‘സാബു ജേക്കബ് ഒഴിഞ്ഞുമാറാന്‍ ശ്രമിക്കേണ്ട’ ; വിമര്‍ശനവുമായി കേരളാ പോലീസ് ഓഫീസേഴ്സ് അസോസിയേഷന്‍

കിഴക്കമ്ബലം ആക്രമണവുമായി ബന്ധപ്പെട്ട് കിറ്റെക്സ് ചെയര്‍മാന്‍ സാബു ജേക്കബിനെതിരെ വിമര്‍ശനവുമായി കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷന്‍.സാബു ജേക്കബിന്റെ പേര് എടുത്ത് പറയാതെയായിരുന്നു വിമര്‍ശനം. കേരളത്തില്‍ എത്തുന്ന തൊഴിലാളികളുടെ തൊഴിലുടമകള്‍ക്ക് അവരുടെ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ കഴിയില്ല. സ്വന്തം സ്ഥലം നല്‍കി താമസിപ്പിക്കുന്നവര്‍ എവിടെ നിന്നോ മയക്കുമരുന്ന് ഉപയോഗിച്ച്‌ അക്രമം നടത്തുകയായിരുന്നു എന്ന് നടത്തിയ പ്രതികരണം തള്ളിക്കളയേണ്ടതാണെന്നും കേരളാ പോലീസ് ഓഫീസേഴ്സ് അസോസിയേഷന്‍ പ്രസ്താവനയില്‍ അറിയിച്ചു.

നേരത്തെ എംഎല്‍എ ശ്രീനിജനും സാബു ജേക്കബിനെതിരെ വിമര്‍ശനം ഉന്നയിച്ചിരുന്നു. കിഴക്കമ്ബലത്ത് അതിഥി തൊഴിലാളികള്‍ പൊലീസിനെ ആക്രമിച്ച സംഭവത്തിന്റെ പൂര്‍ണ ഉത്തരവാദിത്വം കിറ്റക്‌സ് കമ്ബനിക്കെന്ന് കുന്നത്തുനാട് എംഎല്‍എ കുറ്റപ്പെടുത്തി. കിറ്റക്‌സ് മാനേജ്‌മെന്റിന്റെ ഭാഗത്തു നിന്നും വീഴ്ചയുണ്ടായിട്ടുണ്ടൊയെന്ന് പരിശോധിക്കണമെന്നും കമ്ബനിക്കെതിരെ കേസ് എടുക്കണമെന്നും ശ്രീനിജന്‍ ആവശ്യപ്പെട്ടു.

കമ്ബനിയുടെ തൊഴിലാളികള്‍ താമസിക്കുന്ന ക്യാമ്ബില്‍ നടന്ന തര്‍ക്കമാണ് പിന്നീട് പുറത്തേക്ക് വ്യാപിച്ചത്. അവിടെയുളള അതിഥി തൊഴിലാളികള്‍ അഞ്ചു പേര്‍ക്ക് കഴിയാവുന്ന കൂരകളില്‍ പത്തും പതിനഞ്ചും പേരുമായി തിങ്ങി പാര്‍ക്കുകയാണ്. അവര്‍ക്കിടയിലുണ്ടായ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ കമ്ബനി പരാജയപ്പെട്ടുവെന്നും എംഎല്‍എ വിമര്‍ശിച്ചു.

