ഒറ്റമുറിയിലെ ഒളിജീവിതത്തിനു വിട, ഇനി അവര്‍ തെളിഞ്ഞു ജീവിക്കും

പാലക്കാട്: അടച്ചിട്ട ഒറ്റമുറിയില്‍ നിന്നു സാജിത പുറത്തിറങ്ങി. ഇനി റഹമാനോടൊപ്പം തെളിഞ്ഞു ജീവിക്കും. റഹ്മാനും സാജിതയും വിവാഹിതരായി. ഇന്ന് രാവിലെ പത്തു മണിക്ക് നെന്മാറ സബ് രജിസ്റ്റാർ ഓഫീസിലാണ് വിവാഹം നടന്നത്. തന്‍റെ വീട്ടിലെ ഒറ്റമുറിയിൽ റഹ്മാന്‍ ആരുമറിയാതെ പത്തുകൊല്ലം സാജിതയെ ഒളിവിൽ പാർപ്പിച്ച സംഭവം വലിയ ചർച്ചയായിരുന്നു. വിവരം പുറത്ത് വന്നതോടെ വനിതാ കമ്മീഷനും മനുഷ്യാവകാശ കമ്മീഷനും വിഷയത്തിൽ ഇടപെട്ടു. സ്വന്തം ഇഷ്ടപ്രകാരമാണ് റഹ്മാനൊപ്പം ഒളിവിൽ താമസിച്ചതെന്നായിരുന്നു സജിതയുടെ മൊഴി. കാണാതായ റഹ്മാനെ പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം വഴിയിൽ വച്ച് ബന്ധുക്കൾ കണ്ടതോടെയാണ് സംഭവങ്ങളുടെ ചുരുളഴിയുന്നത്.

പൊലീസെത്തി നടത്തിയ അന്വേഷണത്തിൽ റഹ്മാനൊപ്പം സാജിദയെയും ഉണ്ടെന്ന് തിരിച്ചറിഞ്ഞു. ചോദ്യം ചെയ്യലിലാണ് ഇരുവരും പത്തു കൊല്ലം തറവാട് വീട്ടിലെ ഒറ്റമുറിയിൽ താമസിച്ചെന്ന വിവരം പുറത്തു വരുന്നത്. 10 വര്‍ഷത്തോളം സ്വന്തം വീട്ടില്‍ യുവതിയെ ഒളിപ്പിച്ചു താമസിപ്പിച്ച യുവാവിന്റെ കഥ അവിശ്വസനീയതോടെയാണ് കേരളം കേട്ടത്. സ്വന്തം വീട്ടുകാരോ തൊട്ടയല്‍വാസികളോ അറിയാതെ ഇത്രയും നീണ്ട കാലയളവ് ഒരു സ്ത്രീയെ എങ്ങനെ ഒരു ചെറിയ മുറിക്കുള്ളില്‍ ഇയാള്‍ ഒളിച്ചുതാമസിപ്പിച്ചു എന്ന് നാല് കോണുകളില്‍ നിന്നും ചോദ്യവും സംശയവുമുയര്‍ന്നു. പക്ഷേ ഇവര്‍ പറയുന്ന കഥ വിശ്വസിക്കുകയല്ലാതെ മറ്റുമാര്‍ഗമൊന്നുമില്ലെന്നാണ് സംഭവം അന്വേഷിച്ച പൊലീസും പറഞ്ഞത്.

പാലക്കാട് ജില്ലയിലെ നെന്മാറയിലെ അരിയൂരിനടുത്തുള്ള കാരയ്ക്കാട്ടുപറമ്പ് എന്ന ഉള്‍ഗ്രാമത്തിലാണ് കേരളത്തെയാകെ അമ്പരിപ്പിച്ച സംഭവം നടക്കുന്നത്. സാജിതയെ കാണാതാകുമ്പോള്‍ 19 വയസ്സാണ് പ്രായം. പൊലീസ് ഏറെ അന്വേഷിച്ചെങ്കിലും പെണ്‍കുട്ടിയെ കണ്ടെത്താനായില്ല. അന്ന് റഹ്മാനെയും യുവാവിനെയും പൊലീസ് ചോദ്യം ചെയ്തിരുന്നു. അവസാനം, പൊലീസും വീട്ടുകാരും അന്വേഷണം അവസാനിപ്പിച്ചു. വര്‍ഷങ്ങള്‍ പിന്നിട്ട് പെണ്‍കുട്ടിയെക്കുറിച്ചുള്ള ഓര്‍മകള്‍ വീട്ടുകാരടക്കം മറക്കുന്നതിനിടെയാണ് സംഭവത്തില്‍ സിനിമാ ക്ലൈമാക്‌സിനെ വെല്ലുന്ന ട്വിസ്റ്റ് ഉണ്ടാകുന്നത്. യുവാവും യുവതിയും രണ്ട് മത വിഭാഗത്തില്‍പ്പെട്ടതായിരുന്നു. അന്ന് സാജിതയ്ക്ക് 19 വയസ്സ്. റഹ്മാന് 24ഉം. ഇരുവരും അയല്‍വാസികള്‍. യുവാവിന്റെ വീട്ടില്‍ നിന്ന് ഏകദേശം നൂറുമീറ്റര്‍ അകലെയാണ് യുവതിയുടെ വീട്. പ്രണയം വീട്ടില്‍ പറയാനുള്ള ധൈര്യം ഇരുവര്‍ക്കുമുണ്ടായില്ല. അങ്ങനെയാണ് പെണ്‍കുട്ടിയെ ഇയാള്‍ ആരുമറിയാതെ വീട്ടിനുള്ളിലെ മുറിയില്‍ എത്തിക്കുന്നത്. തുടക്കത്തില്‍ യുവാവും മുറിവിട്ട് പുറത്തിറങ്ങിയില്ല. തന്റെ മുറിയിലേക്ക് ആരെയും പ്രവേശിപ്പിച്ചതുമില്ല. മുറിയിലേക്ക് വീട്ടുകാര്‍ കടക്കുന്നത് തടയാനായി ഇലക്ട്രിക് ജോലി അറിഞ്ഞിരുന്ന റഹ്മാന്‍ ചില പൊടിക്കൈകളും ചെയ്തിരുന്നു. ഒടുവില്‍ റഹ്മാനെ വീട്ടില്‍ നിന്ന് കാണാതാവുകയും പിന്നീട് റോഡില്‍ വച്ച് ബന്ധുക്കള് കണ്ടെത്തുകയും ചെയ്തതോടെയാണ് 10 വര്‍ഷത്തെ ഒറ്റമുറിയിലെ രഹസ്യ ജീവിതത്തിന്‍റെ ചുരുളഴിഞ്ഞത്.

Related posts

Leave a Comment