Connect with us
48 birthday
top banner (1)

Featured

കാലം മായ്ക്കാത്ത ഓർമകൾ; സജിത്ത് ലാൽ ഓർമ ദിനത്തിൽ സുധാ മേനോൻ എഴുതുന്നു

Avatar

Published

on

ഓരോ പ്രസ്ഥാനത്തിന്റെയും ചരിത്രത്തിൽ ചില മനുഷ്യരുണ്ടാകും. വെല്ലുവിളികളുടെയും പ്രതിസന്ധികളുടെയും മൾബറി ഇലകളെ സ്വയം ഭക്ഷിച്ച് സഹപ്രവർത്തകർക്ക് ചവിട്ടി നടക്കാൻ ഏറ്റവും മികച്ച പട്ടുനൂൽപ്പാത ഉണ്ടാക്കാൻ കൊതിക്കുന്നവർ. അത്തരം ആത്മാർപ്പണങ്ങളെ ഒറ്റവെട്ടിലും, അൻപത്തൊന്ന് വെട്ടിലും, ബോംബേറിലും അവസാനിപ്പിക്കുന്നവർ മറന്നുപോകുന്ന ഒരു കാര്യമുണ്ട്. ആ മനുഷ്യർ അവശേഷിപ്പിച്ചുപോയ സഹനത്തിന്റെയും പ്രതിബദ്ധതയുടെയും സമരവീര്യത്തിന്റെയും ശേഷിപ്പുകൾ കാലാതിവർത്തിയാണെന്ന മഹാസത്യം. ഒരാളെ ഇല്ലാതാക്കിയാലും ആ രാഷ്ട്രീയം മറ്റൊരിടത്ത് മറ്റൊരു രൂപത്തിൽ മുളപൊട്ടും. പടരും. പ്രതിരോധത്തിന്റെ രാഷ്ട്രീയം ചരിത്രത്തിൽ നിലനിൽക്കുന്നത് എല്ലായ്പ്പോഴും അങ്ങനെയാണ്. ഈ ശ്രേണിയിലെ ഏറ്റവും തിളക്കമുള്ള പേരുകളിൽ ഒന്നാണ് കെ. പി. സജിത്ത് ലാൽ. പിൻഗാമികൾക്കും, പ്രവർത്തകർക്കും നേതാക്കൾക്കും ഒരുപോലെ ആവേശം നല്കുന്ന നിത്യസ്മരണ. എൺപതുകളിൽ തുടങ്ങി, തൊണ്ണൂറുകളുടെ പകുതി വരെയുള്ള നീണ്ട കാലത്തെ വിദ്യാർഥിരാഷ്ട്രീയസംഘാടനത്തിൽ, കണ്ണൂർ-കാസർഗോഡ് ജില്ലകളിലെ വിദൂരപ്രദേശങ്ങളിൽപ്പോലും കേരള വിദ്യാർഥി യൂണിയന്റെ നീലപതാക പാറിക്കളിച്ചതിൽ സജിത്ത് ലാലിന്റെ പങ്ക് ഇന്നത്തെ വിദ്യാർഥിനേതാക്കൾക്ക് സങ്കൽപ്പിക്കാവുന്നതിന് അപ്പുറമാണ്. ഫോണും, സാമൂഹ്യമാധ്യമങ്ങളും, യാത്രാസൌകര്യങ്ങളും ഇല്ലാത്ത ഒരു കാലത്തായിരുന്നു സിപിഎമ്മിന്റെ കോട്ടകളായ ഗ്രാമങ്ങളിലെ സ്കൂളുകളിൽ വരെ കെ എസ് യു വിന് യൂണിറ്റുകൾ ഉണ്ടാവുകയും, തിരഞ്ഞെടുപ്പിൽ മൽസരിക്കുകയും ചെയ്തത് എന്നോർക്കണം.

