാക്കി ചിട്ടപ്പെടുത്തി. “നിയമപരമായ എല്ലാ ചിട്ടവട്ടങ്ങളോടും ഇപ്പോള്‍ ഈ വിഭാഗത്തിനു പ്രവര്‍ത്തിക്കാന്‍ കഴിയുന്നുണ്ട്. നിശ്ചിത സമയപരിധിക്കുള്ളില്‍ നിന്നുകൊണ്ട്, നിയമപരമായി എടുക്കാവുന്ന മുഴുവന്‍ നടപടികളും വളരെ സത്യസന്ധമായി സ്വീകരിച്ചു. സെക്‌ഷന്‍ മേധാവി എന്ന നിലയ്ക്ക് കീഴ്‌ജീവനക്കാര്‍ക്കെല്ലാം അവര്‍ മികച്ച മാതൃകയും പ്രചോദനവും വഴികാട്ടിയുമാണ്.” ശാലിനിക്കു ഗുഡ്സ് സര്‍വീസ് എന്‍ട്രി നല്‍കിക്കൊണ്ട് ഡോ. ജയതിലക് കുറിച്ചതാണിത്.

എന്നാല്‍ ഈ ബഹുമതി തിരികെവാങ്ങി, കഴിഞ്ഞ മൂന്നാംതീയതി ഇതേ ജയതിലക് പറയുന്നിതിങ്ങനെഃ “ഇതുവരെ വെളിച്ചത്തു വന്ന വിവരങ്ങളുടെയും തുടര്‍ന്നു നടത്തിയ അന്വേഷണങ്ങളുടെയും അടിസ്ഥാനത്തില്‍ ഈ ഉദ്യോഗസ്ഥയുടെ വിശ്വാസ്യത സംശയങ്ങള്‍ക്ക് അതീതമല്ലെന്നു ചില ഫയലുകള്‍ കാണിക്കുന്നു. അതിനാല്‍ ഈ ഉദ്യോഗസ്ഥ ഗുഡ്സ് സര്‍വീസ് എന്‍ട്രിക്ക് അര്‍ഹയല്ലെന്നു ഞാന്‍ വീക്ഷിക്കുന്നു.”

മൂന്നു മാസം മുന്‍പ് വരെ വളരെ കാര്യക്ഷമതയുണ്ടായിരുന്ന ഒരു ജീവനക്കാരി, പെട്ടെന്ന് കാര്യപ്രാപ്തയല്ലാതായതിനു കാരണം ഭരണയന്ത്രത്തിന്‍റെ നിയമനിഷേധ രേഖകള്‍ പുറത്തുവിട്ടതല്ലാതെ വേറെന്താണ്? ഇതേക്കുറിച്ചു ചോദിച്ച പ്രതിപക്ഷ നേതാവ് വി.ഡി. സതീശനോട് എനിക്കൊന്നും അറിയില്ലെന്നും താനറിഞ്ഞല്ല നടപടിയെന്നുമാണ് ഇപ്പോഴത്തെ റവന്യൂ മന്ത്രി കെ. രാജന്‍ പറഞ്ഞത്. ബന്ധപ്പെട്ട വകുപ്പുകളുടെ കാര്യമാണിതൊക്കെയെന്നും തനിക്കൊന്നും അറിയില്ലെന്നുമായിരുന്നു, മാധ്യമങ്ങളോടുള്ള മുഖ്യമന്ത്രിയുടെ പ്രതികരണം.

സാധാരണ നിലയ്ക്ക് സ്വന്തം വകുപ്പില്‍ നടക്കുന്നതൊന്നും അറിയാത്ത ആളാണ് മുഖ്യമന്ത്രി. സ്വപ്ന സുരേഷിനെ സ്വന്തം വകുപ്പില്‍ നിയമിച്ചതും അവര്‍ ഒന്നിലേറെ തവണ തന്‍റെ ഔദ്യോഗിക വസതിയിലടക്കം വന്നതുമൊന്നും മുഖ്യമന്ത്രി അറിഞ്ഞിട്ടേയില്ല. പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്സിനു സെക്രട്ടേറിയറ്റില്‍ ഓഫീസ് തുറക്കാന്‍ സൗകര്യം ചെയ്തതും യുഎഇയില്‍ നിന്നു സ്വര്‍ണം കള്ളക്കടത്തു നടത്താന്‍ സ്വന്തം ഓഫീസിലുള്ളവര്‍ ഒത്താശ ചെയ്തതുമൊന്നും അദ്ദേഹം അറിഞ്ഞതല്ല. ഒരു കൈ ചെയ്യുന്നതു മറു കൈ അറിയരുതെന്നു നിര്‍ബന്ധമുള്ളയാളാണ് മുഖ്യന്ത്രിയെന്നും എല്ലാവര്‍ക്കുമറിയാം. അതിനൊക്കെ മറപിടിക്കാനുള്ള മെയ്‌വഴക്കം അദ്ദേഹത്തിനുണ്ട്.

