അഴിമതിക്കേസ് പ്രതിയുടെ ശമ്പളം ഇരട്ടിയാക്കി സർക്കാർ

തിരുവനന്തപുരം: കശുവണ്ടി കോർപ്പറേഷനിലെ കോടികളുടെ അഴിമതിയുമായി ബന്ധപ്പെട്ട് തിരുവനന്തപുരം കോടതിയിൽ സിബിഐ സമർപ്പിച്ച കുറ്റപത്രത്തിലെ ഒന്നാം പ്രതിയും നിലവിൽ ഖാദി ബോർഡ് സെക്രട്ടറിയുമായ കെ.എ രതീഷിന്റെ ശമ്പളം സർക്കാർ ഇരട്ടിയാക്കി വർധിപ്പിച്ചു. കെ.എ രതീഷിനെ ഖാദി ബോർഡിൽ നിയമിച്ചത് വലിയ വിവാദമായി തുടരുന്നതിനിടെയാണ് വ്യവസായ മന്ത്രി പി. രാജീവിന്റെ അധ്യക്ഷതയിൽ യോഗം ചേർന്ന് ശമ്പള വർധനവിന് തീരുമാനമെടുത്തത്. നിലവിൽ നൽകുന്ന 70,000 രൂപയുടെ ശമ്പളം അഡീഷണൽ സെക്രട്ടറിയുടെ ശമ്പളത്തിന് തുല്യമാക്കിയാണ് വർധിപ്പിച്ചത്. അതുപ്രകാരം 1,23,700-1,66,800 രൂപയ്ക്ക് പുറമേ അലവൻസുകളും ലഭിക്കും. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് രതീഷിന്റെ ശമ്പള വർധനവ് സംബന്ധിച്ചുള്ള ഫയൽ ധനവകുപ്പിലെത്തിയെങ്കിലും മന്ത്രി തോമസ് ഐസക്ക് ഇടപെട്ട് മരവിപ്പിച്ചിരുന്നു.

തന്റെ ശമ്പളം 1.75 ലക്ഷം രൂപയാക്കി സ്വയം വർധിപ്പിച്ചു ബോർഡ് സെക്രട്ടറിയായ കെ.എ. രതീഷ് കഴിഞ്ഞ മാർച്ചിൽ ഉത്തരവിറക്കിയെങ്കിലും ധനവകുപ്പ് അനുവദിച്ചിരുന്നില്ല. കശുവണ്ടി കോർപ്പറേഷനിൽ എംഡിയായിരിക്കെ തോട്ടണ്ടി ഇറക്കുമതി കേസിൽ ഒന്നാം പ്രതിയായ രതീഷിനെ ഖാദി ബോർഡിൽ നിയമിക്കുന്നത് സംബന്ധിച്ച് വിവാദങ്ങളുയർന്നെങ്കിലും അതെല്ലാം അവഗണിച്ച് മുഖ്യമന്ത്രിയുടെ താൽപ്പര്യപ്രകാരമാണ് അന്ന് നിയമനം നടത്തിയത്. 500 കോടിയുടെ കശുവണ്ടി ഇറക്കുമതി ക്രമക്കേടിൽ സിബിഐ സമർപ്പിച്ച കുറ്റപത്രത്തിൻ മേലുള്ള വിചാരണയ്ക്കുള്ള അനുമതി നേരത്തെ സർക്കാർ നിഷേധിച്ചിരുന്നു. അതിനെതിരെയുള്ള ഹർജി ഇപ്പോൾ ഹൈക്കോടതിയുടെ പരിഗണനയിലാണ്.

Related posts

Leave a Comment