ഒരു തരത്തിലുള്ള ഭീഷണികൾക്കും വഴങ്ങാത്ത അനിതരസാധാരണമായ നിർഭയത്വം ആയിരുന്നു സജിത്തിന്റെ ഏറ്റവും വലിയ സവിശേഷത. അതിനോടൊപ്പം, കോൺഗ്രസ്സ് പ്രസ്ഥാനത്തോടുള്ള നിർമലമായ സ്നേഹവും കൂടിച്ചേർന്നപ്പോൾ നിരന്തരമായ ഭീഷണികളും ശാരീരികഅക്രമവും കൊലവിളികളും ഒക്കെ സജിത്തിനെ തൊടാതെ പോയി. സജിത്ത് ലാലും സഹോദരൻ അജിത്ത് ലാലും എണ്പതുകളിലെ പയ്യന്നൂർ ഗവൺമെന്റ് ഹൈസ്കൂളിലും പരിസരത്തെ എല്ലാ സ്കൂളുകളിലും കെ എസ് യു പ്രവർത്തകരുടെ പരിചയായിരുന്നു. പിന്നീട് ആ സ്വാധീനം സ്വാഭാവികമായി മാടായി കോളേജിലും പയ്യന്നൂർ കോളേജിലും എല്ലാം പ്രതിഫലിച്ചു. അക്കാലത്തെ എല്ലാ വിദ്യാർഥിസമരങ്ങളുടെയും മുന്നിൽ സജിത്ത് ലാൽ ഉണ്ടായിരുന്നു. ഏകപക്ഷീയമായ സംഘടനാപ്രവർത്തനം ജില്ലയിലെ ഒരു കോളേജിലും സ്കൂളിലും അനുവദിക്കില്ലെന്ന സജിത്ത് ലാലിന്റെ വാശിയും, എത്ര ദുർബലമായ ഇടങ്ങളിലും ആവേശത്തോടെ പൊരുതുമെന്ന ജനാധിപത്യബോധവുമാണ് ആ ചെറുപ്പക്കാരനെ സിപിഎമ്മിന്റെ കണ്ണിലെ കരടാക്കിയത്. ജില്ലാ കോൺഗ്രസ് അദ്ധ്യക്ഷനായിരുന്ന കെ. സുധാകരന്റെ അടുത്ത അനുയായിയാവുകയും, അദ്ദേഹത്തിന്റെ സുരക്ഷ സ്വയം ഏറ്റെടുക്കുകയും ചെയ്തതോടെ സജിത്ത് ലാലിനെതിരെ അവരുടെ മുൻനിര നേതാക്കൾ പരസ്യമായി കൊലവിളി നടത്തി. ഏത് നിമിഷവും കൊല്ലപ്പെട്ടേക്കാം എന്ന തിരിച്ചറിവിലും, സജിത്ത് ലാൽ ഭയന്നു പിന്മാറിയില്ല. രാഷ്ട്രീയഭാവിയേക്കാളും ജീവനെക്കാളും ഏറെ സ്വന്തം പ്രസ്ഥാനത്തിന്റ ആത്മാഭിമാനം ആയിരുന്നു സജിത്തിന് ഏറെ പ്രിയതരം. നേരിട്ടറിയുന്നവർക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത ദീപ്തമായ വ്യക്തിത്വമായിരുന്നു സജിത്ത് ലാലിന്റേത്.

