സായിറാം ഭട്ട് അന്തരിച്ചു, വിടവാങ്ങിയത് മുന്നൂറോളം പേർക്കു വീട് നൽകിയ ജീവകാരുണ്യ പ്രവർത്തകൻ

കാസർകോട്‌ : സാമൂുഹ്യ പ്രവർത്തകനും നിർധനർക്ക് പാർപ്പിടം നൽകി ജനകീയനുമായി മാറിയ ജീവകാരുണ്യ പ്രവർത്തകൻ ഗോപാലകൃഷ്ണ ഭട്ടെന്ന സായിറാം ഭട്ട് (85) അന്തരിച്ചു. ബദിയഡുക്ക കിളിങ്കാർ നടുമനയിലെ വീട്ടിൽ വാർധക്യ സഹജമായ അസുഖത്തെത്തുടർന്നു വിശ്രമത്തിലായിരുന്നു. സംസ്കാരം ഇന്നു വൈകുന്നേരം.
നിർധനരായ മുന്നൂറിൽപ്പരം പേർക്ക് അദ്ദേഹം സ്വന്തനിലയ്ക്കു വീട് വച്ചു നൽകി. പാരമ്പര്യ വൈദ്യവും കൃഷിയും സാമൂഹ്യ പ്രവർത്തനവുമായി ബദയിടുക്ക മേഖലയിൽ സജീവമായിരുന്നു. 1995ൽ കാലവർഷക്കെടുതിയിൽ വീടു തകർന്ന സീതാംഗോളിയിലെ അബ്ബാസിന്‌ വീട്‌ നിർമിച്ച്‌ നൽകിയാണ്‌ സേവന ജീവിതം ആരംഭിച്ചത്‌. കുടുംബസമേതം കാശിക്ക്‌ പോകാൻ സ്വരൂപിച്ച തുക കൊണ്ടാണ്‌ വീട്‌ പണിതത്‌. കനത്ത മഴയിൽ വീടിന്‌ മുന്നിൽ സഹായം അഭ്യർഥിച്ചാണ്‌ അബ്ബാസ്‌ എത്തിയത്‌. കാറ്റിൽ പറന്നുപോയ വീടിന്റെ മേൽക്കൂര നന്നാക്കാൻ, തോട്ടത്തിലെ കവുങ്ങ്‌ വെട്ടി നൽകണം എന്നായിരുന്നു അബ്ബാസിന്റെ അഭ്യർഥന. എന്നാൽ സായിറാം ഭട്ട്‌, വീടിന്റെ നിർമാണ ചുമതല തന്നെ ഏറ്റെടുത്ത്‌, പുതിയ വീട്‌ നിർമിച്ചു നൽകി.
അമ്പതാം വയസിൽ തുടങ്ങിയ സേവന ജീവിതം മുന്നുറോളം പേർക്ക്‌ തണലായി. ഗുണമേന്മ ഉറപ്പാക്കാൻ പറ്റാത്തതിനാൽ നിർമാണച്ചുമതല മറ്റാരെയും ഏല്പിക്കാതെ തൊഴിലാളികളോടൊപ്പം നിന്ന് വീട് പണിതു. കഷ്ടപ്പെടുന്നവരെ കണ്ടെത്തി ചുറ്റുപാടുകൾ മനസ്സിലാക്കിലാക്കിയായിരുയിരുന്നു ഓരോ വീടും സായിറാം നിർമിച്ച് നൽകിയത്‌. വീടിനുള്ള മരപ്പണി ഏറ്റെടുത്ത്‌ നടത്താൻ വീടിനടുത്ത്‌ തന്നെ മരനിർമാണശാലയും നടത്തി. നിരവധി കുടിവെള്ളപദ്ധതികൾ നൂറിലധികം വീടുകളുടെ വൈദ്യുതീകരണം, നിരവധി യുവതികളുടെ കല്യാണത്തിന്‌ സഹായം , വീട് വെക്കാൻ ഭൂമി, സ്‌കൂൾ കുട്ടികൾക്ക് യൂണിഫോം, പുസ്തകം, മെഗാ മെഡിക്കൽ ക്യാമ്പുകൾ തുടങ്ങി ഒട്ടേറെ ജീവകാരുണ്യ പ്രവർത്തനങ്ങളും അദ്ദേഹം ചെയ്‌തു.
ഭാര്യ: സുബ്ബമ്മ, മക്കൾ: കൃഷ്‌ണഭട്ട്‌ (ബദിയഡുക്ക പഞ്ചായത്ത്‌ മുൻ പ്രസിഡന്റ്‌, പഞ്ചായത്തംഗം), ശ്യാമള , മരുമക്കൾ: ഷീലാ കെ ഭട്ട്‌, ഈശ്വരഭട്ട്‌

Related posts

Leave a Comment