എന്നാല്‍, റവന്യൂ മന്ത്രി കെ. രാജന്‍ അങ്ങനെയാവരുത്. ഭരണത്തില്‍ പുതുമുഖമാണ്. സ്വന്തം വകുപ്പില്‍ നടക്കുന്നത് അദ്ദേഹം തീര്‍ച്ചയായും അറിയണം. സ്വന്തം വകുപ്പില്‍ സത്യസന്ധതയോടും നിയപരമായും ചുമതലകള്‍ നിറവേറ്റുന്ന ഉദ്യോഗസ്ഥരുടെ മനോവീര്യം കെടുത്താതിരിക്കാനെങ്കിലും ശ്രദ്ധിക്കണം. സ്വപ്ന സുരേഷിനെപ്പോലെ അഭീഷ്ടകാര്യ സിദ്ധിക്ക് ഇരുന്നുകൊടുക്കുന്നവരാവില്ല, ശാലിനിയും ഗിരിജ കുമാരിയുമൊക്കെ. അവര്‍ നിയമത്തിന്‍റെ പരിധിക്കുള്ളില്‍ നിന്നു പ്രവര്‍ത്തിക്കാന്‍ ചുമതലപ്പെട്ടവരാണ്. അതുകൊണ്ടാണ് സര്‍ക്കാര്‍ ഖജനാവിനു നഷ്ടമുണ്ടാക്കുന്ന മരംമുറി ഉത്തരവ് നിയമവിരുദ്ധമാണെന്നു ഗിരിജ കുമാരി ഫയലില്‍ കുറിച്ചത്.

2005ലെ വിവരാവകാശ നിയമ പ്രകാരം ഒരു പൗരന്‍ നിശ്ചിത ഫീസ് ഒടുക്കി ആവശ്യപ്പെടുന്ന ഏതു വ്യവസ്ഥാപിത രേഖയും പരമാവധി മുപ്പതു ദിവസത്തിനകം ലഭ്യമാക്കണം. ഈ ചട്ടപ്രകാരമാണ് അഡ്വ. പ്രാണകുമാര്‍ സമര്‍പ്പിച്ച വിവരാവകാശ രേഖകള്‍ ശാലിനി ലഭ്യമാക്കിയത്. അതവരുടെ ഉത്തരവാദിത്വമാണ്. അതിനവരെ ശിക്ഷിക്കുന്നതു നിയമവിരുദ്ധമാണ്.

ഈ ചട്ടങ്ങളൊന്നും ബാധകമാകാത്തതു കൊണ്ടാണ് സ്വപ്ന സുരേഷിനും എം. ശിവശങ്കരനും മറ്റും ചേര്‍ന്ന് ആറു മാസം കൊണ്ട് മുന്നൂറു കോടി രൂപയുടെ സ്വര്‍ണം കടത്താന്‍ കഴിഞ്ഞത്. അതുകൊണ്ടുതന്നെയാണു ശിവശങ്കരന്‍ എന്ന ഐഎഎസുകാരന്‍ നൂറു ദിവസത്തോളം ജയിലില്‍ കിടന്നതും സ്വപ്ന സുരേഷ് ഇപ്പോഴും കിടക്കുന്നതും. കോടിക്കണക്കിനു രൂപ വില വരുന്ന മരംവെട്ട് കൊള്ളയുടെ പേരില്‍ രാജനും രാജുവും ചന്ദ്രശേഖരനുമൊക്കെ കൈകാലിട്ടടിക്കുന്നതു ശാലിനിയുടെയും ഗിരിജയുടെയുമൊക്കെ കാര്യക്ഷമത കൊണ്ടുമാത്രമാണ്. നികുതിദായകരോടാണ് ഇവരു‍ടെ കൂറ്. അല്ലാതെ സ്വപ്ന സുരേഷിനെപ്പോലെ രാഷ്‌ട്രീയ യജമാനന്മാരോടല്ല. അതു തിരുച്ചറിഞ്ഞിട്ടു വേണം, അവര്‍ക്ക് സര്‍ക്കാര്‍ സമ്മാനിച്ച ഗുഡ്സ് സര്‍വീസ് എന്‍ട്രി തിരികെ വാങ്ങുന്നത്.  

Related posts

Leave a Comment