Advertisement
inner ad

എന്റെ ജീവിതത്തിൽ ഇത്രയധികം അലട്ടിയ, വേദനിപ്പിച്ച മറ്റൊരു മരണമില്ല. കുടുംബസുഹൃത്ത്, നേതാവ്,സഹപ്രവർത്തകൻ എന്നതിലുപരിയായി സ്നേഹസമ്പന്നനായ സഹോദരനായിരുന്നു സജിത്ത് ലാൽ. പയ്യന്നൂരിനടുത്തുള്ള കാറമേലിലെ എന്റെ വീടിനടുത്ത് സജിത്തിന്റെ അച്ഛൻ കൃഷ്ണേട്ടന് ഒന്നോ രണ്ടോ വയലുണ്ടായിരുന്നു. അവിടേക്ക് വരുമ്പോഴൊക്കെ അവർ കുടുംബസമേതം രാവിലെ മുതൽ വൈകുന്നേരം വരെ ഞങ്ങളുടെ വീട്ടിൽ ചിലവഴിക്കും. കിളിക്കൂട് പോലുള്ള ഒരു കുടുംബം ആയിരുന്നു അത്. പരസ്പരം താങ്ങും തണലുമായി അച്ഛനും അമ്മയും സഹോദരിയും സഹോദരങ്ങളും. നമുക്ക് എല്ലാവർക്കും സംസാരിക്കാൻ ഒരൊറ്റ വിഷയം മാത്രം- കോൺഗ്രസ്. പിന്നീട് എപ്പോഴോ രണ്ടു കുടുംബങ്ങൾക്കും ആ വീടും വയലും നഷ്ടമായി. ഞങ്ങൾ പയ്യന്നുർ ടൗണിലേക്ക് വീട് മാറിയപ്പോൾ, ആ വീട് സജിത്ത് ലാലിന്റെത് കൂടെയായി. ഏതു പാതിരാത്രിയിലും കയറി വരാൻ സ്വാതന്ത്ര്യം ഉള്ള വീട്. പൊതു തെരഞ്ഞടുപ്പുകളുടെ ഫലം വരുന്ന ദിവസം കോൺഗ്രസ്സിന്റെ ഉയർച്ചയും, പതനവും ഉറക്കമിളച്ചിരുന്നുകൊണ്ട് ഒരേ റേഡിയോയുടെ ചുറ്റും ഇരുന്നു ഞങ്ങൾ കേട്ടു. ഏറ്റവും മികച്ച അനൌൺസർ കൂടിയായിരുന്നു സജിത്ത് ലാൽ. 1991ൽ, അന്നത്തെ കെ എസ് യു സംസ്ഥാന അദ്ധ്യക്ഷനായിരുന്ന ശ്രീ കെ. സി വേണുഗോപാൽ കാസർഗോഡ് ലോക്സഭാ മണ്ഡലത്തിൽ നിന്നും ആദ്യമായി തിരഞ്ഞെടുപ്പിൽ മൽസരിച്ചപ്പോൾ ഞങ്ങൾ ഒരുമിച്ചിരുന്ന് ആലോചിച്ച് പ്രാസഭംഗിയുള്ള മുദ്രാവാക്യങ്ങൾ ഉണ്ടാക്കിയത് ഇന്നും ഹൃദയത്തിൽ തെളിഞ്ഞുനിൽക്കുന്ന ഓർമയാണ്. പ്രസംഗവേദികളിലും, അനൌൺസ്മെന്റ് വാഹനങ്ങളിലും, സ്കൂൾ തിരഞ്ഞെടുപ്പുകളിലും, കോളേജിലെ സംഘടനാപ്രശ്നങ്ങളിലും,വ്യക്തിബന്ധങ്ങളിലും ഒക്കെ അനന്യമായ ഒരു സജിത്ത് ലാൽ സ്പർശം ഉണ്ടാക്കാൻ ആ മനുഷ്യന് കഴിഞ്ഞിരുന്നു.

കൂടെ നിൽക്കുന്നവരിലെല്ലാം പകരുന്ന ഊർജ്ജവും പ്രസരിപ്പും. അതുകൊണ്ടായിരുന്നു ആ ചെറുപ്പക്കാരൻ പ്രായഭേദമന്യേ എല്ലാവരുടെയും പ്രിയങ്കരനായത്. 1995 ജൂൺ മാസത്തിലെ അവസാനത്തെ ആഴ്ചയിലാണ് സജിത്ത് ലാലിനെ ഒടുവിൽ കണ്ടത്. അപ്രതീക്ഷിതമായി പെയ്ത പെരുമഴയെ നോക്കി അന്നൂർ സഞ്ജയൻ സ്മാരക ഗ്രന്ഥാലയത്തിന്റെ മുന്നിൽ അന്ധാളിച്ചു നിൽക്കുകയായിരുന്നു ഞാൻ. അപ്പോഴാണ് നിരത്തിലൂടെ പോയ ഓട്ടോറിക്ഷ നിർത്തി, നിവർത്തിപിടിച്ച കുടയുമായി സജിത്ത് ഏട്ടൻ വായനശാലയുടെ വരാന്തയിലേക്ക് ഓടികയറി വന്നത്. മഴ നനയാതെ എന്നെയും ചേർത്ത് പിടിച്ചു, ഓട്ടോറിക്ഷയിൽ കയറ്റുമ്പോൾ, കൂടെയുള്ള കൂട്ടുകാരോട് അഭിമാനത്തോടെ പറഞ്ഞത്, ‘നമ്മുടെ റാങ്ക് പ്രതീക്ഷയാണ്’ എന്നായിരുന്നു. ഏതാനും ദിവസങ്ങൾക്കുള്ളിൽ പ്രസിദ്ധീകരിക്കുന്ന ബി.എ പരീക്ഷയിൽ എനിക്ക് ഒന്നാം റാങ്ക് തന്നെ കിട്ടുമെന്ന് എന്നേക്കാൾ ഉറപ്പായിരുന്നു. ജീവന് ഭീഷണിയുള്ളത് കൊണ്ട് അവരുടെ കുടുംബം തിരുവനന്തപുരത്തേക്ക് താമസം മാറ്റിയിട്ട് അധികനാളായിരുന്നില്ല. എന്നിട്ടും ഭയത്തിന്റെ നേരിയ ലാഞ്ചന പോലും മുഖത്തുണ്ടായിരുന്നില്ല. ഞാനത് ചോദിക്കുകയും ചെയ്തിരുന്നു. ചെറു ചിരിയായിരുന്നു ഉത്തരം. തെക്കേ ബസാറിലെ എന്റെ വീട്ടിനു മുന്നിൽ ഇറക്കുമ്പോഴേക്കും മഴ പെയ്ത് തോർന്നിരുന്നു. റാങ്ക് വാങ്ങിയാൽ പയ്യന്നുർ നഗരം ഇത് വരെ കാണാത്ത സ്വീകരണപരിപാടി നിനക്ക് വേണ്ടി ഞാൻ സംഘടിപ്പിക്കും ‘ എന്നായിരുന്നു കെഎസ് യു ജില്ലാ വൈസ് പ്രസിഡണ്ടിന്റെ വാക്ക്. പക്ഷെ, ആ നിറചിരി ഞാൻ പിന്നീട് ഒരിക്കലും കണ്ടില്ല.. എനിക്ക് ഒന്നാം റാങ്ക് കിട്ടിയിട്ടും ആ പരിപാടി ഒരിക്കലും നടന്നില്ല.

