പറയേണ്ടിടത്തു പറഞ്ഞും, ചെയ്യേണ്ടിടത്തു ചെയ്‌തും പാറപോലുറച്ചു നിൽക്കുന്ന നിലപാടിന്റെ പേരാണ് സലിം കുമാർ ; സിനിമ ജീവിതത്തിന് കാൽ നൂറ്റാണ്ടിന്റെ തിളക്കം

മാഹിൻ അബൂബക്കർ

കേരളത്തിന്റെ പ്രിയ കലാകാരന്റെ സിനിമ ജീവിതത്തിന് കാൽ നൂറ്റാണ്ടിന്റെ തിളക്കം.

പ്രിയപ്പെട്ട സലിം കുമാർ സിനിമയിൽ 25 വർഷം നടന്ന് തീർത്തിരിക്കുന്നു. ചിരിയോടെയല്ലാതെ മലയാളികൾക്ക് ഓർക്കാൻ കഴിയാത്ത വിധം മലയാളികൾക്ക് മുന്നിൽ ചിരിയുടെ വസന്തം തീർത്ത അനുഗ്രഹീത നടനാണ് സലിം കുമാർ.

സലിം കുമാർ എന്ന നടന്റെ സാന്നിധ്യം ഉണ്ടെങ്കിൽ ചിരിയുറപ്പ് എന്ന് പറയും വിധം വ്യത്യസ്തമായ കഥാപാത്രങ്ങൾ കൊണ്ട് പ്രേക്ഷക ഹൃദയത്തിൽ ഇടം നേടാൻ അദേഹത്തിന് സാധിച്ചു.

മലയാള സിനിമയിലെ ഏറ്റവും മികച്ച ഹാസ്യ നടന്മാരുടെ പട്ടികയിൽ ആദ്യ സ്ഥാനങ്ങളിൽ ഇടം പിടിക്കുമ്പോൾ തന്നെ മികച്ച നടൻ കൂടിയാണെന്ന് അദ്ദേഹം അടയാളപ്പെടുത്തുന്നു.

അതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് അദേഹത്തിന്റെ വീട്ടിൽ അതിഥികളെ വരവേൽക്കുന്ന മികച്ച നടനുള്ള ദേശീയ പുരസ്‌കാരം. അത് പോലെ മികച്ച നടനുള്ള സംസ്ഥാന അവാർഡ്, മികച്ച തിരക്കഥക്കുള്ള സംസ്ഥാന അവാർഡ് അടക്കം എത്രയോ അംഗീകാരങ്ങളാണ് സലിം കുമാർ എന്ന നടനെ തേടിയെത്തിയിരിക്കുന്നത്.

കേവലം സിനിമയുടെ സ്വപ്ന ലോകത്തു ജീവിതം ആസ്വദിച്ചു ജീവിച്ചു തീർക്കാതെ, സമൂഹത്തെ നിരന്തരം പിന്തുടരുന്ന മനുഷ്യൻ കൂടിയാണ് സലിം കുമാർ. ഒരു സാധാരണക്കാരനെ പോലെ ഈ സമൂഹത്തിന്റെ നടുമുറ്റത്തിറങ്ങി അദേഹം നിലപാടുകൾ ഉയർത്തി പിടിക്കുന്നു.

അക്രമിക്കപെടുന്നവന്റെയും, അടിച്ചമർത്തപ്പെട്ടവന്റെയും ശബ്ദമായി ആരെയും ഭയക്കാതെ നിലപാട് വിളിച്ച് പറയാനും മനുഷ്യരോട് ഐക്യദാർഢ്യപെടാനും അദേഹം മുന്നിലിറങ്ങുന്നു.

കർഷക സമരത്തിൽ, ലക്ഷ്വദീപ് വിഷയത്തിൽ അങ്ങനെ ആനുകാലിക രാഷ്ട്രീയ സാമൂഹ്യ വിഷയങ്ങളിൽ ഭയത്തിന്റെ ഒരംശം പോലുമില്ലാതെ ജനങ്ങൾക്ക് മുന്നിൽ സംസാരിക്കാൻ സലിം കുമാറിന് കഴിയുന്നു. സിനിമയിൽ നിന്നും രാഷ്ട്രീയത്തിലിറങ്ങി ജനപ്രതിനിധിയുടെ റോളിൽ നിറഞ്ഞാടുന്ന സിനിമാക്കാർ പോലും മൗനം പാലിക്കുന്ന കാലത്തും സലിം കുമാർ സംസാരിച്ചു കൊണ്ടേയിരിക്കുന്നു.

സിപിഎം കുത്തകയെന്നോണം ബ്രാൻഡ് ചെയ്തിരിക്കുന്ന മലയാള സിനിമ മേഖലയിൽ തന്റെ സഹപ്രവർത്തകർ പലരും സ്വന്തം രാഷ്ട്രീയം തുറന്നു പറയാൻ കഴിയാതെ പൊതുബോധത്തെ ഭയന്ന് മാറി നിൽക്കുമ്പോൾ
” ജനിച്ചത് കോൺഗ്രസ്‌ ആയി, ജീവിക്കുന്നത് കോൺഗ്രസ്സായി, മരിക്കുന്നതും കോൺഗ്രസ്‌ ആയിട്ടാകും” എന്ന് പ്രഖ്യാപിക്കാൻ സലിം കുമാറിന് ഒരു മടിയുമില്ല.

അർഹതയുള്ള വേദികളിൽ നിന്നും വെട്ടിമാറ്റപ്പെട്ടപ്പോൾ മൗനം പാലിച്ചു കൊണ്ട് എതിരാളികൾക്ക് കീഴ്പ്പെടാതെ
” എന്റെ കോൺഗ്രസ്‌ രാഷ്ട്രീയം അത്തരമൊരു മാറ്റി നിർത്തലിന് കാരണമായെന്ന് വിശ്വാസിക്കുന്നു, അത് കൊണ്ട് തന്നെ ആ വേദിയിൽ പങ്കെടുക്കുന്നില്ല ” എന്ന് സിപിഎം പ്രീണന സിനിമ സാംസ്കാരിക ലോകത്തോട് വിളിച്ച് പറയാൻ ധൈര്യം കാണിച്ച വ്യക്തി കൂടിയാണ് സലിം കുമാർ.

വെറുമൊരു കലാകാരൻ മാത്രമല്ല സലിം കുമാർ. ആരുടെയെങ്കിലും പാദസേവ ചെയ്തിട്ടാണെങ്കിലും, ആരെ തൃപ്തിപ്പെടുത്തിയിട്ടാണെങ്കിലും ഉള്ള കാലം രാജാവായി വാഴണം എന്ന ചിന്തയില്ലാതെ പറയേണ്ടിടത്തു പറഞ്ഞും, ചെയ്യേണ്ടിടത്തു ചെയ്‌തും പാറ പോലുറച്ചു നിൽക്കുന്ന നിലപാടിന്റെ പേരാണ് സലിം കുമാർ.

പ്രിയപ്പെട്ട സലിം കുമാറിന്
ആശംസകൾ.

നടക്കുക…
നന്മയുടെ പാതയിൽ ഇത് വരെ നടന്ന പോലെ!
ജീവിക്കുക
ഞങ്ങളുടെ ഉള്ളറിഞ്ഞ കലാകാരനായി
ഉശിരുള്ള മനുഷ്യനായി!

Related posts

Leave a Comment