ബുദ്ധിശക്തിയിൽ അത്ഭുതം തീർത്തൊരു കൊച്ചു മിടുക്കി ; സാഹിത്യയെ പരിചയപ്പെടാം

ചിറ്റൂർ :ഓർമശക്തികൊണ്ടും ബുദ്ധിശക്തികൊണ്ടും അത്ഭുതം തീർത്തൊരു കൊച്ചു മിടുക്കിയെ പരിചയപ്പെടാം. സാഹിത്യ മഹേഷ് എന്ന നല്ലേപ്പിള്ളി കമ്പിളിചുങ്കത്തെ രണ്ടര വയസുകാരിക്കാണ് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിന്റെ അംഗീകാരം ലഭിച്ചത്. ലോകത്തെ അമ്പതോളം രാജ്യങ്ങളുടെയും അതിന്റെ തലസ്ഥാനങ്ങളുടെയും പേരുകൾ സാഹിത്യക്ക് കാണാപ്പാഠമാണ്. അതിനു പുറമെ ഇന്ത്യൻ പ്രധാനമന്ത്രിമാരുടെ പേരുകളും ഗ്രഹങ്ങൾ ഭൂഖണ്ഡങ്ങൾ എന്നിവയുടെ പേരുകളും സാഹിത്യക്ക് കാണാപ്പാഠമാണ്.

മാസങ്ങൾക്ക് മുമ്പാണ് സാഹിത്യക്ക് ഇത്തരത്തിലൊരു കഴിവുള്ളത് രക്ഷകർത്താക്കൾ തിരിച്ചറിയുന്നത്. രക്ഷകർത്താക്കൾ സംഭാഷണത്തിൽ പറയുന്ന സ്ഥലങ്ങളും വാക്കുകളും ദിവസങ്ങൾ കഴിഞ്ഞും കുട്ടി ആവർത്തിച്ച് പറയുന്നതായി മനസ്സിലാക്കിയപ്പോഴാണ് ഈ കഴിവ് തിരിച്ചറിഞ്ഞത്.

സാഹിത്യയുടെ കഴിവ് തിരിച്ചറിഞ്ഞ രക്ഷകർത്താക്കൾ അഞ്ഞൂറോളം ചിത്രങ്ങളും വാക്കുകളും ഉള്ള ഇംഗ്ലീഷ് പുസ്തകം വാങ്ങി നൽകുകയായിരുന്നു. ചുരുങ്ങിയ നാളുകൾ കൊണ്ട് സാഹിത്യ അതും മനപ്പാഠമാക്കി പറയുകയുണ്ടായി. ഇതിന് പുറമേ പാട്ടുകൾ കേൾക്കുകയും കേൾക്കുന്ന പാട്ടുകൾ പിന്നീട് തുടരെ പാടുകയും ചെയ്യാറുണ്ട്.

അച്ഛൻ മഹേഷ് ബാംഗ്ലൂരിൽ ഐടി ഉദ്യോഗസ്ഥനാണ്. അമ്മ നിശാന്തി പാലക്കാട് സർക്കാർ പോളിടെക്നിക് കോളേജിൽ ഗസ്റ്റ് അധ്യാപികയാണ്. നല്ലേപ്പിള്ളി കമ്പിളിചുങ്കം ശാന്തിനികേതനിൽ റിട്ട. പ്രധാനാദ്ധ്യപകൻ ഗണപതിയുടെയും മോഹനകുമാരിയുടെയും പേരമകളാണ് ഈ കൊച്ചു മിടുക്കി.

Related posts

Leave a Comment