Advertisement
inner ad

ജൂൺ 27നു വൈകുന്നേരം ടിവിയിൽ ‘മഹാനഗരം’ സിനിമ കണ്ടുകൊണ്ടിരിക്കുമ്പോഴായിരുന്നു വലിയൊരു സ്ഫോടനത്തിന്റെ ശബ്ദം കേട്ടത്. പേരറിയാത്ത എന്തോ ഭയം മനസിൽ നിറഞ്ഞു. അധികം വൈകാതെ കോൺഗ്രസ്സ് ഓഫീസ് സെക്രട്ടറിയായിരുന്ന എന്റെ സഹോദരൻ ഓടി വന്നു. ജീവിതത്തിൽ ഒരിക്കലും കേൾക്കരുതെന്നു പ്രാർഥിച്ചിരുന്ന ആ വാർത്ത അറിയിച്ചു. മംഗലാപുരത്തേക്ക് കൊണ്ടുപോകും വഴിയാണ് അവസാനമായി കണ്ണുകളടച്ചത്. കൃത്യമായി ആസൂത്രണം ചെയ്ത്, പിന്നാലെ നടന്ന്, തക്കം നോക്കി നടത്തിയ അരുംകൊലയായിരുന്നു അത്. ആ രാഷ്ട്രീയത്തിന്റെ ബാക്കിപത്രമാണല്ലോ പലയിടങ്ങളിലും ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നത്! സജിത്ത് ഏട്ടൻ എന്നോട് അവസാനമായി പറഞ്ഞത് പോലെ ‘പയ്യന്നൂർ നഗരം അതുവരെ കാണാത്ത ജനസഞ്ചയം’ തന്നെ ഗാന്ധി മൈതാനിയിലേക്കു‌ പിറ്റേന്ന് ഒഴുകി.. ചലനമറ്റ ആ ശരീരം കാണാൻ. ആ അഭിശപ്ത ദിവസത്തിന് ശേഷം കണ്ണ് നനയാതെ അമ്മയോടും കൃഷ്ണേട്ടനോടും അജിത് ഏട്ടനോടും പുഷ്‌പേച്ചിയോടും സംസാരിക്കാൻ എനിക്ക് കഴിഞ്ഞിരുന്നില്ല. കൃഷ്ണേട്ടനും പുഷ്പേച്ചിയും കത്തുകളിൽ കൂടി പങ്കിട്ട തീരാവേദനയുടെ ആഴം വാക്കുകളിൽ ഒതുങ്ങില്ല.

