കാലഹരണപ്പെട്ട മരുന്നുകളുടെ വിൽപ്പന: പിഴ വിധിച്ച് ജില്ലാ ഉപഭോക്തൃ കമ്മീഷൻ

മലപ്പുറം : കാലഹരണപ്പെട്ട മരുന്ന് ഉപയോഗിക്കാനായി നൽകിയ സംഭവത്തിൽ പരാതിക്കാരന് നഷ്ടപരിഹാരം നൽകാൻ ജില്ലാ ഉപഭോക്തൃകമ്മീഷൻ ഉത്തരവ്. വടക്കാങ്ങര സ്വദേശി അബ്ദുൾ റസാഖിന്റെ പരാതിയിലാണ് വിധി. പ്രധാനമന്ത്രി ജൻ ഔഷധിയിൽ നിന്ന് കാലഹരണപ്പെട്ട മരുന്ന് ലഭിച്ചെന്നാണ് പരാതി. പ്രമേഹത്തിന് സ്ഥിരമായി മരുന്നു കഴിക്കുന്ന താൻ 2020 മെയ് നാലിന് മരുന്ന് വാങ്ങി 10 ദിവസം ഉപയോഗിച്ചതിന് ശേഷമാണ് 2019 ഡിസംബറിൽ കാലഹരണപ്പെട്ട മരുന്നാണെന്ന് ശ്രദ്ധയിൽപ്പെട്ടതെന്ന് കമ്മീഷനെ അറിയിച്ചു. തുടർന്ന് സ്ഥാപന ഉടമയെ കണ്ട് പരാതി പറഞ്ഞെങ്കിലും പരാതി പരിഗണിക്കാൻ പോലും തയാറായില്ലെന്നും മറ്റ് ഉപഭോക്താക്കൾ മുമ്പാകെ അപമാനിക്കുകയും ചെയ്‌തെന്നാണ് അബ്ദുറസാഖ് കമ്മീഷനിൽ പരാതി ഉന്നയിക്കുകയായിരുന്നു. പരാതിക്കാരൻ ഹാജരാക്കിയത് തന്റെ സ്ഥാപനത്തിൽ നിന്ന് വിറ്റ മരുന്നല്ലെന്നും വിൽക്കുന്ന മരുന്നുകൾക്ക് എം.ആർ.പി വിലയാണ് ബില്ലിൽ കാണിക്കാറുള്ളതെന്നും പരാതിക്കാരന്റെ ബില്ലിൽ എം.ആർ.പി വിലയല്ല കാണിച്ചിരിക്കുന്നതെന്നും തന്നെ അപമാനിക്കാനാണ് പരാതി നൽകിയതെന്നുമായിരുന്നു ആരോപണ വിധേയനായ സ്ഥാപന ഉടമയുടെ വാദം.
ബില്ലിൽ ബാച്ച് നമ്പർ, മരുന്നു നിർമിച്ച തിയതി, കാലഹരണപ്പെടുന്ന തിയതി തുടങ്ങി രേഖപ്പെടുത്താനുള്ളവയൊന്നും രേഖപ്പെടുത്തിയിട്ടില്ലാത്തതിനാൽ കാലാവധി കഴിഞ്ഞ മരുന്ന് കടയിൽ നിന്നും വിറ്റതല്ലെന്ന വാദം ഉപഭോക്തൃ കമ്മീഷൻ സ്വീകരിച്ചില്ല. മാത്രമല്ല പ്രധാനമന്ത്രിയുടെ പേരിൽ അർഹതപ്പെട്ടവർക്ക് ജീവൻ രക്ഷാ ഔഷധങ്ങൾ കുറഞ്ഞ വിലക്ക് ലഭ്യമാക്കാനുള്ള സംരഭത്തിന്റെ താൽപര്യങ്ങൾക്ക് വിരുദ്ധവും അനുചിതവുമായ വ്യാപാര നടപടിയാണ് സ്ഥാപന ഉടമയുടേതെന്ന് കമ്മീഷൻ നിരീക്ഷിച്ചു.തുടർന്ന് മരുന്നിന്റെ വിലയായി ഈടാക്കിയ 270 രൂപ തിരിച്ചു നൽകാനും നഷ്ടപരിഹാരമായി പരാതിക്കാരന് 20,000 രൂപയും കോടതി ചെലവായി 5,000 രൂപയും നൽകാൻ കെ.മോഹൻദാസ് പ്രസിഡന്റും പ്രീതി ശിവരാമൻ, സി.വി. മുഹമ്മദ് ഇസ്മായിൽ എന്നിവർ അംഗങ്ങളായ ജില്ലാ ഉപഭോക്തൃ കമ്മീഷൻ വിധിക്കുകയായിരുന്നു. ഒരു മാസത്തിനകം വിധി നടപ്പാക്കണമെന്നും വീഴ്ച വരുത്തിയാൽ പരാതി തിയതി മുതൽ വിധി സംഖ്യയിന്മേൽ 12 ശതമാനം പലിശയും നൽകണമെന്നും വിധിയിലുണ്ട്.

Related posts

Leave a Comment