കേരളാ പോലീസ് ഓഫീസേഴ്സ് അസോസിയേഷന്‍ പ്രസ്താവന

ഇന്നലെ രാത്രി കിഴക്കമ്ബലത്ത് പോലീസിന് നേരേ ഉണ്ടായ ആക്രമണത്തെ ശക്തമായി തന്നെ അപലപിക്കുന്നു. അന്യ സംസ്ഥാനങ്ങളില്‍ നിന്ന് തൊഴില്‍ ചെയ്യാന്‍ കേരളത്തില്‍ എത്തുന്നവരെ അര്‍ഹമായ അംഗീകാരം നല്‍കി അതിഥി തൊഴിലാളികളായി പരിഗണിക്കുന്ന നാടാണ് കേരളം. ഇങ്ങനെ കേരളത്തില്‍ എത്തിയവരെ ലോക്ഡൗണ്‍ കാലഘട്ടത്തില്‍ മൂന്ന് നേരം ഭക്ഷണം ഉള്‍പ്പെടെ നല്‍കി സംരക്ഷണം നല്‍കിയ നാട് കൂടിയാണ് കേരളം. പല രൂപത്തില്‍ കേരളത്തില്‍ ഇവര്‍ ജോലി ചെയ്തു വരുന്നു. അതില്‍ ചില മുതലാളിമാര്‍ അവരുടെ സ്ഥാപനത്തിലെ ജോലിക്കായി റിക്രൂട്ട് ചെയ്ത് വാസസ്ഥലം അടക്കം അനുവദിച്ച്‌ തൊഴിലെടുപ്പിക്കുന്നുണ്ട്. അത്തരം സ്ഥലങ്ങളിലെ തൊഴിലാളികളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം ആ തൊഴിലുടമകള്‍ക്കാണ്. ഇത്തരത്തില്‍ കേരളത്തില്‍ എത്തുന്ന തൊഴിലാളികളുടെ തൊഴിലുടമകള്‍ക്ക് അവരുടെ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ കഴിയില്ല. സ്വന്തം സ്ഥലം നല്‍കി താമസിപ്പിക്കുന്നവര്‍ എവിടെ നിന്നോ മയക്കുമരുന്ന് ഉപയോഗിച്ച്‌ അക്രമം നടത്തുകയായിരുന്നു എന്ന് നടത്തിയ പ്രതികരണം തള്ളിക്കളയേണ്ടതാണ്.

സ്വന്തം ലേബര്‍ ക്യാമ്ബില്‍ മദ്യവും മയക്കുമരുന്നും ഉപയോഗിച്ച്‌ തമ്മിലടിക്കുന്നതായി നാട്ടുകാര്‍ പോലീസിനെ വിവരം അറിയച്ചതനുസരിച്ചാണ് പോലീസ് സംഘം അവിടെ എത്തിയത്. ഇങ്ങനെ ക്രമസമാധാനം ഉറപ്പാക്കാന്‍ അവിടെ എത്തിയ പോലീസുദ്യോഗസ്ഥന്മാരെ മൃഗീയമായി ആക്രമിക്കുകയും രണ്ട് പോലീസ് വാഹനങ്ങള്‍ പൂര്‍ണ്ണമായും തകര്‍ക്കുകയും കത്തിക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ അഞ്ച് പോലീസ് ഉദ്യോഗസ്ഥര്‍ ചികിത്സയിലാണ്. ഈ അനുഭവത്തെ കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷന്‍ ഗൗരവമായി കാണുന്നു. ഈ സംഭവത്തില്‍ കൃത്യമായ അന്വേഷണം നടത്തുന്നുണ്ട്.

ഇനിയും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ പാടില്ല. കേരളത്തില്‍ എത്തി വിവിധതരം ജോലികള്‍ ചെയ്തുവരുന്ന തൊഴിലാളികളുടെ ഭാഗത്ത് നിന്ന് ചില കുറ്റകൃത്യങ്ങള്‍ ഉണ്ടാകാറുണ്ട്. എന്നാല്‍ സംഘടിതമായി പോലീസിനെ തന്നെ ആക്രമിക്കുന്ന, പോലീസ് വാഹനങ്ങള്‍ തകര്‍ക്കുന്ന, കത്തിക്കുന്ന അനുഭവം ഇതാദ്യമാണ്. അന്യസംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തില്‍ എത്തി, സംഘടിതമായി ഇത്തരം ഒരു ആക്രമണം നടത്താന്‍ എങ്ങനെ ഇവര്‍ക്ക് കഴിഞ്ഞു എന്നതും, എന്താണ് അതിന് അവര്‍ക്ക് ധൈര്യം നല്‍കിയത് എന്നതും കൃത്യമായി അന്വേഷണ പരിധിയില്‍ വരേണ്ടതാണ്.

Related posts

Leave a Comment