പത്രവാർത്തക്കപ്പുറം, ബോംബ് ചിതറിത്തെറിപ്പിച്ചത് ആ കുടുംബത്തെക്കൂടിയായിരുന്നു. വേദനകളില്ലാത്ത ലോകത്തേക്ക് പോകും വരെ കൃഷ്ണേട്ടനും ശാരദേച്ചിയും മകനെ ഓർത്ത് കരഞ്ഞു. കണ്ടുമുട്ടുന്ന ഓരോ കോൺഗ്രസ്സ് പ്രവർത്തകനിലും അവർ മകന്റെ മുഖം തിരഞ്ഞു. ഇരുപത്തൊൻപത് വർഷമായിട്ടും, എല്ലാ ദിവസവും ആ ചിരിക്കുന്ന മുഖം ഓർമ്മിക്കും. കാലത്തിനു ഒരിക്കലും മായ്ക്കാൻ പറ്റാത്ത മുറിവാണത്. അതിനുശേഷവും എത്രയോ ജീവനുകൾ അവർ ഇല്ലാതാക്കി. ഓരോ തിരഞ്ഞെടുപ്പിലും വേരുകൾ ശോഷിച്ചതല്ലാതെ അക്രമരാഷ്ട്രീയം കൊണ്ട് സിപിഎം എന്തങ്കിലും നേടിയോ? അവർ സ്വയം ചോദിക്കേണ്ടതാണ്. സജിത്ത് ലാൽ എന്ന ധീരനായ സഹോദരനെ ഓർക്കുമ്പോഴൊക്കെയും മനസിൽ വരുന്നത് ടാഗോറിന്റെ വരികളാണ്. ഗാന്ധിജിക്ക് ഏറെ ഇഷ്ടമായിരുന്ന ‘എക് ലാ ചലോ രേ’ എന്ന കവിതയുടെ വരികൾ..‘ഇരുണ്ട രാവിൽ, ഇടിമിന്നലിൽ,കൊടുംകാറ്റിൽ, ലോകം ഭയന്നു വിറക്കുമ്പോൾ നിന്റെ വിളി കേട്ട് ആരും തിരഞ്ഞു വന്നില്ലെങ്കിലും നീ സ്വയം ഒരു തീജ്വാലയാകുക..തനിയേ നടന്നു നീ പോവുക’.. ജീവിതത്തിലും മരണത്തിലും സ്വയം തീജ്വാലയായ ആ ദീപ്തമായ ഓർമകൾക്ക് മുന്നിൽ പ്രണാമം..

Advertisement
inner ad

Featured

മുനമ്പം: സർക്കാർ വർഗീയ ഭിന്നിപ്പിന് ശ്രമിക്കുന്നു: വി ഡി സതീശൻ

Published

on

കൊച്ചി: മുനമ്പം വിഷയത്തിൽ സംസ്ഥാന സർക്കാർ വർഗീയ ഭിന്നിപ്പിന് ശ്രമം നടത്തുന്നുവെന്നും അത് വിലപ്പോകില്ലെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. എറണാകുളം ഡിസിസിയുടെ നേതൃത്വത്തിൽ മുനമ്പം ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് നടത്തിയ ഐക്യദാർഢ്യ സദസ്സ് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുനമ്പം പോലെയുള്ള വിഷയങ്ങളിൽ എല്ലാകാലത്തും വർഗീയ മുതലെടുപ്പിനാണ് സിപിഎം ശ്രമിച്ചിട്ടുള്ളത്. 1987 അല്ല 2024 എന്ന് മുഖ്യമന്ത്രി പിണറായി വിജയനെ ഓർമിപ്പിക്കുകയാണ്. വർഗീയ ഭിന്നപ്പിന് സർക്കാർ ശ്രമിച്ചാൽ അതിന്റെ ഗുണഭോക്താക്കൾ സർക്കാർ ആയിരിക്കുകയില്ല. മുനമ്പത്തെ മുതലെടുത്താൽ അതിന്റെ ഗുണം ആർക്കാണ് ലഭിക്കുന്നതെന്ന് പിണറായിക്കും കൂട്ടർക്കും നന്നായി അറിയുന്നതാണ്. എന്നിട്ടും സംഘപരിവാറിന് വളരാനുള്ള സാഹചര്യം ബോധപൂർവ്വം ഒരുക്കുകയാണ് എങ്കിൽ അതിനുള്ള മറുപടി മുനമ്പത്തിലേയും കേരളത്തിലെയും ജനത നൽകും.

