ശമ്പള പ്രതിസന്ധി ; സർക്കാരും തൊഴിലാളി സംഘടനകളും നേർക്കുനേർ

തിരുവനന്തപുരം: കെ എസ് ആർ ടി സി ശമ്പള പ്രതിസന്ധി രൂക്ഷമാകുനമ്പോൾ സർക്കാരും തൊഴിലാളി സംഘടനകളും നേർക്കുനേർ. ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ പ്രതികരണങ്ങൾ പ്രകോപനപരമെന്ന് തൊഴിലാളി യൂണിയനുകൾ പറഞ്ഞു. സർക്കാർ ധനസഹായം വേണ്ടെന്ന മന്ത്രിയുടെ നിലപാടിൽ വെട്ടിലായിരിക്കുകയാണ് മാനേജ്‌മെന്റ്. അതേസമയം പ്രതിപക്ഷ യൂണിയൻ ടി ഡി എഫ് ആഹ്വാനം ചെയ്ത സമരം ഇന്നു മുതൽ ആരംഭിക്കും.

സർക്കാരിന്റെ 105 പൊതുമേഖലാ സ്ഥാപനങ്ങളിൽ ഒന്ന് മാത്രമാണ് കെഎസ്ആർടിസി. താൻ കെഎസ്ആർടിസിയുടെ കണക്കപ്പിള്ളയല്ല, ഗതാഗത വകുപ്പിന്റെ മന്ത്രിയാണെന്ന് ആന്റണി രാജു പ്രതികരിച്ചിരുന്നു. കഴിഞ്ഞ രണ്ട് ദിവസമായി നടത്തിയ പ്രസ്താവനകളിലൂടെ സർക്കാരിന്റെ നിലപാടാണ് മന്ത്രി വ്യക്തമാക്കിയത് . തന്റെ വാക്ക് വിശ്വസിക്കാതെ സമരം ചെയ്ത ജീവനക്കാരോട് ഇനി വിട്ടുവീഴ്ചയില്ലെന്നും പ്രതിസന്ധി ഘട്ടത്തിൽ തൊഴിലാളികളെ വരുതിയിൽ നിർത്താൻ പറ്റാത്ത മാനേജ്മെന്റിനോടും നീരസം ഉണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

അമേരിക്കയിൽ നിന്ന് തിരിച്ചെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് നടത്തിയ ചർച്ചയിലും തന്റെ നിലപാട് ആന്റണി രാജു ആവർത്തിച്ചു. മന്ത്രി പൂർണമായും കൈയ്യൊഴിയുമ്പോൾ ശരിക്കും വെട്ടിലായത് മാനേജ്മെന്റാണ്. എങ്ങനെയെങ്കിലും ശമ്പളം കൊടുക്കാനുള്ള പണം കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് മാനേജ് മെന്റ്. ഓവർ ഡ്രാഫ്റ്റ് വരെ എടുത്ത് ശമ്പളം നൽകിക്കഴിഞ്ഞു.

Related posts

Leave a Comment