വിട്ടുവീഴ്ചയില്ലാത്ത മതേതര നിലപാടുമായി പ്രതിപക്ഷവും കോൺഗ്രസ്സും മുന്നോട്ടു പോകും. ഏതെങ്കിലും തെരഞ്ഞെടുപ്പിലെ വിജയത്തിനുവേണ്ടി മതേതര നിലപാടിൽ വെള്ളം ചേർക്കുകയില്ല. താൽക്കാലിക ലാഭത്തിനുവേണ്ടി വർഗീയ ചേരിക്കൊപ്പം കോൺഗ്രസ് നിൽക്കില്ല. കോൺഗ്രസ് ഏതെങ്കിലും ഘട്ടത്തിൽ വർഗീയതയോട് സന്ധി ചെയ്താൽ അത് നാടിന്റെ മതേതര ചുറ്റുപാടിന് തന്നെ ഭീഷണിയാകും. ഒരുതരത്തിലുള്ള ന്യൂനപക്ഷ വർഗീയതയും കോൺഗ്രസ് പ്രോത്സാഹിപ്പിക്കുകയില്ല. വിഭാഗീയതയുടെ രാഷ്ട്രീയം ആരു ഉയർത്തി കാട്ടിയാലും ഒന്നിപ്പിക്കലിന്റെ രാഷ്ട്രീയം കോൺഗ്രസ് പറയുക തന്നെ ചെയ്യും. മുനമ്പത്തെ സാധാരണക്കാരുടെ ന്യായമായ സമരത്തിൽ കോൺഗ്രസ് ഏതറ്റം വരെയും ഒപ്പം ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Advertisement
inner ad

ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അധ്യക്ഷനായിരുന്നു. പ്രൊഫസർ കെ അരവിന്ദാക്ഷൻ, ഡോ. എം സി ദിലീപ്കുമാർ, ടി എസ് ജോയ്, എംപിമാരായ ബെന്നി ബഹനാൻ, ഹൈബി ഈഡൻ, എഐസിസി സെക്രട്ടറി റോജി എം ജോൺ, എംഎൽഎമാരായ കെ ബാബു, ടി ജെ വിനോദ്, അൻവർ സാദത്ത്, ഉമ തോമസ്, കെപിസിസി വൈസ് പ്രസിഡന്റ് വി പി സജീന്ദ്രൻ, ജനറൽ സെക്രട്ടറിമാരായ ബി എ അബ്ദുൽ മുത്തലിബ്, ദീപ്തി മേരി വർഗീസ്, നേതാക്കളായ എൻ വേണുഗോപാൽ, കെ പി ധനപാലൻ, അജയ് തറയിൽ, ജയ്സൺ ജോസഫ്, കെ പി ഹരിദാസ്, ഐ കെ രാജു, ടോണി ചമ്മിണി, എം ആർ അഭിലാഷ്, തമ്പി സുബ്രഹ്മണ്യം, മനോജ് മൂത്തേടൻ, കെ കെ ഇബ്രാഹിംകുട്ടി, സുനില സിബി, മുനമ്പം സന്തോഷ്, എം എ ചന്ദ്രശേഖരൻ, ലൂഡി ലൂയിസ്, വികെ മിനിമോൾ, ബാബു പുത്തനങ്ങാടി, എംജെ ടോമി, ജോസഫ് ആൻറണി, അബ്ദുൽ ലത്തീഫ്, ടിറ്റോ ആൻറണി, സേവിയർ തയങ്കരി, കെ എം പരീത് തുടങ്ങിയവർ സംസാരിച്ചു.

Advertisement
inner ad
Continue Reading

Featured

അടിച്ചാൽ തിരിച്ചടിച്ചില്ലെങ്കിൽ പ്രസ്ഥാനം നിൽക്കില്ല: വിവാദ പ്രസംഗവുമായി എം.എം.മണി

Published

on

മൂന്നാർ: ആരെങ്കിലും അടിച്ചാൽ തിരിച്ചടിക്കണമെന്നും അല്ലെങ്കിൽ പ്രസ്ഥാനം നിലനിൽക്കില്ലെന്നുമുള്ള വിവാദ പ്രസംഗവുമായി സിപിഎം നേതാവ് എംഎംമണി. താൻ ഉൾപ്പെടെയുള്ള നേതാക്കന്മാർ നേരിട്ട് അടിച്ചിട്ടുണ്ട്. എന്നാൽ അടി കൊടുക്കുകയാണെന്നലിലും ജനങ്ങൾ കേൾക്കുമ്പോൾ തിരിച്ചടിച്ചത് നന്നായി എന്നു പറയണമെന്നും ശാന്തൻപാറ ഏരിയ സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് എം.എം.മണി പറഞ്ഞു.

‘‘ അടിച്ചാൽ തിരിച്ചടിച്ചില്ലെങ്കിൽ പ്രസ്ഥാനം നിൽക്കില്ല. നമ്മളെ അടിച്ചാൽ തിരിച്ചടിക്കുക, പ്രതിഷേധിക്കുക. പ്രതിഷേധിച്ചില്ലെങ്കിൽ തിരിച്ചടിക്കുക. പ്രതിഷേധിക്കുന്നത് എന്തിനാണ്. ആളുകളെ നമ്മുടെ കൂടെ നിർത്താനാണ്. തിരിച്ചടിക്കുക.. ചെയ്തത് നന്നായെന്ന് ആളുകളെ കൊണ്ട് പറയിപ്പിക്കുക. അടിച്ചാൽ തിരിച്ചടിച്ചില്ലെങ്കിൽ തല്ലു കൊണ്ട് ആരോഗ്യംപോകും.

Advertisement
inner ad

അടിച്ചാൽ തിരിച്ചടിക്കണം. ഇവിടെയിരിക്കുന്ന നേതാക്കൾ ഞാനടക്കം നേരിട്ട് അടിച്ചിട്ടുണ്ട്. അല്ലാതെ സൂത്രപ്പണി കൊണ്ട് പ്രസംഗിക്കാൻ നടന്നാൽ പ്രസ്ഥാനം കാണില്ല. അടി കൊടുത്താലും ജനം കേൾക്കുമ്പോൾ ശരി എന്നു പറയണം. ശരിയായില്ല എന്നു ജനം പറഞ്ഞാൽ ശരിയായില്ല. ജനം ശരി എന്നു പറയുന്ന മാർഗം സ്വീകരിക്കണം. അല്ലെങ്കിൽ പ്രസ്ഥാനം ദുർബലപ്പെടും.’’–എം.എം.മണി പറഞ്ഞു.

Advertisement
inner ad
Continue Reading

Featured

കേരളത്തില്‍ മുട്ട വിലയില്‍ വര്‍ധന

Published

on

സംസ്ഥാനത്ത് മുട്ട വിലയില്‍ വര്‍ധന. മുട്ടയൊന്നിന് 25 പൈസ വരെയാണ് കൂടിയത്. ക്രിസ്തുമസ് സീസൺ അടുത്തതുകൊണ്ട് തന്നെ ആവശ്യകത കൂടിയതും ഉത്പാദനത്തിലെ കുറവുമാണ് വില വര്‍ധിക്കാന്‍ കാരണം. കേരളത്തിലേക്ക് പ്രധാനമായും മുട്ട വരുന്നത് തമിഴ്‌നാട്ടിലെ നാമക്കല്ലില്‍ നിന്നാണ്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി വിദേശ രാജ്യങ്ങളിലേക്ക് മുട്ട കയറ്റുമതി ചെയ്യുന്നതും വില വർധിക്കാൻ കാരണമായിട്ടുണ്ട്. സംസ്ഥാനത്ത് 6.90 രൂപ മുതലാണു ചില്ലറവില്‍പന വില. തമിഴ്‌നാട്ടില്‍ മുട്ടയുടെ അടിസ്ഥാനവില 5.65 രൂപയില്‍ നിന്ന് 5.90 രൂപയായി നിശ്ചയിച്ചു. ഓഗസ്റ്റില്‍ സംസ്ഥാന സര്‍ക്കാര്‍ മുട്ടയ്ക്ക് എന്‍ട്രി ഫീ ഏര്‍പ്പെടുത്തിയിരുന്നു. ഒരു മുട്ടയ്ക്ക് 2 പൈസ വീതമാണ് എന്‍ട്രി ഫീ ഈടാക്കുന്നത്. സര്‍ക്കാരിന് അധികവരുമാനം ലഭിക്കുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ ഫീ ഏര്‍പ്പെടുത്തിയത്.

Continue Reading

Featured